Kerala

വിദേശത്തുനിന്ന് വരുന്നവര്‍ക്ക് ആന്റി ബോഡി ടെസ്റ്റ് നടത്തും; രണ്ടുലക്ഷം ടെസ്റ്റ് കിറ്റിന് കേരളം ഓര്‍ഡര്‍ നല്‍കി

വിമാനത്താവളങ്ങളോടനുബന്ധിച്ചുള്ള ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ മാത്രമല്ല വിദേശത്തുനിന്ന് എത്തുന്നവരെ താമസിപ്പിക്കുക. അവരുടെ ജില്ലയിലെ സ്വന്തം പ്രദേശങ്ങള്‍ക്ക് അടുത്തുള്ള ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഇതിനായി ഉപയോഗിക്കും.

വിദേശത്തുനിന്ന് വരുന്നവര്‍ക്ക് ആന്റി ബോഡി ടെസ്റ്റ് നടത്തും; രണ്ടുലക്ഷം ടെസ്റ്റ് കിറ്റിന് കേരളം ഓര്‍ഡര്‍ നല്‍കി
X

തിരുവനന്തപുരം: വിദേശത്തുനിന്ന് വരുന്നവര്‍ക്ക് ക്വാറന്റൈനില്‍ കഴിയുമ്പോള്‍ ആന്റി ബോഡി ടെസ്റ്റ് വ്യാപകമായി നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടുലക്ഷം ആന്റി ബോഡി ടെസ്റ്റ് കിറ്റിന് കേരളം ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. കൊച്ചി തുറമുഖം വഴിയും പ്രവാസികളെ കൊണ്ടുവരുന്നുണ്ട്. മാലിദ്വീപില്‍നിന്ന് രണ്ടും യുഎഇയില്‍നിന്ന് ഒന്നും കപ്പലുകള്‍ ഉടന്‍ വരുമെന്നാണ് അറിയുന്നത്. അതിനാല്‍, തുറമുഖത്തും ആവശ്യമായ സജ്ജീകരണമൊരുക്കും. ഇതുസംബന്ധിച്ച് കൊച്ചി തുറമുഖ ട്രസ്റ്റുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. നാവികസേനാ അധികൃതരുമായി ചീഫ് സെക്രട്ടറി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. കേന്ദ്രം കൊണ്ടുവരുന്നവരുടെ കൂട്ടത്തില്‍ മറ്റു സംസ്ഥാനക്കാരും ഉണ്ടായേക്കാം. അവരെ ബന്ധപ്പെട്ട സംസ്ഥാനത്തേക്ക് അയക്കും.

വിമാനത്താവളങ്ങളോടനുബന്ധിച്ചുള്ള ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ മാത്രമല്ല വിദേശത്തുനിന്ന് എത്തുന്നവരെ താമസിപ്പിക്കുക. അവരുടെ ജില്ലയിലെ സ്വന്തം പ്രദേശങ്ങള്‍ക്ക് അടുത്തുള്ള ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഇതിനായി ഉപയോഗിക്കും. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇത്തരം സൗകര്യങ്ങളുള്ള രണ്ടരലക്ഷം കിടക്കകള്‍ക്കുള്ള സൗകര്യം കണ്ടെത്തിയിട്ടുണ്ട്. അതില്‍ 1.63 ലക്ഷം കിടക്കകള്‍ ഇപ്പോള്‍ തന്നെ ഉപയോഗിക്കാന്‍ പര്യാപ്തമാണ്. ബാക്കിയുള്ളവ പൂര്‍ണസജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വികേന്ദ്രീകൃതമായ ക്വാറന്റൈന്‍ സംവിധാനമാണുണ്ടാവുക. ഒഴിഞ്ഞുകിടക്കുന്ന വീടുകളും വേണ്ടിവന്നാല്‍ ക്വാറന്റൈനാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. 45,000ലധികം പിസിആര്‍ ടെസ്റ്റ് കിറ്റുകള്‍ സംസ്ഥാനത്തുണ്ട്.

കൂടുതല്‍ കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുമുണ്ട്. ഈമാസം അവസാനിക്കുമ്പോള്‍ ഏതാണ്ട് 60,000 ടെസ്റ്റുകള്‍ നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തയാഴ്ച മുതല്‍ വരുന്ന വിമാനങ്ങളുടെ എണ്ണം വര്‍ധിക്കും. ആഴ്ചയില്‍ 20,000 പേര്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. അവരെയെല്ലാം പരിശോധിക്കാനും ക്വാറന്റൈന്‍ ചെയ്യാനുമുള്ള ദൗത്യമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് മലയാളികള്‍ വന്നുതുടങ്ങിയിട്ടുണ്ട്. ഇതുവരെ 1,80,540 പേരാണ് നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 25,410 പേര്‍ക്ക് പാസ് നല്‍കി. അവരില്‍ 3,363 പേര്‍ തിരിച്ചെത്തിയിട്ടുണ്ട്. രോഗബാധ തീവ്രമായ ചില പ്രദേശങ്ങളുണ്ട്. മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ രോഗികളുടെ എണ്ണവും വ്യാപനവും വര്‍ധിച്ച നിലയിലാണ്.

അങ്ങനെ തീവ്ര രോഗബാധയുള്ള പത്ത് ജില്ലകള്‍ കണക്കാക്കിയിട്ടുണ്ട്. അത്തരം ജില്ലകളില്‍നിന്നോ നഗരങ്ങളില്‍നിന്നോ വരുന്നവരുടെ കാര്യത്തില്‍ പ്രത്യേകശ്രദ്ധയും ജാഗ്രതയും വേണമെന്ന് തീരുമാനിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ റെഡ്‌സോണ്‍ ജില്ലകളില്‍നിന്നു വരുന്നവര്‍ ഒരാഴ്ച നിര്‍ബന്ധമായും സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റൈനില്‍ കഴിയേണ്ടിവരും. പിന്നീട് വീട്ടിലെത്തി ഏഴുദിവസം ക്വാറന്റൈന്‍ തുടരണം. രോഗലക്ഷണമുണ്ടെങ്കില്‍ ആശുപത്രിയിലേക്കു മാറണം. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത് അതിര്‍ത്തിയിലെത്തുന്നവര്‍ അവിടെ കുടുങ്ങിക്കിടക്കാന്‍ പാടില്ല. നേരത്തേ തന്നെ നിശ്ചയിച്ചുകൊടുത്ത് സമയത്താണ് അവര്‍ എത്തുന്നത്. പെട്ടെന്ന് പരിശോധനകള്‍ പൂര്‍ത്തിയാക്കി യാത്രതുടരാന്‍ കഴിയണം.

കാലതാമസം ഒഴിവാക്കണം. അതിര്‍ത്തികളില്‍ നിശ്ചയിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ മാത്രമേ ഉണ്ടാവാന്‍ പാടുള്ളൂ. ഒരു സ്വീകരണപരിപാടിയും അനുവദിക്കില്ല. മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള കേരളീയരെ തിരിച്ചെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തുന്നതിന് ശ്രമിക്കുകയാണ്. പഞ്ചാബ്, ഹരിയാന, ഡല്‍ഹി പോലുള്ള സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ഥികളെ വേഗമെത്തിക്കേണ്ടതുണ്ട്. അവരെ ഡല്‍ഹി കേന്ദ്രമാക്കി ട്രെയിന്‍ വഴിതിരിച്ചുകൊണ്ടുവരാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. അന്തര്‍ സംസ്ഥാന യാത്രയ്ക്ക് വാഹനം കിട്ടാനുള്ള പ്രയാസമാണ് പലര്‍ക്കുമുള്ളത്. ആ പ്രശ്‌നം പരിഹരിക്കാന്‍ സംവിധാനം ആലോചിക്കുന്നുണ്ട്. ഇതുവരെ 14,896 അതിഥി തൊഴിലാളികള്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് പോയിട്ടുണ്ട്. ഇന്ന് മൂന്ന് ട്രെയിനുകളാണ് യാത്രതിരിച്ചത്.

Next Story

RELATED STORIES

Share it