Kerala

അഴിക്കോട് നിയമസഭാ തിരഞ്ഞെടുപ്പ് കേസ്; കെഎം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രിംകോടതി

അഴിക്കോട് നിയമസഭാ തിരഞ്ഞെടുപ്പ് കേസ്; കെഎം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രിംകോടതി
X

ന്യൂഡല്‍ഹി: അഴിക്കോട് നിയമസഭാ തിരഞ്ഞെടുപ്പ് കേസില്‍ മുസ് ലിം ലീഗ് നേതാവ് കെഎം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രിംകോടതി. ഹൈക്കോടതിയുടെ ഉത്തരവ് അധികാര പരിധിക്ക് പുറത്തുള്ളതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഷാജിക്ക് എതിരായ കണ്ടെത്തലുകള്‍ നിലവില്‍ പ്രസക്തമല്ലെന്നും അതിലേക്ക് കടക്കുന്നില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. വിലക്ക് ഒഴിവായത്തോടെ കെഎം ഷാജിക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാം.

കേസിലെ കെഎം ഷാജിയുടെ അപ്പീലും ഷാജിക്കെതിരെ എം വി നികേഷ് കുമാര്‍ നല്‍കിയ ഹരജിയുമാണ് ജസ്റ്റിസ് ബി വി നാഗരത്‌ന അധ്യക്ഷയായ ബെഞ്ച് പരിഗണിച്ചത്. തിരഞ്ഞെടുപ്പ് ഹരജിയിലെ മറ്റ് ആവശ്യങ്ങള്‍ അപ്രസക്തമായെങ്കിലും ഷാജിക്ക് ഹൈകോടതി വിധിച്ച അയോഗ്യത പ്രാബല്യത്തിലാക്കണമെന്നായിരുന്നു നികേഷ് കുമാറിന്റെ ആവശ്യം.കേസില്‍ നേരത്തെ കേരള ഹൈക്കോടതി വിധിച്ച അയോഗ്യതയ്ക്ക് എതിരെ കെഎം ഷാജി നല്‍കിയ അപ്പീലില്‍ സുപ്രിംകോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആറു വര്‍ഷത്തെ അയോഗ്യത വിധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തിരുന്നു.

എംഎല്‍എയായി തുടരാമെങ്കിലും വോട്ടിങ്ങിന് അനുവാദമില്ലെന്നത് ഉള്‍പ്പടെയുള്ള ഉപാധികളോടെയായിരുന്നു സ്റ്റേ. 2016ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഷാജിക്ക് വിധിച്ച അയോഗ്യത ഇപ്പോഴും നിലനില്‍ക്കുകയാണെന്ന് എം വി നികേഷ്‌കുമാറിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പി വി ദിനേശ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതേതുടര്‍ന്ന്, അയോഗ്യതാവിഷയത്തില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് ഉജ്വല്‍ഭുയാന്‍ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് അറിയിക്കുകയായിരുന്നു.



Next Story

RELATED STORIES

Share it