Kerala

ആറ്റുകാല്‍ പൊങ്കാല ഇന്ന്; കൊറോണയുടെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രത

രാവിലെ 10.20ന് മേല്‍ശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീ കത്തിച്ച ശേഷം അതേ ദീപം സഹമേല്‍ശാന്തിക്കു കൈമാറും. അദ്ദേഹം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്‍വശത്തെ പണ്ടാരയടുപ്പിലും തീ കത്തിക്കും. തുടര്‍ന്ന് ഭക്തര്‍ അടുപ്പുകളില്‍ തീപകരും.

ആറ്റുകാല്‍ പൊങ്കാല ഇന്ന്; കൊറോണയുടെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രത
X

തിരുവനന്തപുരം: പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല മഹോല്‍സവം ഇന്ന്. നഗരത്തിലെ 32 വാര്‍ഡുകളിലുള്‍പ്പെടുന്ന 10 കിലോമീറ്റര്‍ പ്രദേശത്തെ വീടുകളിലും തെരുവിലും പൊങ്കാലയടുപ്പുകള്‍ നിരന്നു. രാവിലെ 9.45ന് ശുദ്ധപുണ്യാഹത്തിനുശേഷമാണ് പൊങ്കാലച്ചടങ്ങുകള്‍ ആരംഭിക്കുന്നത്. മുന്നിലെ പാട്ടുപുരയില്‍ തോറ്റംപാട്ടുകാര്‍ കണ്ണകീചരിതത്തില്‍ പാണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം പാടും. രൗദ്രഭാവം പൂണ്ട ദേവിയുടെ വിജയം ഭക്തര്‍ പൊങ്കാലയിലൂടെ ആഘോഷിക്കുന്നുവെന്നാണ് വിശ്വാസം. പാട്ടുതീരുമ്പോള്‍ തന്ത്രി ശ്രീകോവിലില്‍നിന്നു ദീപം പകര്‍ന്ന് മേല്‍ശാന്തിക്കു നല്‍കും.

രാവിലെ 10.20ന് മേല്‍ശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീ കത്തിച്ച ശേഷം അതേ ദീപം സഹമേല്‍ശാന്തിക്കു കൈമാറും. അദ്ദേഹം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്‍വശത്തെ പണ്ടാരയടുപ്പിലും തീ കത്തിക്കും. തുടര്‍ന്ന് ഭക്തര്‍ അടുപ്പുകളില്‍ തീപകരും. ഇതിനുള്ള വിളംബരസൂചകമായി ചെണ്ടമേളവും കതിനാവെടികളും ഉയരും. ഇതോടെ നഗരം പൊങ്കാലപ്പുകയിലമരും. ഉച്ചയ്ക്ക് 2.10ന് ഉച്ചപൂജയും നിവേദ്യവും കഴിയുന്നതോടെ പൊങ്കാല പൂര്‍ത്തിയാവും. പൊങ്കാല നിവേദിക്കുന്നതിന് 250 പൂജാരിമാരെ നിയോഗിച്ചിട്ടുണ്ട്. വൈകീട്ട് 7.30ന് കുത്തിയോട്ടക്കാരുടെ ചൂരല്‍കുത്ത്. 12 വയസ്സിനു താഴെ പ്രായമുള്ള 830 കുട്ടികളാണ് കുത്തിയോട്ട നേര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

രാത്രി 10.30ന് ദേവിയുടെ പുറത്തെഴുന്നള്ളത്ത് തുടങ്ങും. പാമ്പാടി രാജന്‍ എന്ന കൊമ്പന്‍ ആറ്റുകാലമ്മയുടെ പൊന്നിന്‍തിടമ്പേറ്റും. മണക്കാട് ശാസ്താക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത് ചൊവ്വാഴ്ച രാവിലെ തിരിച്ചെഴുന്നള്ളും. രാത്രി കാപ്പഴിച്ച്, കുരുതിതര്‍പ്പണം നടത്തുന്നതോടെ ഉല്‍സവം സമാപിക്കും. സംസ്ഥാനത്ത് വീണ്ടും കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയാണ് പൊങ്കാലയ്ക്ക് ഒരുക്കിയിരിക്കുന്നത്. പനി, ചുമ, ശ്വാസതടസ്സം എന്നിങ്ങനെ കൊറോണ രോഗലക്ഷണങ്ങളുള്ളവര്‍ പൊങ്കാലയിടാന്‍ എത്തരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. രോഗബാധിത രാജ്യങ്ങളില്‍നിന്ന് പൊങ്കാലയിടാന്‍ വന്നവരും മാറിനില്‍ക്കണം.

വിദേശികള്‍ക്ക് ഹോട്ടലുകളില്‍തന്നെ പൊങ്കാലയിടാന്‍ സൗകര്യമൊരുക്കും. പൊങ്കാല ഇടാനെത്തുന്നവരുടെ വീഡിയോ ചിത്രീകരിക്കും. ക്ഷേത്രപരിസരവും പൊങ്കാലയിടുന്ന സ്ഥലങ്ങളും അരമണിക്കൂര്‍ ഇടപെട്ട് അണുവിമുക്തമാക്കും. ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും വിവിധ ഭാഷകളില്‍ മുന്നറിയിപ്പുകള്‍ നല്‍കും. പൊങ്കാല ജാഗ്രതയുടെ ഭാഗമായി 23 പ്രത്യേക മെഡിക്കല്‍ ടീമിനെ നീരീക്ഷണത്തിനായി നിയോഗിച്ചു. 18 ആംബലുന്‍സുകളുമുണ്ടാവും. 32 വാര്‍ഡുകളില്‍ പ്രത്യേക മൊബൈല്‍ ടീമുണ്ടാവും. റെസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ അടക്കമുള്ള ടീമുകള്‍ അതത് സ്ഥലങ്ങളില്‍ പനിയോ ജലദോഷമോ ഉള്ളവരെയും രോഗബാധിതപ്രദേശങ്ങളില്‍നിന്ന് മടങ്ങിയെത്തിയവരെയും കണ്ടെത്തി ജില്ലാ ഭരണകൂടത്തെ അറിയിക്കും.

Next Story

RELATED STORIES

Share it