Gulf

വാഹനാപകടക്കേസ്: ജയിലിലായിരുന്ന മലയാളി യുവാവ് മോചിതനായി

നെടുമങ്ങാട് പനവൂര്‍ തടത്തരികത്ത് വീട്ടില്‍ താജുദ്ദീനാണ്(37) സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം ജയില്‍ മോചിതനായയത്.

വാഹനാപകടക്കേസ്: ജയിലിലായിരുന്ന മലയാളി യുവാവ് മോചിതനായി
X

ജുബൈല്‍: വാഹനമിടിച്ച് ചൈനീസ് പൗരന്‍ മരണപ്പെട്ട കേസില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ജുബൈല്‍ ജയിലില്‍ കഴിയുകയായിരുന്ന തിരുവനന്തപുരം സ്വദേശിക്ക് മോചനം. നെടുമങ്ങാട് പനവൂര്‍ തടത്തരികത്ത് വീട്ടില്‍ നൂഹ്-ഹവ്വാ ഉമ്മ ദമ്പതികളുടെ മകന്‍ താജുദ്ദീനാണ് (37)സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം ജയില്‍ മോചിതനായി നാട്ടിലെത്തിയത്. കഴിഞ്ഞ 5 വര്‍ഷമായി ജുബൈലിലെ ഒരു പ്രമുഖ കോണ്‍ട്രാക്റ്റിങ് കമ്പനിയില്‍ ബസ് െ്രെഡവറായി ജോലി ചെയ്തുവരവെ 2016 സെപ്തംബറിലാണ് അപകടമുണ്ടായത്. കമ്പനി ക്യാംപില്‍ നിന്ന് തൊഴിലാളികളെ കൊണ്ടുപോവാനായി രാവിലെ വാഹനം സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടെടുക്കവെ, സമീപത്തുണ്ടായിരുന്ന ചൈനീസ് തൊഴിലാളി പിന്‍ഭാഗത്തെ ടയറിനടിയിലേക്ക് വീഴുകയായിരുന്നു. ശരീരത്തിലൂടെ ടയര്‍ കയറിയിറങ്ങിയ തൊഴിലാളിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരണപ്പെടുകയായിരുന്നു.

അന്നു തന്നെ പോലിസിന്റെ നിര്‍ദേശപ്രകാരം സാമൂഹിക പ്രവര്‍ത്തകരായ മുസ്തഫ മൗലവി, നാസര്‍ കൊടുവള്ളി എന്നിവര്‍ താജുദ്ദീനെ ജുബൈല്‍ ട്രാഫിക് പോലിസില്‍ ഹാജരാക്കിയെങ്കിലും ഹെവി ലൈസന്‍സ്, ഇന്‍ഷുറന്‍സ്, മറ്റു രേഖകള്‍ എന്നിവ കൃത്യമായുള്ളതിനാലും പോലിസ് ആവശ്യപ്പെടുന്ന ഏത് സമയത്തും ഹാജരാക്കിക്കൊള്ളാം എന്ന വ്യവസ്ഥയിലും ജാമ്യത്തില്‍ ഇവരുടെ കൂടെ അയക്കുകയായിരുന്നു. പിന്നീട് അദ്ദേദഹം ലീവിന് നാട്ടില്‍ പോയി വന്നെങ്കിലും മരണപ്പെട്ട ചൈനീസ് പൗരന്റെ നഷ്ടപരിഹാരത്തുക മുഴുവനും കിട്ടാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന ബന്ധുക്കളുടെ നിലപാടാണ് ഒരു വര്‍ഷത്തിലധികം ഇദ്ദേഹത്തെ ജയില്‍വാസത്തിനു കാരണമായത്. നഷ്ടപരിഹാരത്തിനായി ഇന്‍ഷുറന്‍സ് കമ്പനിയുമായി കേസ് നീണ്ടുപോയത് ഇദ്ദേഹത്തിന് വിനയാവുകയായിരുന്നു. പിന്നീട് കുടുംബത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ വിഷയത്തിലിടപെടുകയും ചൈനീസ് കമ്പനിയധികൃതരുമായും മരിച്ചയാളുടെ കുടുംബവുമായും നിരന്തര ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്‍ഷൂറന്‍സ് കേസ് തീരുന്നത് വരെ കാത്തിരിക്കാതെ ഇദ്ദേഹത്തെ മോചിപ്പിക്കാന്‍ അവര്‍ തയ്യാറാവുകയായിരുന്നു.


ഇന്നലെ രാവിലെ മുംബൈ എയര്‍പോര്‍ട്ടിലെത്തിയ താജുദ്ദീന്‍ വൈകീട്ട് നാട്ടിലേക്ക് തിരിക്കും. തന്നെ സഹായിക്കുകയും നിരന്തരമായി ജയിലില്‍ സന്ദര്‍ശിക്കുകയും ചെയ്ത സോഷ്യല്‍ ഫോറം വോളന്റിയര്‍മാരായ നൗഷാദ് പാലപ്പെട്ടി, സജീദ് പാങ്ങോട്, സഈദ് മേത്തര്‍, കുഞ്ഞിക്കോയ താനൂര്‍, റാഫി കൊല്ലം എന്നിവര്‍ക്ക് അദ്ദേഹം നന്ദിയറിയിച്ചു.




Next Story

RELATED STORIES

Share it