Kerala

ജനാഭിമുഖ കുര്‍ബ്ബാന: മാര്‍പാപ്പയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍

ഫ്രാന്‍സിസ് മാര്‍പാപ്പ തങ്ങള്‍ക്കെഴുതിയ കത്തു വായിക്കുമ്പോള്‍ ഇതുവരെ തങ്ങള്‍ അറിയിച്ച പല കാര്യങ്ങളും മാര്‍പാപ്പയുടെ ചെവിയിലെത്തിയിട്ടില്ല എന്ന സങ്കടം തങ്ങള്‍ക്കുണ്ട്.ഏപ്രില്‍ അഞ്ചിന് കൂടുന്ന വൈദിക കൂട്ടായ്മയില്‍ മാര്‍പാപ്പയുടെ കത്തിനെക്കുറിച്ച് വിപുലമായ ചര്‍ച്ചകള്‍ നടത്തിയതിനുശേഷമായിരിക്കും അതിരൂപതയുടെ നിലപാട് വ്യക്തമാക്കുകയുള്ളുവെന്ന് അതിരൂപത സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍.വക്താവ് ഫാ.ജോസ് വൈലിക്കോടത്ത്

ജനാഭിമുഖ കുര്‍ബ്ബാന: മാര്‍പാപ്പയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍
X

കൊച്ചി: കുര്‍ബ്ബാന അര്‍പ്പണവുമായി ബന്ധപ്പെട്ട് ഫ്രാന്‍സിസ് മാര്‍പാപ്പ അയച്ച കത്തിനെ തങ്ങള്‍ മാനിക്കുന്നുവെന്നും എന്നാല്‍ പൗരസ്ത്യ കാര്യാലയവും സീറോ മലബാര്‍ സിനഡും മാര്‍പാപ്പയെ വീണ്ടും തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നാണ് അദ്ദേഹം എറണാകുളം-അങ്കമാലി അതിരൂപതയിലെ മെത്രാപ്പോലീത്തന്‍ വികാരിക്കും വൈദികര്‍ക്കും വിശ്വാസികള്‍ക്കും അയച്ചിരിക്കുന്ന കത്തില്‍ നിന്നും വ്യക്തമാകുന്നതെന്നും എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍.മാര്‍പാപ്പ അയച്ച കത്ത് ഉപദേശരൂപത്തിലുള്ളതാണ്. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ എന്ന നിലയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കത്തിനെ മാനിക്കുന്നു. പക്ഷേ, കത്തു വായിക്കുമ്പോള്‍ ഇതുവരെ തങ്ങള്‍ അറിയിച്ച പല കാര്യങ്ങളും മാര്‍പാപ്പയുടെ ചെവിയിലെത്തിയിട്ടില്ല എന്ന സങ്കടം തങ്ങള്‍ക്കുണ്ട്.

ഏപ്രില്‍ അഞ്ചിന് കൂടുന്ന വൈദിക കൂട്ടായ്മയില്‍ മാര്‍പാപ്പയുടെ കത്തിനെക്കുറിച്ച് വിപുലമായ ചര്‍ച്ചകള്‍ നടത്തിയതിനുശേഷമായിരിക്കും അതിരൂപതയുടെ നിലപാട് വ്യക്തമാക്കുകയുള്ളു. ഇപ്പോള്‍ മാര്‍പാപ്പയെ അനുസരിക്കണമെന്നു പറയുന്ന മെത്രാന്മാരോട് തങ്ങള്‍ ചോദിക്കുന്നത് ഇതേ മാര്‍പാപ്പയല്ലേ 2021 ആഗസ്റ്റ് മാസത്തിലെ സിനഡിനാമുഖമായി നല്‍കിയ രേഖയില്‍ ഐകരൂപ്യത്തിനായി ദൈവജനത്തിന്റെ ഐക്യം നശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടത്. എന്നിട്ട് മെത്രാന്മാര്‍ അനുസരിച്ചോയെന്നും വൈദികര്‍ ചോദിച്ചു.

മാര്‍പാപ്പയുടെ കത്തില്‍ ലിറ്റര്‍ജിയെക്കുറിച്ച് തീരുമാനമെടുക്കുന്നത് വ്യക്തിസഭയായ സീറോമലബാര്‍ സഭയില്‍ മെത്രാന്മാരുടെ സിനഡാണെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ, കുര്‍ബാനയര്‍പ്പണ രീതിയെക്കുറിച്ചുള്ള സിനഡിന്റെ തീരുമാനത്തില്‍ തങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെട്ടിട്ടുണ്ട്, സത്യങ്ങള്‍ കുഴിച്ചുമൂടിയിട്ടുണ്ട്, തീരുമാനത്തിന്റെ വഴികളില്‍ നൈയാമികമോ കാനോനികമോ അല്ലാത്ത അന്തര്‍ധാരകളുമുണ്ട്. അതിനാല്‍ തങ്ങളുടെ സങ്കടങ്ങള്‍ മാര്‍പാപ്പയെ കണ്ട് നേരിട്ട് വീണ്ടും അറിയിക്കുവാനാണ് തങ്ങളുടെ ശ്രമമെന്നും ഇവര്‍ പറയുന്നു.

2022 മാര്‍ച്ച് 17 ന് അതിരൂപതയിലെ വൈദിക കൂട്ടായ്മ ഏകകണ്‌ഠേന ജനാഭിമുഖ കുര്‍ബാനയ്ക്കു വേണ്ടി തീരുമാനമെടുക്കുകയും ജനാഭിമുഖ കുര്‍ബാന സീറോ മലബാര്‍ സഭയിലെ ലിറ്റര്‍ജിയിലെ ഒരു ഭിന്ന രൂപമായി ( liturgical variant) അംഗീകരിക്കണമെന്നും കുര്‍ബാനയര്‍പ്പണ രീതിയെക്കുറിച്ചുള്ള തീരുമാനത്തിലേക്ക് സിനഡ് എത്തിയ തെറ്റായ വഴികള്‍ പരിശോധിക്കണമെന്നും കാണിച്ച് 435 വൈദികരുടെ ഒപ്പുകളോടെ മാര്‍പാപ്പയ്ക്ക് അപ്പീല്‍ കൊടുത്തിട്ടുണ്ട്. പക്ഷേ ഇക്കാര്യം മാര്‍പാപ്പ അറിഞ്ഞിട്ടില്ലെന്നു മാര്‍പാപ്പയുടെ കത്തിന്റെ ഉള്ളടക്കത്തില്‍ നിന്നും മനസ്സിലാക്കുന്നു. പൗരസ്ത്യ കാര്യാലയവും സീറോ മലബാര്‍ സിനഡും മാര്‍പാപ്പയെ വീണ്ടും തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. സിനഡാലിറ്റിയില്‍ സഭയില്‍ വിട്ടുപോയവരെ പോലും കേള്‍ക്കണമെന്ന് പറയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ഇത്രയും വൈദികരുടെയും അല്‍മായരുടെയും നിലിവിളി കേള്‍ക്കാതിരിക്കില്ലെന്ന പ്രതീക്ഷയിലാണ് തങ്ങളെന്ന് അതിരൂപത സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍.വക്താവ് ഫാ.ജോസ് വൈലിക്കോടത്ത് എന്നിവര്‍ പറഞ്ഞു.

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസില്‍ ഇന്ത്യയിലെ പരമോന്നത കോടതിയായ സുപ്രിം കോടതിയും കര്‍ദ്ദാനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന് പറഞ്ഞ സാഹചര്യത്തില്‍ അദ്ദേഹ രാജിവെയ്‌ക്കേണ്ട സമയം അതിക്രമിച്ചു.സീറോ മലബാര്‍ സഭയുടെ അധ്യക്ഷന്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസുകളില്‍ കീഴ്‌കോടതിയില്‍ വിചാരണ നേരിടേണ്ടി വരുന്ന സാഹചര്യത്തില്‍ ആദ്യം ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേ വാങ്ങാന്‍ നോക്കിയെങ്കിലും പരാജയപ്പെട്ടു. ഇപ്പോള്‍ ഇന്ത്യയിലെ പരമോന്നത കോടതിയായ സുപ്രീം കോടതിയും അദ്ദേഹത്തോട് വിചാരണ നേരിടമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഭൂമിയിടപാടു കേസിന്റെ തുടക്കം മുതലേ ഈ കേസ് അന്വേഷിച്ച എല്ലാ കമ്മിറ്റികളും അതിരൂപതയുടെ അധ്യക്ഷനെന്ന നിലയില്‍ ഈ കേസുകളില്‍ അദ്ദേഹത്തിനു സംഭവിച്ച പിഴവുകള്‍ എടുത്തു കാണിച്ചിട്ടുണ്ട്. വത്തിക്കാന്‍ നിയോഗിച്ച ഇഞ്ചോടി കമ്മീഷനും കെപിഎംജി റിപ്പോര്‍ട്ടും കര്‍ദ്ദിനാളിനെതിരാണ് എന്നിട്ടും ഇതൊരു ടെക്‌നിക്കല്‍ പ്രശ്‌നം മാത്രമാണെന്ന് പറയുന്ന കര്‍ദിനാളും സിനഡ് പിതാക്കന്മാരും ആരെയാണ് വിഢ്ഢികളാക്കാന്‍ ശ്രമിക്കുന്നതെന്നും വൈദികര്‍ ചോദിച്ചു.

Next Story

RELATED STORIES

Share it