Latest News

പാൽ വാഹനങ്ങളെ പിന്തുടർന്ന് മോഷണം; യുവാക്കൾ പിടിയിൽ

പാൽ വാഹനങ്ങളെ പിന്തുടർന്ന് മോഷണം; യുവാക്കൾ പിടിയിൽ
X

ന്യൂഡൽഹി: തലസ്ഥാനത്ത് വിവിധ പ്രദേശങ്ങളിൽ പുലർച്ചെ പാൽ വിതരണം നടത്തുന്ന വാഹനങ്ങളെ ലക്ഷ്യമാക്കി മോഷണം നടത്തിവന്ന സംഘത്തെ ഡൽഹി പോലിസ് പിടികൂടി. റാൻഹോള സ്വദേശികളായ മോഹിത് (27), ആയുഷ് മാൻ പാണ്ഡെ (19) എന്നിവരാണ് അറസ്റ്റിലായത്.

സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു യൂട്യൂബ് വീഡിയോയാണ് കേസിൽ നിർണായക വഴിത്തിരിവായത്. ഇതിനെ തുടർന്ന് പോലിസ് പ്രാദേശിക ഇന്റലിജൻസുമായി ചേർന്ന് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും 300ലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു.

രഹസ്യവിവരത്തെ തുടർന്ന് വികാസ് നഗറിലെ ശിവ് നഗർ പ്രദേശത്തെ ഒരു ക്രിസ്ത്യൻ പള്ളിക്ക് സമീപത്തു നിന്ന് പ്രതികളെ പിടികൂടിയത്. ഇവർ ഉപയോഗിച്ചിരുന്ന ബജാജ് മാക്സിമോ വാഹനവും പോലിസ് പിടിച്ചെടുത്തു.

പുലർച്ചെ പാൽ വിതരണം നടത്തുന്ന വാഹനങ്ങളെ പിന്തുടർന്ന്, കടകൾക്ക് മുന്നിൽ ഇറക്കിവെക്കുന്ന പാൽ പെട്ടികൾ ശ്രദ്ധിക്കപ്പെടാത്ത സമയത്ത് മോഷ്ടിക്കുന്നതായിരുന്നു സംഘത്തിന്റെ രീതി. മോഷ്ടിച്ച പാലും പാലുൽപ്പന്നങ്ങളും ദബ്രി, ബിന്ദാപൂർ പ്രദേശങ്ങളിലെ കച്ചവടക്കാർക്ക് കുറഞ്ഞ വിലയ്ക്ക് വിറ്റഴിക്കുകയായിരുന്നു.

അറസ്റ്റിലായ മോഹിത് മുൻപ് മോഷണവും പിടിച്ചുപറിയും ഉൾപ്പെടെ 38ഓളം കേസുകളിൽ പ്രതിയായിരുന്നുവെന്ന് പോലിസ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it