Kerala

അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചു

അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ പെന്‍ഷന്‍ തുക 1000ല്‍ നിന്നും 2,000 രൂപയും ഹെല്‍പ്പര്‍മാരുടെ പ്രതിമാസ പെന്‍ഷന്‍ തുക 600ല്‍ നിന്നും 1,200 രൂപയുമായാണ് വര്‍ദ്ധിപ്പിച്ചത്.

അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചു
X

തിരുവനന്തപുരം: വനിത ശിശുവികസന വകുപ്പ് സംയോജിത ശിശുവികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ പെന്‍ഷന്‍ തുക 1000ല്‍ നിന്നും 2,000 രൂപയും ഹെല്‍പ്പര്‍മാരുടെ പ്രതിമാസ പെന്‍ഷന്‍ തുക 600ല്‍ നിന്നും 1,200 രൂപയുമായാണ് വര്‍ദ്ധിപ്പിച്ചത്.

നേരത്തെ അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ പെന്‍ഷന്‍ 500 രൂപയും ഹെല്‍പ്പര്‍മാരുടേത് 300 രൂപയും ആയിരുന്നത് ഈ സര്‍ക്കാരാണ് 1000 രൂപയും 600 ആക്കി വര്‍ധിപ്പിച്ചത്. നിലവിലെ പെന്‍ഷന്‍ തുകയുടെ 100 ശതമാനമാണ് വര്‍ധനവ് വരുത്തിയത്. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ തുകയുടെ 200 ശതമാനം വര്‍ധനവാണ് വരുത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

വര്‍ധിപ്പിച്ച പെന്‍ഷനാവശ്യമായ തുക അങ്കണവാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡിന്റെ ക്ഷേമനിധിയില്‍ നിന്നും കണ്ടെത്തുവാന്‍ ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദീര്‍ഘകാലമായി സേവനമനുഷ്ടിക്കുകയും സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മറ്റ് അധിക ജോലികള്‍ കാര്യക്ഷമമായി ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുകയും ചെയ്ത് വിരമിക്കുന്ന അങ്കണവാടി ജീവനക്കാര്‍ക്ക് ഇപ്പോള്‍ നല്‍കി വരുന്ന പെന്‍ഷന്‍ തുക കുറവാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it