Kerala

മൗലാന മുഹമ്മദ് ഈസാ ഫാദില്‍ മമ്പഇക്ക് ആയിരങ്ങളുടെ യാത്രാമൊഴി

അനുശോചന യോഗത്തില്‍ ആന്റോ ആന്റണി എംപി, പി സി ജോര്‍ജ് എംഎല്‍എ, നഗരസഭാ ചെയര്‍മാന്‍ വി കെ കബീര്‍, നാസറുദ്ധീന്‍ എളമരം, സി പി മുഹമ്മദ് ബഷീര്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞു മൗലവി, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, അബ്ദുല്‍ മജീദ് ഫൈസി, മുവാറ്റുപുഴ അഷറഫ് മൗലവി, എം കെ മനോജ്കുമാര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

മൗലാന മുഹമ്മദ് ഈസാ ഫാദില്‍ മമ്പഇക്ക് ആയിരങ്ങളുടെ യാത്രാമൊഴി
X

ഈരാറ്റുപേട്ട: ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റും പ്രമുഖ പണ്ഡിതനുമായ മൗലാന മുഹമ്മദ് ഈസാ ഫാദില്‍ മമ്പഇക്ക് ആയിരങ്ങളുടെ യാത്രാമൊഴി. അദ്ദേഹത്തിന്റെ വസതിയിലും മയ്യിത്ത് നമസ്‌കാരം നടന്ന ഈരാറ്റുപേട്ട പുത്തന്‍പള്ളി ജുമാ മസ്ജിദിലും ശിഷ്യരും രാഷ്ട്രീയ-മത-സംഘടനാ നേതാക്കളുമായി ആയിരങ്ങളാണ് എത്തിയത്. ഈസാ മമ്പഇയുടെ മരണ വിവരം അറിഞ്ഞത് മുതല്‍ അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാന്‍ നാട്ടുകാരും ബന്ധുക്കളും വീട്ടിലേക്ക് ഒഴുകിയെത്തി.

ഖബറടക്കത്തിന് ശേഷം പുത്തന്‍പള്ളി അങ്കണത്തില്‍ സംയുക്തമഹല്‍ ജമാഅത്തിന്റെ നേതൃത്വത്തില്‍ അനുശോചന യോഗം ചേര്‍ന്നു. പുത്തന്‍പള്ളി ജമാഅത്ത് സെക്രട്ടറി കെ എം ജാഫര്‍ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി, പി സി ജോര്‍ജ് എംഎല്‍എ, നഗരസഭാ ചെയര്‍മാന്‍ വി കെ കബീര്‍, പോപുലര്‍ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ധീന്‍ എളമരം, ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞു മൗലവി, ജനറല്‍ സെക്രട്ടറി കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റുമാരായ മുവാറ്റുപുഴ അഷറഫ് മൗലവി, എം കെ മനോജ്കുമാര്‍, ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് സംസ്ഥാന സമിതി അംഗം അബ്ദുഷുക്കൂര്‍ മൗലവി, മുഹമ്മദ് നദിര്‍ മൗലവി, പി ഇ മുഹമ്മദ് സക്കീര്‍, പി എസ് ഷെഫിഖ്, കെ എച്ച് ഇസ്മായില്‍ മൗലവി, വി പി സുബൈര്‍ മൗലവി, പി എം ഷെരീഫ് സംസാരിച്ചു.

ഇന്നു രാവിലെ 5.30ഓടെ ഈരാറ്റുപേട്ട വസതിയിലായിരുന്നു അന്ത്യം. ഈരാറ്റുപേട്ട അല്‍ ജാമിയത്തുല്‍ ഫൗസിയ ട്രസ്റ്റ് ചെയര്‍മാന്‍, ഫൗസിയ കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് ഇസ്ലാമിക് സ്റ്റഡീസ് പ്രിന്‍സിപ്പാള്‍ എന്നീ ചുമതല വഹിക്കുന്നു.

ദക്ഷിണ കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാനായി മുപ്പതു വര്‍ഷത്തോളം സേവനമനുഷ്ഠിച്ചിരുന്നു. കൂടാതെ മന്നാനിയ അറബിക് കോളജ് വര്‍ക്കല, ഹസനിയ അറബിക് കോളജ് കായംകുളം, നൂറുല്‍ ഹുദ അറബിക് കോളജ് കാഞ്ഞിരപ്പള്ളി, മുനവ്വിറുല്‍ ഇസ്‌ലാം അറബിക് കോളജ് കാരിക്കോട്, പുത്തന്‍പള്ളി അറബി കോളജ് ഈരാറ്റുപേട്ട എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പാളായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ദീര്‍ഘകാലം ഈരാറ്റുപേട്ട പുത്തന്‍പള്ളി ഇമാമായിരുന്ന മുഹമ്മദ് അലിയാര്‍ മൗലവിയുടെ മകനാണ്. ഭാര്യ ജമീല ഈരാറ്റുപേട്ട ഇഞ്ചക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: അബ്ദുനൂര്‍ മൗലവി (ഇമാം, വെട്ടം തീണ്ടാപ്പടി ജുമാ മസ്ജിദ്), അമീന്‍ മൗലവി അല്‍ ഹസനി (ഇമാം, ജബലുന്നൂര്‍ ജുമാ മസ്ജിദ്, തേവരുപാറ), മുഹമ്മദ് ഉനൈസ് മൗലവി (ഇമാം, മസ്ജിദുല്‍ ഹുദ, നടയ്ക്കല്‍), മുഹമ്മദ് അര്‍ഷദ് (ബിസ്സിനസ്സ്), മുഹമ്മദ് അന്‍വര്‍ അബ്‌റാരി (ഇമാം, അറഫ ജുമാ മസ്ജിദ് ചക്കരപറമ്പ്), മുഹമ്മദ് അന്‍സര്‍ ഫാറൂഖി (അധ്യാപകന്‍, ഗൈഡന്‍സ് പബ്ലിക് സ്‌കൂള്‍, ഈരാറ്റുപേട്ട) റുഷ്ദ. മരുമക്കള്‍: ഡി എം മുഹമ്മദ് മൗലവി(ചെയര്‍മാന്‍, മജ്‌ലിസുല്‍ അബറാര്‍ വടുതല) ബുഷ്‌റ, നസീറ (കായംകുളം), താഹിറ(കൊല്ലം), ഫാത്വിമ ചങ്ങനാശ്ശേരി, ഹഫ്‌സ, ഹസീന. ഈരാറ്റുപേട്ട പുത്തന്‍പള്ളി ഇമാം മുഹമ്മദ് നദീര്‍ മൗലവി, അബ്ദുറഷീദ് മൗലവി കരുനാഗപ്പള്ളി എന്നിവര്‍ സഹോദരങ്ങളാണ്.




Next Story

RELATED STORIES

Share it