Youth

കൊവിഡിനെതിരെ നടേശന്‍ വരച്ചുകൊണ്ടേയിരിക്കുന്നു

കൊറോണ വൈറസ് തന്റെ എല്ലാമായ അമ്മയുടെ ജീവന്‍ കവര്‍ന്നതോടെയാണ് ആ നിയോഗം സ്വയം സ്വീകരിച്ചത്. എണ്‍പതുകാരിയായ നടേശന്റെ അമ്മ കൊവിഡ് ബാധിച്ച് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് ലോകത്തോട് യാത്ര പറഞ്ഞത്. കലാകാരനും ചുവരെഴുത്തുകാരനുമായ നടേശന്‍ അതോടെ തീരുമാനം എടുത്തു.ചുവരെഴുത്തിലൂടെ കൊറോണയ്‌ക്കെതിരെ പ്രതിരോധം തീര്‍ക്കുക

കൊവിഡിനെതിരെ നടേശന്‍ വരച്ചുകൊണ്ടേയിരിക്കുന്നു
X

ആലപ്പുഴ: മണ്ണഞ്ചേരി നേതാജി തണല്‍ വീട്ടില്‍ ടി നടേശന് കൊറോണക്കെതിരേയുള്ള ചുവരെഴുത്ത് സ്വയം തിരഞ്ഞെടുത്ത നിയോഗമാണ്. മെയ് മാസം തുടക്കത്തില്‍ കൊറോണ വൈറസ് തന്റെ എല്ലാമായ അമ്മയുടെ ജീവന്‍ കവര്‍ന്നതോടെയാണ് ആ നിയോഗം സ്വയം സ്വീകരിച്ചത്. എണ്‍പതുകാരിയായ നടേശന്റെ അമ്മ കൊവിഡ് ബാധിച്ച് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് ലോകത്തോട് യാത്ര പറഞ്ഞത്. കലാകാരനും ചുവരെഴുത്തുകാരനുമായ നടേശന്‍ അതോടെ തീരുമാനം എടുത്തു. ചുവരെഴുത്തിലൂടെ കൊറോണയ്‌ക്കെതിരെ പ്രതിരോധം തീര്‍ക്കുക. കൊവിഡ് മഹാമാരിക്കെതിരെ അന്നുമുതല്‍ പൊതുചുവരുകള്‍ കണ്ടെത്തി ബോധവത്കരണ ചിത്രങ്ങളും ചുവരെഴുത്തും തുടങ്ങി.


ചായവും മറ്റ് ഉപകരണങ്ങളും സ്വന്തമായി കണ്ടെത്തിയായിരുന്നു ഇത്. ഇപ്പോള്‍ 23ാമത്തെ ചുവരെഴുത്ത് ആലപ്പുഴ ബീച്ചിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ആശുപത്രിക്കുമുമ്പായുള്ള റെയില്‍വേക്രോസിന് കിഴക്കുവശത്തെ മതിലില്‍ പൂര്‍ത്തിയാക്കി. ഒരു വര്‍ഷം തുടര്‍ച്ചയായി ഇത്തരം ചുവരെഴുത്ത് തുടരാനാണ് നടേശന്റെ തീരുമാനം. നടേശന്റെ സത്പ്രവര്‍ത്തി മാധ്യമങ്ങളിലൂടെ അറിഞ്ഞ ആരോഗ്യ വകുപ്പ് അധികൃതരും മാസ് മീഡിയ വിഭാഗവും നടേശനെ അനുമോദിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജില്ല മെഡിക്കല്‍ ഓഫീസര്‍ എല്‍ അനിതകുമാരിയും മാസ് മീഡിയ ഓഫീസര്‍ പി എസ് സുജയും മറ്റ് ഉദ്യോഗസ്ഥരും നേരിട്ട് നടേശന്‍ ചുവരെഴുതുന്നിടത്തെത്തി അനുമോദിക്കുകയും വകുപ്പിന്റെ പ്രശംസാപത്രം നല്‍കുകയും ചെയ്തു.

നടേശന് കൊറോണ പ്രതിരോധ ചുവരെഴുത്ത് തുടരുന്നതിനുള്ള ആരോഗ്യവകുപ്പിന്റെ ധനസഹായവും പ്രോത്സാഹനവുമായി 5000 രൂപയും കൈമാറി. 'തന്റെ ചുവരെഴുത്തും വരകളും കൊറോണയ്‌ക്കെതിരെയുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങളായ മാസ്‌ക് വയ്ക്കല്‍, സാനിട്ടൈസര്‍ ഉപയോഗം, സോപ്പുപയോഗിച്ച് കൈകഴുകല്‍ എന്നിവ ജനഹൃദയങ്ങളില്‍ ഊട്ടി ഉറപ്പിക്കുന്നതിന് സഹായകമാകുമെന്നാണ് നടേശന്റെ വിശ്വാസം. ആളുകള്‍ കൂടുതല്‍ എത്തുന്ന നേതാജി, തമ്പകച്ചുവട്, കോമളപുരം, ഗുരുപുരം, പുന്നപ്ര, മുഹമ്മ തുടങ്ങിയ ജങ്ഷനുകളിലെല്ലാം നടേശന്റെ ചുവരെഴുത്ത് പതിഞ്ഞുകഴിഞ്ഞു. പരസ്യമേഖലയില്‍ ചുവരെഴുത്തും പെയിന്റിങ്ങുമാണ് നടേശന്റെ ഏക ജീവിത മാര്‍ഗ്ഗം. സ്‌കൂള്‍, ജൂവലറികള്‍ എന്നിവയ്ക്ക് വേണ്ടി വരച്ച് നല്‍കാറുണ്ട്. 33 വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതായി നടേശന്‍ പറഞ്ഞു. ഭാര്യ ജയ വീട്ടമ്മയാണ്. മക്കളായ അഗ്രജ് നടേശന്‍ ഗവ.ഐ.ടി.ഐ വിദ്യാര്‍ഥിയും ഷിയ നടേശന്‍ എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥിയും അര്‍ണവ് സ്‌കൂള്‍ വിദ്യാര്‍ഥിയുമാണ്. കൊവിഡ് പ്രതിരോധത്തില്‍ തന്റേതായ പങ്ക് വഹിക്കാനായതിലെ അഭിമാനമാണ് നടേശനും അദ്ദേഹത്തിന്റെ വരകള്‍ക്കും പറയാനുള്ളത്.

Next Story

RELATED STORIES

Share it