Kerala

കേരള പൊതുജനാരോഗ്യ ബില്ലില്‍ ആയുഷ് മേഖലയ്ക്ക് പ്രാധാന്യം നല്‍കണം: ആയുഷ് ഐക്യ വേദി

ആധുനിക വൈദ്യശാസ്ത്രത്തിനൊപ്പം ആയുര്‍വേദം,ഹോമിയോ, യുനാനി, യോഗ, സിദ്ധ തുടങ്ങിയ ഇതര ചികില്‍സാ സമ്പ്രദായങ്ങള്‍ കേരളത്തെ പൊതുജനാരോഗ്യ സൂചികയില്‍ മുന്‍പന്തിയില്‍ എത്തിച്ചതില്‍ ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ട്

കേരള പൊതുജനാരോഗ്യ ബില്ലില്‍ ആയുഷ് മേഖലയ്ക്ക് പ്രാധാന്യം നല്‍കണം: ആയുഷ് ഐക്യ വേദി
X

കൊച്ചി: പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഏകീകരിക്കുന്നതിനും പൊതുജനാരോഗ്യ സംവിധാനം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന കേരള പൊതുജനാരോഗ്യ ബില്ലില്‍ ആയുഷ് മേഖലയ്ക്ക് മതിയായ പ്രാധാന്യം നല്‍കണമെന്ന് ആയുഷ് ഐക്യവേദി ചെയര്‍മാന്‍ ഡോ. വിജയന്‍ നങ്ങേലില്‍, ഡോ. ഉണ്ണികൃഷ്ണന്‍ ഇട്ടൂഴി, കണ്‍വീനര്‍, ഡോ. അബില്‍ മോഹന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ആയുഷ് മേഖലയിലെ ഔദ്യോഗിക പ്രഫഷണല്‍ സംഘടനകള്‍ യോജിച്ച് രൂപീകരിച്ച ആയുഷ് ഐക്യവേദിയില്‍ എ എച്ച് എം എ (ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍), ഐ എച്ച് എം എ (ഇന്ത്യന്‍ ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷന്‍), എസ് ഐ എം എ ഐ( സിദ്ധ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ), എ എം എം ഒ ഐ (ആയുര്‍വേദ മെഡിസിന്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍), കെ യു എം എ (കേരള യുനാനി മെഡിക്കല്‍ അസോസിയേഷന്‍) ഐ എന്‍ വൈ ജി എം എ( ഇന്ത്യന്‍ നാചുറോപ്പതി ആന്‍ഡ് യോഗ ഗ്രാഡ്ജുവേറ്റ്‌സ് മെഡിക്കല്‍ അസോസിയേഷന്‍ ) എന്നിവര്‍ അംഗങ്ങളാണ്.

ആധുനിക വൈദ്യശാസ്ത്രത്തിനൊപ്പം ആയുര്‍വേദം,ഹോമിയോ, യുനാനി, യോഗ, സിദ്ധ തുടങ്ങിയ ഇതര ചികില്‍സാ സമ്പ്രദായങ്ങള്‍ കേരളത്തെ പൊതുജനാരോഗ്യ സൂചികയില്‍ മുന്‍പന്തിയില്‍ എത്തിച്ചതില്‍ ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ട്. ചിക്കന്‍ഗുനിയ അടക്കമുള്ള പകര്‍ച്ച വ്യാധികള്‍ നിയന്ത്രിക്കുന്നതില്‍ ആയുഷ് മേഖല വഹിച്ച പങ്ക് ശ്രദ്ധേയമാണ്. കൊവിഡ് മഹാമാരിയെ നേരിടുന്നതിലും ആയുഷ് വകുപ്പ് പ്രത്യേകം പ്രോട്ടോക്കോള്‍ ഉണ്ടാക്കുകയും സംസ്ഥാന തലത്തില്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ആയുഷ് ചികില്‍സാ രീതിയുടെ പ്രാധാന്യം വ്യക്തമായിരിക്കെ പുതിയ പൊതുജനാരോഗ്യ ബില്ലില്‍ ആധുനിക വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ധരെ മാത്രം മുന്‍നിര്‍ത്തി പൊതുജനാരോഗ്യ വിഷയങ്ങളില്‍ ഇടപെടാന്‍ ശ്രമിക്കുന്നത് പൊതുജനാരോഗ്യ പരിപാലന പുരോഗതിക്ക് തടസം സൃഷ്ടിക്കുമെന്ന് ഐക്യവേദി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. ചികിത്സ രംഗത്ത് ഭാവിയില്‍ ജനങ്ങള്‍ക്ക് ഒട്ടേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. പൊതുജനാരോഗ്യ രംഗത്ത് ഇതര വൈദ്യ സമ്പ്രദായങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്ന സേവനങ്ങളെ പുതിയ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവന്നിട്ടില്ല. രാജ്യാന്തര തലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള യോഗ ഉള്‍പ്പെടുന്ന ആയുഷ് വിഭാഗത്തിന് ആവശ്യമായ പരിഗണന ബില്ലില്‍ നല്‍കിയിട്ടില്ല.

ആയുഷ് വൈദ്യശാസ്ത്രങ്ങളുടെ പാഠ്യ പദ്ധതിയില്‍ ആധുനിക വൈദ്യശാസ്ത്രത്തിലെ സോഷ്യല്‍ ആന്‍ഡ് പ്രിവന്റീവ് മെഡിസിന്‍ കൂടി ഉള്‍പ്പെടുന്നുണ്ട്. ഈ പാഠ്യപദ്ധതി പഠിച്ച് പരിശീലനം നേടിയവരാണ് ആയുഷ് ചികിത്സകര്‍. നിലവിലുള്ള ദേശീയ പാഠ്യപദ്ധതിയനുസരിച്ച് ആയുഷ് മേഖലയിലുള്ള വൈദ്യശാസ്ത്ര ബിരുദധാരികള്‍ ആധുനിക ശാസ്ത്ര സാങ്കേതിക ജ്ഞാനമുള്ളവരും എല്ലാ ദേശീയാരോഗ്യ പരിപാടികളിലും പ്രാവീണ്യം നേടിയിട്ടുള്ളവരുമാണ്. കേരളത്തിലെ ജനങ്ങളില്‍ 60 ശതമാനത്തിലധികം സ്ഥിരമായി ആയുഷ് ചികിത്സാ ശാസ്ത്രങ്ങളെ ആശ്രയിക്കുന്നവരാണ്. ആയുര്‍വേദം, സിദ്ധ, ഹോമിയോ, യൂനാനി, യോഗ തുടങ്ങി എല്ലാ ചികിത്സ ശാസ്ത്രങ്ങളെയും ആധുനിക വൈദ്യ ശാസ്ത്രത്തിനൊപ്പം അര്‍ഹമായ പരിഗണന നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.ബില്ലിലെ നിരീക്ഷണം പഠിച്ച ശേഷം തയാറാക്കിയ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.കേരള പൊതുജനാരോഗ്യ ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന പൊതുജനാരോഗ്യ അധികാരി എന്നത് ഒഴിവാക്കണമെന്ന് ഐക്യവേദി ഭാരവാഹികള്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു.

കേരളത്തിന്റെ പൊതുജനാരോഗ്യത്തിന്റെ സര്‍വാധിപതിയായി ഒരു ചികില്‍സ ശാസ്ത്രത്തിന്റെ മാത്രം വക്താവായ അധികാരിയെ നിയമിക്കുന്നത് ഭാവിയില്‍ ആരോഗ്യരംഗത് ഏകപക്ഷീയമായ നടപടികള്‍ക്കും അധികാര ദുര്‍വിനിയോഗത്തിനും കാരണമാകും. 1955 ലെ പൊതുജനാരോഗ്യ ആക്റ്റിലെ പൊതുജനാരോഗ്യ ഉപദേശക സമിതിയുടെ മാതൃകയില്‍ സംസ്ഥാനതലത്തില്‍ ഒരു പൊതുജനാരോഗ്യ സമിതി രൂപീകരിക്കണമെന്നും ഐക്യവേദി നേതാക്കള്‍ ആവശ്യപ്പെട്ടു. എല്ലാ വൈദ്യശാസ്ത്രങ്ങള്‍ക്കും തുല്യ പ്രാധാന്യം ലഭിക്കുന്ന തരത്തില്‍ ഹെല്‍ത്ത് ഓഫീസര്‍ എന്ന നിര്‍വചനം തിരുത്തണം.

ബില്ലില്‍ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തകന്‍ എന്ന പദത്തെ വ്യാഖ്യാനിക്കുമ്പോള്‍ ഫിസിഷ്യന്‍ എന്നതിന് പകരം അലോപ്പതി, ആയുഷ് വിഭാഗത്തിലെ ഡോക്ടര്‍മാര്‍ എന്ന് മാറ്റം വരുത്തണം. പകര്‍ച്ച വ്യാധിയില്‍ നിന്ന് ഒരാള്‍ മുക്തനായി എന്നത് സര്‍ട്ടിഫൈ ചെയ്യുന്നതിന് മോഡേണ്‍ മെഡിസിന്‍ പ്രാക്ടീസ് ചെയ്യുന്ന രജിസ്‌റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ എന്ന പദം ഒഴിവാക്കി പകരം രജിസ്‌റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ എന്നാക്കണം. ലോകം മുഴുവന്‍ വണ്‍ ഹെല്‍ത്ത് എന്ന വിശാലമായ ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോള്‍ ആയുഷ് വിഭാഗത്തെ പൊതുജനാരോഗ്യ സംവിധാനത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ആയുഷ് വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തി ബില്‍ പരിഷ്‌കരിക്കണമെന്നും ഐക്യവേദി ആവശ്യപ്പെട്ടു.ഡോ. ദീപു, ജിഷ്ണു രവീന്ദ്രനാഥ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it