Kerala

സംസ്ഥാനം പുതിയ ആരോഗ്യ നയങ്ങള്‍ക്ക് അന്തിമ രൂപം നല്‍കാനുള്ള തയ്യാറെടുപ്പിലെന്ന് ഗവര്‍ണര്‍

അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യ (എപിഐ) 74 മത് വാര്‍ഷിക സമ്മേളനം ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ചു.ഇന്ത്യയില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമായി പതിനായിരത്തിലധികം ഫിസിഷ്യന്‍മാരും 650 ഓളം ഫാക്കല്‍ട്ടികളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്

സംസ്ഥാനം പുതിയ ആരോഗ്യ നയങ്ങള്‍ക്ക് അന്തിമ രൂപം നല്‍കാനുള്ള  തയ്യാറെടുപ്പിലെന്ന് ഗവര്‍ണര്‍
X

കൊച്ചി: സംസ്ഥാനം പുതിയ ആരോഗ്യ നയങ്ങള്‍ക്ക് അന്തിമ രൂപം നല്‍കാനുള്ള തയ്യാറെടുപ്പിലാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യ (എപിഐ) 74 മത് വാര്‍ഷിക സമ്മേളനം് ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തുക ചികില്‍സ സ്ഥാപനങ്ങള്‍ക്ക് വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുക, സ്വകാര്യ മേഖലയിലെ ഫിസിഷ്യന്‍മാരുടെ സേവനം പ്രയോജനപ്പെടുത്തുക, കുടുംബ ഡോക്ടര്‍ എന്ന ആശയം പുനസ്ഥാപിക്കുക എന്നിവ അവയില്‍ ചിലതാണ്.സാധാരണക്കാരന് ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതില്‍ സുപ്രധാന പങ്ക് ഫസിഷ്യന്‍മാര്‍ക്കുണ്ടെന്ന് നയം തിരിച്ചറിയുന്നുണ്ട്. ഇത് ശക്തിപ്പെടുത്താന്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായ മെഡിക്കല്‍ തുടര്‍ വിദ്യാഭ്യാസ പരിപാടികള്‍ക്കും ശാസ്ത്ര ഗവേഷണങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് എപിഐ നല്‍കുന്നത്. വിദഗ്ധര്‍ തമ്മില്‍ സജീവമായ ആശയവിനിമയവും മെഡിക്കല്‍ സാങ്കേതിക വിദ്യകളുടെ പൂര്‍ണ്ണമായ പ്രയോജനപ്പെടുത്തലും സാധ്യമാവണം. സാങ്കേതിക വിദ്യകളുടെ പ്രയോജനം എല്ലാ പൗരന്‍മാര്‍ക്കും ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ച ഗവേഷണ ഫലങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഫിസിഷ്യന്‍മാര്‍ തുടര്‍ച്ചയായി സംഘടിപ്പിക്കേണ്ടതുണ്ട്. രോഗങ്ങളും ചികില്‍സകളും സംബന്ധിച്ച വിവരങ്ങള്‍ സാധാരണക്കാരിലെത്താന്‍ ഇത് ഏറെ സഹായിക്കും. നീപ്പ പൊട്ടിപ്പുറപ്പെട്ട അവസരത്തില്‍ നമ്മുടെ ഡോക്ടര്‍മാരും ഗവേഷകരും ആ സാഹചര്യങ്ങളെ നേരിട്ട രീതികള്‍ വളരെ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞുആരോഗ്യമേഖലയില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസൃതമായി ഫിസിഷ്യന്‍മാരുടെ ഉത്തരവാദിത്വങ്ങളും അതിവേഗം വര്‍ധിച്ചു വരികയാണെന്ന് എപിഐ ദേശീയ അധ്യക്ഷന്‍ ഡോ. കെ കെ.പരീഖ് പറഞ്ഞു. എ പി ഐ ദേശീയ പ്രസിഡന്റ് ഡോ. പ്രീതം ഗുപ്ത, ഓര്‍ഗനൈസിങ്ങ് ചെയര്‍മാന്‍ ഡോ. സുജിത് വാസുദേവന്‍, ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഡോ. ശ്രീനിവാസ കമ്മത്ത്, ഡോ. മംഗേഷ് തിവാസ്‌കര്‍ ചടങ്ങില്‍ സംസാരിച്ചു. .ഇന്ത്യയില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമായി പതിനായിരത്തിലധികം ഫിസിഷ്യന്‍മാരും 650 ഓളം ഫാക്കല്‍ട്ടികളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.യു.എസ്, യു.കെ, ആസ്‌ത്രേലിയ, നെതര്‍ലാന്‍ഡ്‌സ്, മിഡില്‍ ഈസ്റ്റ്, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നായി അമ്പതോളം വിദഗ്ധ ഡോക്ടര്‍മാരും പ്രഫസര്‍മാരും വിവിധ ശാസ്ത്ര സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.


Next Story

RELATED STORIES

Share it