Kerala

പ്രതിയുടെ സഹോദരിയുടെ എടിഎം കാര്‍ഡില്‍നിന്ന് പണം തട്ടിയ പോലിസുകാരനെ സര്‍വീസില്‍ തിരിച്ചെടുത്തു

പ്രതിയുടെ സഹോദരിയുടെ എടിഎം കാര്‍ഡില്‍നിന്ന് പണം തട്ടിയ പോലിസുകാരനെ സര്‍വീസില്‍ തിരിച്ചെടുത്തു
X

കണ്ണൂര്‍: മോഷണക്കേസ് പ്രതിയുടെ സഹോദരിയുടെ എടിഎം കാര്‍ഡ് കൈക്കലാക്കി പണം കവര്‍ന്ന സംഭവത്തില്‍ പിരിച്ചുവിട്ട പോലിസുകാരനെ സര്‍വീസില്‍ തിരിച്ചെടുത്തു. തളിപ്പറമ്പ് പോലിസ് സ്‌റ്റേഷനിലെ സിപിഒ ആയിരുന്ന കടന്നപ്പള്ളി സ്വദേശി ഇ എന്‍ ശ്രീകാന്തിനെയാണ് തിരിച്ചെടുത്തത്. ശ്രീകാന്തിനെ പിരിച്ചുവിട്ട ജില്ലാ പോലിസ് മേധാവിയുടെ ഉത്തരവ് ഡിഐജി രാഹുല്‍ ആര്‍ നായര്‍ റദ്ദാക്കി. ശ്രീകാന്തിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചങ്കിലും സേനയില്‍ തുടരാന്‍ അവസരം നല്‍കണമെന്ന് ഡിഐജി നിര്‍ദേശിച്ചു.

ശ്രീകാന്തിന്റെ അപേക്ഷ പരിഗണിച്ച് രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു. വരുംകാല വാര്‍ഷിക വേതത വര്‍ധനവ് മൂന്നുവര്‍ഷത്തേക്ക് തടഞ്ഞുവച്ചുകൊണ്ട് സേവനത്തിലേക്ക് തിരച്ചെടുക്കുന്നു. സേവനത്തിന് പുറത്തുനിന്ന് കാലയളവ് മെഡിക്കല്‍ രേഖ കൂടാതെയുള്ള ശമ്പളരഹിത അവധിയായി കണക്കാക്കുന്നുവെന്നും ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

ഗോകുല്‍ എന്നയാളെ എടിഎം കാര്‍ഡ് മോഷ്ടിച്ച കേസില്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍നിന്നും സഹോദരിയുടെ എടിഎം കാര്‍ഡും കണ്ടെടുത്തിരുന്നു. ഈ കാര്‍ഡാണ് പോലിസുകാരനായ ശ്രീകാന്ത് കൈക്കലാക്കിയത്. തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് ഗോകുലിന്റെ സഹോദരിയില്‍നിന്ന് എടിഎം കാര്‍ഡിന്റെ പിന്‍നമ്പര്‍ സ്വന്തമാക്കി. ഇതിനുശേഷം 9,500 രൂപ പിന്‍വലിച്ചതായും ബാക്കി പണം കൊണ്ട് സാധനങ്ങള്‍ വാങ്ങിയെന്നുമാണ് തെളിഞ്ഞത്.

പണം നഷ്ടപ്പെട്ടത് മനസ്സിലാക്കിയ ഗോകുലിന്റെ സഹോദരി തളിപ്പറമ്പ് ഡിവൈഎസ്പിക്കാണ് പരാതി നല്‍കിയത്. അന്വേഷണത്തില്‍ തട്ടിപ്പ് വ്യക്തമായതിനെത്തുടര്‍ന്ന് ആദ്യം ശ്രീകാന്തിനെ സസ്‌പെന്റ് ചെയ്യുകയും പിന്നീട് ഡിസംബര്‍ 13ന് പിരിച്ചുവിടുകയും ചെയ്തത്.

Next Story

RELATED STORIES

Share it