Kerala

ആഴക്കടല്‍ മല്‍സ്യബന്ധനക്കരാര്‍: ലത്തീന്‍ സഭയെ അനുനയിപ്പിക്കാന്‍ സിപിഎം; എറണാകുളത്ത് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നത് ലത്തീന്‍ സമുദായംഗത്തെ; ഷാജി ജോര്‍ജ് സ്ഥാനാര്‍ഥിയായേക്കും

കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റും വരാപ്പുഴ അതിരൂപത അംഗവുമാണ്. ഷാജി ജോര്‍ജ്. യുഡിഎഫ് സ്ഥാനാര്‍ഥിയായി എത്തുക ലത്തീന്‍ സമുദായ അംഗവും നിലവിലെ എംഎല്‍എയുമായ കോണ്‍ഗ്രസിലെ ടി ജെ വിനോദ്.

ആഴക്കടല്‍ മല്‍സ്യബന്ധനക്കരാര്‍: ലത്തീന്‍ സഭയെ അനുനയിപ്പിക്കാന്‍ സിപിഎം; എറണാകുളത്ത് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നത് ലത്തീന്‍ സമുദായംഗത്തെ; ഷാജി ജോര്‍ജ് സ്ഥാനാര്‍ഥിയായേക്കും
X

കൊച്ചി: ആഴക്കടല്‍ മല്‍സ്യബന്ധനക്കരാറുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന ലത്തീന്‍ സഭയെ അനുനയിപ്പിക്കാന്‍ സിപിഎം.എറണാകുളം നിയമസഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഎം പരിഗണിക്കുന്നത് ലത്തീന്‍ സമുദായ അംഗത്തെ.കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റായ വരാപ്പുഴ അതിരൂപത അംഗം ഷാജി ജോര്‍ജിനെയാണ് സിപിഎം സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.നേരത്തെ മനുറോയിയെയാണ് ഇവിടെ എല്‍ഡിഎഫ് വീണ്ടും പരിഗണിച്ചിരുന്നതെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നുവെന്നാണ് വിവരം. ആഴക്കടല്‍ മല്‍സ്യബന്ധനക്കരാറുമായി ബന്ധപ്പെട്ട് ഉടലെടുത്തിരിക്കുന്ന വിഷയത്തില്‍ ലത്തീന്‍ സമുദായത്തെ അനുനയിപ്പിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഷാജി ജോര്‍ജിനെ പരിഗണിക്കാന്‍ തീരുമാനിച്ചതെന്നാണ് സൂചന.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ലത്തീന്‍ സമുദായത്തിന് സ്വാധീനമുള്ള മേഖലയില്‍ സമുദായത്തില്‍ നിന്നുള്ളവരെ സ്ഥാനാര്‍ഥികളായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മിന് സഭാ നേതൃത്വം കത്തു നല്‍കിയിരുന്നുവെന്നാണ് വിവരം. എറണാകുളം മണ്ഡലത്തില്‍ ഷാജി ജോര്‍ജ്, പറവൂരില്‍ കൂന്നമ്മാവ് സ്വദേശിയായ യേശുദാസ് പറപ്പള്ളി എന്നിവരുടെ പേരുകളാണ് സഭാ നേതൃത്വം നിര്‍ദേശിച്ചിരുന്നതത്രെ.ഇതേ രീതിയില്‍ തന്നെ യുഡിഎഫിനും ഇവര്‍ കത്തു നല്‍കിയിരുന്നു.നിലിവിലെ എറണാകുളം എംഎല്‍എയായ ടി ജെ വിനോദ് ലത്തീന്‍ സഭാഅംഗമാണ്.ഇദ്ദേഹത്തിനു തന്നെ വീണ്ടും സീറ്റു നല്‍കണമെന്നും സഭാ നേതൃത്വം കോണ്‍ഗ്രസിനോട് ആവശ്യം ഉന്നയിച്ചിരുന്നു.ടി ജെ വിനോദ് തന്നെയായിരിക്കും എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയാകുക. നിലവില്‍ പറവൂര്‍ സിപി ഐയുടെ സീറ്റാണ്. എന്നാല്‍ തുടര്‍ച്ചയായി ഇവിടെ നിന്നും വിജയിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിലെ വി ഡി സതീശനെ ഇത്തവണ പിടിച്ചു കെട്ടാന്‍ സീറ്റ് സിപിഐയില്‍ നിന്നും സിപിഎം സീറ്റ് ഏറ്റെടുക്കണമെന്നത് സംബന്ധിച്ച സിപിഎമ്മില്‍ ചര്‍ച്ച നടന്നിരുന്നു. അത്തരത്തില്‍ സീറ്റ് ഏറ്റെടുത്താല്‍ യേശുദാസിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് സഭയുടെ ആവശ്യം.

നിലവില്‍ എറണാകുളം മണ്ഡലത്തില്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ ലത്തീന്‍ സമുദായത്തിനാണ് അംഗബലം കൂടുതല്‍, ഏകദേശം 40 ശതമാനം പേര്‍ ലത്തീന്‍ സമുദയായത്തില്‍ നിന്നുള്ളവരാണെന്നാണ് കണക്ക്. അതു കൊണ്ടുതന്നെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ മുന്നണികള്‍ ആദ്യ പരിഗണന നല്‍കുന്നതും ലത്തീന്‍ സമുദായത്തിനാണ്.ഇത്തവണ ഷാജി ജോര്‍ജിനെ തന്നെ സിപിഎം ഇവിടെ സ്ഥാനാര്‍ഥിയാക്കാന്‍ തീരൂമാനിച്ചാല്‍ ലത്തീന്‍ സമുദായത്തില്‍ നിന്നുതന്നെയുളള രണ്ടു പേരുടെ പോരാട്ടത്തിനാകും എറണാകുളം വേദിയാകുക. യുഡിഎഫ് സ്ഥാനാര്‍ഥിയാകുന്ന നിലവിലെ എംഎല്‍എയായ കോണ്‍ഗ്രസിലെ ടി ജെ വിനോദും ലത്തീന്‍ സമൂദായ അംഗമാണ്. എല്‍ഡിഎഫും യുഡിഎഫും ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ളവരെ സ്ഥാനാര്‍ഥികളാക്കിയാല്‍ ഹിന്ദുസമുദയത്തില്‍ നിന്നുള്ള പരമാവധി വോട്ടുകള്‍ തങ്ങള്‍ക്കനുകൂലമാക്കി മാറ്റാനാണ് ബിജെപി ശ്രമിക്കുന്നത്.സി ജി രാജഗോപാല്‍,ബിജെപി ജില്ലാ പ്രസിഡന്റ് ജയകൃഷ്ണന്‍ എന്നിവരുടെ പേരുകളാണ് ബിജെപിയുടെ സജീവ പരിഗണനയിലുള്ളത്.പാര്‍ടിക്കു പുറത്തുള്ളവരെയും സ്ഥാനാര്‍ഥിയാക്കുന്നത് സംബന്ധിച്ച് ബിജെപിയില്‍ ചര്‍ച്ച നടക്കുന്നുണ്ടെന്നാണ് വിവരം.

Next Story

RELATED STORIES

Share it