Kerala

ആലുവയില്‍ തോക്കുചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ കേസ്: പ്രധാന പ്രതികളിലൊരാള്‍ അറസ്റ്റില്‍

പറവൂര്‍ വെടിമറ സ്വദേശി അന്‍ഷാദ് (30)നെയാണ് അറസ്റ്റ് ചെയ്തത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആളാണ് ഇയാളെന്ന് പോലിസ് പറഞ്ഞു. ഇയാള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെ പോലിസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു

ആലുവയില്‍ തോക്കുചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ കേസ്: പ്രധാന പ്രതികളിലൊരാള്‍ അറസ്റ്റില്‍
X

കൊച്ചി: ആലുവയില്‍ തോക്കുചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ കേസില്‍ പ്രധാന പ്രതികളിലൊരാള്‍ അറസ്റ്റില്‍. പറവൂര്‍ വെടിമറ സ്വദേശി അന്‍ഷാദ് (30)നെയാണ് അറസ്റ്റ് ചെയ്തത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആളാണ് ഇയാളെന്ന് പോലിസ് പറഞ്ഞു. ഇയാള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെ പോലിസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ വിവിധ സ്‌റ്റേഷനുകളില്‍ മോഷണവും പിടിച്ചുപറിയുമുള്‍പ്പെടെ മുപ്പത്തിരണ്ട് കേസുകളിലെ പ്രതിയാണ് പിടിയിലായ അന്‍ഷാദ് എന്ന് പോലിസ് പറഞ്ഞു. സംഭവത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന ഇയാള്‍ നാട്ടില്‍ തിരിച്ചെത്തി പറവൂരിലെ ഒരു ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയവേയാണ് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സാഹസികമായി പിടികൂടിയത്.

പ്രധാന പ്രതിയായ മനാഫിന്റെ സഹായിയാണ് ഇയാളെന്നും പോലിസ് പറഞ്ഞു. ക്വട്ടേഷന്‍ കൊടുത്ത മുജീബ് ഉള്‍പ്പെടെ ഏഴ് പേരെ നേരത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. മുജീബിന് കൊണ്ടുവന്ന ഹാന്‍സ് തട്ടിയെടുക്കാന്‍ മുജീബ് തന്നെ ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നു. ക്വട്ടേഷന്‍ കൊടുത്ത് ഹാന്‍സും കാറും തട്ടിയെടുത്ത് മറച്ചു വില്‍ക്കുകയിരുന്നു ഇയാളുടെ ലക്ഷ്യമെന്നും പോലിസ് പറഞ്ഞു.

മാര്‍ച്ച് 31ന് പുലര്‍ച്ചെ കമ്പനിപ്പടി ഭാഗത്ത് വച്ചാണ് സംഭവം. ഹാന്‍സുമായി കാറിലെത്തിയ പൊന്നാനി സ്വദേശി സജീറിനെയാണ് എട്ടംഗ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വാഹനമുള്‍പ്പെടെ തട്ടിക്കൊണ്ടുപോയത്. മര്‍ദ്ദിച്ച ശേഷം ഇയാളെ കളമശ്ശേരിയില്‍ ഇറക്കി വിട്ടു. പിന്നീട് ഫോണും കാറുമായി സംഘം കടന്നു കളയുകയായിരുന്നു. വാഹനങ്ങളും, ഹാന്‍സും നേരത്തെ കണ്ടെടുത്തു. എസ്എച്ച്ഒ എല്‍ അനില്‍കുമാര്‍, എസ്‌ഐ മാരായ എസ് ഷമീര്‍, വി എല്‍ ആനന്ദ്, സിപിഒ മാരായ മാഹിന്‍ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍, കെ എം മനോജ്, കെ അയൂബ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Next Story

RELATED STORIES

Share it