Kerala

'ആര്‍എസ്എസ്സിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തെ എതിര്‍ക്കുന്നു' എസ്എഫ്‌ഐക്ക് മറുപടിയുമായി അമല്‍ ചന്ദ്ര

'നരേന്ദ്ര മോഡിയുടേയും, ആര്‍.എസ്.എസിന്റെയും വെറുപ്പിന്റെ, അസഹിഷ്ണുതയുടെ, ജനാധിപത്യവിരുദ്ധതയുടെ രാഷ്ട്രിയത്തെ നിരന്തരം എതിര്‍ക്കുന്ന, അതിനെതിരെ പോരാടുന്ന ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തന്നെയാണ് ഞാന്‍'. അമല്‍ ചന്ദ്ര ഫേസ് ബുക്കില്‍ കുറിച്ചു.

ആര്‍എസ്എസ്സിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തെ എതിര്‍ക്കുന്നു   എസ്എഫ്‌ഐക്ക് മറുപടിയുമായി അമല്‍ ചന്ദ്ര
X
തിരിവുനന്തപുരം: യൂനിവേഴ്‌സിറ്റി കോളജിലെ കെഎസ്‌യു യൂനിറ്റ് പ്രസിഡന്റ് സംഘ്പരിവാറുകാരനാണെന്ന എസ്എഫ്‌ഐയുടെ ആരോപണത്തെ തള്ളി അമല്‍ ചന്ദ്ര രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പേജിലാണ് എസ്എഫ്‌ഐയുടെ ആരോപണങ്ങള്‍ക്ക് അമല്‍ ചന്ദ്ര മറുപടി നല്‍കുന്നത്.

'ആടിനെ പട്ടിയാക്കാന്‍ സൈബര്‍ സഖാക്കളും അതിനെ ഏറ്റെടുക്കുന്ന ഒരു മഞ്ഞ കൈരളിയും, തീര്‍ത്തും അപമാനകരം തന്നെയാണ്! ക്ഷേത്രത്തില്‍ പോകുന്നവരേയും, നെറ്റിയില്‍ കുറിചാര്‍ത്തുന്നവരേയും കൈയ്യില്‍ രാഖി കെട്ടുന്നവരേയും ഒക്കെ സംഘിയാക്കുന്ന സിപിഐ(എം) തന്നെയാണ് അപകടകരമായ തരത്തില്‍ കേരളത്തില്‍ സംഘപരിവാറിനേ വളര്‍ത്തുന്നത്.


നരേന്ദ്ര മോഡിയുടേയും, ആര്‍എസ്എസിന്റെയും വെറുപ്പിന്റെ, അസഹിഷ്ണുതയുടെ, ജനാധിപത്യവിരുദ്ധതയുടെ രാഷ്ട്രിയത്തെ നിരന്തരം എതിര്‍ക്കുന്ന, അതിനെതിരെ പോരാടുന്ന ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തന്നെയാണ് ഞാന്‍. രാഷ്ട്രീയത്തിനപ്പുറം നിന്നുകൊണ്ട് ജനാധിപത്യമര്യാദയുടെ ഭാഗമായി രാജ്യത്തിന്റെ പ്രധാന മന്ത്രിയായി ഭരണഘടനാപദവി ഏറ്റെടുക്കുന്ന വ്യക്തിക്കും, കേരളത്തില്‍ നിന്ന് കേന്ദ്രത്തിലേക്കുള്ള ഏക മന്ത്രിക്കും, മൂഖ്യമന്ത്രി പിണറായി വിജയനും ഒക്കെ ഉചിതമായ അവസരങ്ങളില്‍ ആശംസകള്‍ അര്‍പ്പിക്കാനും അവരുടെ നേട്ടങ്ങളെ അംഗീകരിക്കാനുമുള്ള നല്ല സംസ്‌കാരം എന്നെ പഠിപ്പിച്ചത് എന്റെ പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ തന്നെയാണ്.' അമല്‍ ചന്ദ്ര ഫേസ് ബുക്കില്‍ കുറിച്ചു.

നീണ്ട ഇടവേളക്ക് ശേഷം യൂനിവേഴ്‌സിറ്റി കോളജില്‍ കെഎസ്‌യു യൂണിറ്റ് രൂപീകരിച്ചതോടെയാണ് പ്രസിഡന്റ് സംഘ്പരിവാറുകാരനാണെന്ന് സോഷ്യല്‍ മീഡിയയില്‍ ആരോപണം ഉയര്‍ന്നത്. ഇടതു അനുഭാവികളില്‍ നിന്നാണ് പ്രധാനമായും അമല്‍ ചന്ദ്രക്കെതിരെ സംഘ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. നരേന്ദ്ര മോദിയുടെ രണ്ടാം സ്ഥാനാരോഹണത്തെ അഭിനന്ദിച്ചു കൊണ്ട് അമല്‍ ചന്ദ്ര ഇട്ട എഫ്ബി പോസ്റ്റാണ് ഇതിന് തെളിവായി ഇക്കൂട്ടര്‍ ഉപയോഗിച്ചിട്ടുള്ളത്. കേരളത്തില്‍ നിന്നുള്ള ഏക കേന്ദ്ര മന്ത്രിയും, മുന്‍ ബിജെപി അധ്യക്ഷനുമായ വി മുരളീധരനെ സ്തുതിച്ചുള്ള പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അമല്‍ ചന്ദ്ര രാഖി കെട്ടി നില്‍ക്കുന്ന ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചു.

18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരുവന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ കെഎസ്‌യു യൂനിറ്റ് രൂപീകരിക്കുന്നത്. രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പടെ ഏഴംഗ കമ്മറ്റിയാണ് രൂപീകരിച്ചത്.


അമല്‍ ചന്ദ്രയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

പ്രിയപ്പെട്ട സുഹൃത്തുക്കളെ,

നാട്ടുകാര്‍ പറയുന്നതുപോലെ ആടിനെ പട്ടിയാക്കാന്‍ സൈബര്‍ സഖാക്കളും അതിനെ ഏറ്റെടുക്കുന്ന ഒരു മഞ്ഞ കൈരളിയും, തീര്‍ത്തും അപമാനകരം തന്നെയാണ്!

ക്ഷേത്രത്തില്‍ പോകുന്നവരേയും, നെറ്റിയില്‍ കുറിചാര്‍ത്തുന്നവരേയും കൈയ്യില്‍ രാഖി കെട്ടുന്നവരേയും ഒക്കെ സംഘിയാക്കുന്ന സി.പി.ഐ(എം) തന്നെയാണ് അപകടകരമായ തരത്തില്‍ കേരളത്തില്‍ സംഘപരിവാറിനേ വളര്‍ത്തുന്നത്.

നരേന്ദ്ര മോഡിയുടേയും, ആര്‍.എസ്.എസിന്റെയും വെറുപ്പിന്റെ, അസഹിഷ്ണുതയുടെ, ജനാധിപത്യവിരുദ്ധതയുടെ രാഷ്ട്രിയത്തെ നിരന്തരം എതിര്‍ക്കുന്ന, അതിനെതിരെ പോരാടുന്ന ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തന്നെയാണ് ഞാന്‍. രാഷ്ട്രീയത്തിനപ്പുറം നിന്നുകൊണ്ട് ജനാധിപത്യമര്യാദയുടെ ഭാഗമായി രാജ്യത്തിന്റെ പ്രധാന മന്ത്രിയായി ഭരണഘടനാപദവി ഏറ്റെടുക്കുന്ന വ്യക്തിക്കും, കേരളത്തില്‍ നിന്ന് കേന്ദ്രത്തിലേക്കുള്ള ഏക മന്ത്രിക്കും, മൂഖ്യമന്ത്രി പിണറായി വിജയനും ഒക്കെ ഉചിതമായ അവസരങ്ങളില്‍ ആശംസകള്‍ അര്‍പ്പിക്കാനും അവരുടെ നേട്ടങ്ങളെ അംഗീകരിക്കാനുമുള്ള നല്ല സംസ്‌കാരം എന്നെ പഠിപ്പിച്ചത് എന്റെ പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ തന്നെയാണ്.

ഏറെ കാലം കെ.പി.സി.സി അംഗമായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച ഒരു വ്യക്തിയുടെ മകനായി ഒരു കോണ്‍ഗ്രസ് കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന എനിക്ക് സംഘി പട്ടം ചാര്‍ത്താന്‍ ആരും തുനിയേണ്ടതില്ല. എല്ലാവരേയും സ്‌നേഹിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന വിശാലമായ ഒരു ആശയമാണ് ഞാന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസുകാരുടേത്. അതുകൊണ്ടുതന്നെയാണ് തിരഞ്ഞെടുപ്പില്‍ പിന്തള്ളപെട്ടപോഴും അതിനെ അംഗീകരിച്ച് ശ്രീ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ട് പോകുന്നതും.

നിങ്ങളുടെ കുപ്രചരണങ്ങള്‍ക്കും ഭീഷണികള്‍ക്കും ഒന്നും എന്നെ തകര്‍ക്കാനോ തളര്‍ത്താനോ കഴിയില്ല. കാരണം എന്റെ സിരകളില്‍ ഒഴുകുന്നത് കോണ്‍ഗ്രസ് രക്തമാണ്.

വര്‍ഗ്ഗീയതയുടെ വക്താക്കള്‍ക്കെതിരിരെയും, നാട്ടിലെ അമ്പലങ്ങളേയെല്ലാം ആര്‍.എസ്.എസിന് തീറെഴുതികൊടുക്കുന്ന, ഒപ്പം സംഘപരിവാറിന് ഇടമുണ്ടാക്കികൊടുക്കുന്ന ക്യാമ്പസ്സുകള്‍ സൃഷ്ടിച്ചെടുക്കുന്ന നിങ്ങളുടെ അക്രമരാഷ്ട്രിയത്തിനെതിരെയുമുള്ള ജനാധിപത്യ പോരാട്ടം തുടരുകതന്നെ ചെയ്യും.

ജയ് ഹിന്ദ്!

അമല്‍ ചന്ദ്ര.സി.

പ്രസിഡന്റ്, കെ.എസ്.യു യൂണിവേഴ്‌സിറ്റി കോളേജ് യൂണിറ്റ് കമ്മിറ്റി, തിരുവനന്തപുരം.




Next Story

RELATED STORIES

Share it