Kerala

‌കണ്ണൂരിൽ 63കാരനായ യഥാർത്ഥ വോട്ടർ ക്യൂവിൽ നിൽക്കെ മറ്റൊരാളെത്തി ആ വോട്ടിട്ട് പോയി

നേരിയ ഭൂരിപക്ഷമോ സമനിലയോ വന്നാൽ ടെൻഡേഡ് വോട്ടുകൾ കോടതിവഴി പരിഗണിക്കും.

‌കണ്ണൂരിൽ 63കാരനായ യഥാർത്ഥ വോട്ടർ ക്യൂവിൽ നിൽക്കെ മറ്റൊരാളെത്തി ആ വോട്ടിട്ട് പോയി
X

കണ്ണൂർ: യഥാർത്ഥ വോട്ടർ ക്യൂവിൽ നിൽക്കെ അതേ പേരിലുള്ള മറ്റൊരാൾ ആ വോട്ട് ചെയ്തത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും പോലിസിനും പുലിവാലായി. ഇന്നലെ രാവിലെ ഒമ്പതോടെ താഴെചൊവ്വ എൽ.പി സ്‌കൂളിലെ 73ാം നമ്പർ ബൂത്തിലാണ് സംഭവം. വലിയന്നൂർ വിസ്മയത്തിൽ ഗോപാലന്റെ മകൻ ശശീന്ദ്രനാണ് (63) താഴെചൊവ്വ രേവതി നിവാസിലെ ശശീന്ദ്രൻ (63) എന്നയാളുടെ വോട്ട് രേഖപ്പെടുത്തിയത്.

ശശീന്ദ്രന് വോട്ടേഴ്സ് ഐഡി കാർഡില്ലായിരുന്നു. പകരം തിടുക്കത്തിൽ ഓൺലൈനായി എടുത്ത സ്ലിപ്പും ആധാർ കാർഡുമായാണ് ബൂത്തിലെത്തിയത്. ഓൺലൈനായി അപേക്ഷ നൽകാൻ തന്റെ പേരും അച്ഛന്റെ പേരും കൊടുത്തപ്പോൾ ലഭിച്ച സ്ലിപ്പാണത്. അതിൽ ബൂത്തിന്റെ പേരും സ്ഥലവും ഉണ്ടായിരുന്നു. വോട്ട് ചെയ്യുമ്പോൾ ആരും തടസവും പറഞ്ഞില്ല. അതിനിടയിലാണ് ബൂത്ത് ഏജന്റ് യഥാർത്ഥ വോട്ടർ പുറത്തു നിൽക്കുന്നത് കണ്ടത്. അയാളുടെ പേരും ശശീന്ദ്രനെന്നും അച്ഛന്റെ പേര് ഗോപാലനെന്നും ആയിരുന്നു. ഇതോടെ തർക്കമായി. യാഥാർത്ഥ്യം ബോധ്യപ്പെട്ടതോടെ യഥാർത്ഥ വോട്ടർക്ക് ടെൻഡേഡ് വോട്ട് ചെയ്യാൻ അവസരം നൽകിയെന്ന് പോലിസ് പറഞ്ഞു.

നേരിയ ഭൂരിപക്ഷമോ സമനിലയോ വന്നാൽ ടെൻഡേഡ് വോട്ടുകൾ കോടതിവഴി പരിഗണിക്കും. കരുതിക്കൂട്ടിയുള്ള കള്ളവോട്ടല്ലെന്നും അബദ്ധം സംഭവിച്ചതാണെന്നും ബോധ്യപ്പെട്ടതിനാൽ ആളെ കസ്റ്റഡിയിലെടുത്തില്ല. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it