Kerala

ആലപ്പുഴ- എറണാകുളം മെമു സര്‍വീസില്‍ കോച്ചുകള്‍ കൂട്ടാനാവില്ലെന്ന് റെയില്‍വേ

ഹൈക്കോടതിയിലെ അഭിഭാഷകനായ വിവരാവകാശപ്രവര്‍ത്തകന്‍ ഡി ബി ബിനുവും ചേര്‍ത്തല തുറവൂര്‍ സ്വദേശി പ്രേംകുമാറും സമര്‍പ്പിച്ച ഹരജിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് റെയില്‍വേയോട് വിശദീകരണം ആവശ്യപ്പെട്ടത്.

ആലപ്പുഴ- എറണാകുളം മെമു സര്‍വീസില്‍ കോച്ചുകള്‍ കൂട്ടാനാവില്ലെന്ന് റെയില്‍വേ
X

കൊച്ചി: തിരക്കേറിയ ആലപ്പുഴ- എറണാകുളം പാസഞ്ചര്‍ മെമു ട്രെയിനിന്റെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ. രാവിലെയുള്ള ആലപ്പുഴ- എറണാകുളം മെമു ട്രെയിനിലെ അമിതതിരക്ക് നിയന്ത്രിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം ഡിവിഷന്‍ ഈ മറുപടി നല്‍കിയത്. തുറവൂരില്‍നിന്നും എറണാകുളം വരെയുള്ള 28 കിലോമീറ്റര്‍ ദൂരം മാത്രമാണ് തിരക്കുള്ളതെന്നും റെയില്‍വേ മറുപടിയില്‍ വ്യക്തമാക്കി. ഹൈക്കോടതിയിലെ അഭിഭാഷകനായ വിവരാവകാശപ്രവര്‍ത്തകന്‍ ഡി ബി ബിനുവും ചേര്‍ത്തല തുറവൂര്‍ സ്വദേശി പ്രേംകുമാറും സമര്‍പ്പിച്ച ഹരജിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് റെയില്‍വേയോട് വിശദീകരണം ആവശ്യപ്പെട്ടത്.

ആലപ്പുഴ- എറണാകുളം പാസഞ്ചര്‍ (6614) ട്രെയിനെയാണ് പരാതിക്കാര്‍ എറണാകുളത്തെത്താന്‍ ആശ്രയിച്ചിരുന്നത്. എന്നാല്‍, 16 കോച്ചുകളുള്ള പാസഞ്ചര്‍ ട്രെയിനു പകരം 12 കോച്ചുള്ള മെമു ട്രെയിന്‍ ഒക്ടേബര്‍ 22ന് ഏര്‍പ്പെടുത്തിയതോടെയാണ് യാത്രക്കാര്‍ ദുരിതത്തിലായത്. മെമു ട്രെയിനിന്റെ കോച്ചുകളുടെ എണ്ണം 12 ല്‍നിന്ന് 16 ആക്കി വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന് തിരുവനന്തപുരം ഡിവിഷനല്‍ സീനിയര്‍ ഓപറേഷന്‍ മാനേജര്‍ വൈ സെല്‍വിന്‍ എതിര്‍സത്യവാങ്മൂലത്തില്‍ പറയുന്നു. 12 കോച്ചുകളുള്ള മെമു മാത്രമേ കൊല്ലത്തുള്ള യാഡില്‍ റിപ്പയര്‍ ചെയ്യാന്‍ കഴിയൂ എന്നും കൂടുതല്‍ സ്ഥലമേറ്റെടുക്കാന്‍ കഴിയാത്തതുമാണ് കാരണമെന്ന് റെയില്‍വേ മറുപടിയില്‍ ചൂണ്ടിക്കാട്ടി. ആലപ്പുഴ വരെ 386- 600 യാത്രക്കാരാണ് ട്രെയിനിലുള്ളത്.

ആലപ്പുഴ മുതല്‍ ചേര്‍ത്തല വരെ 500 മുതല്‍ 600 വരെ. ഇത് സീറ്റിങ് കപ്പാസിറ്റിയേക്കാള്‍ കുറവാണ്. തുറവൂരില്‍നിന്നും എറണാകുളം വരെയുള്ള 28 കിലോമീറ്റര്‍ ദൂരം മാത്രമാണ് ട്രെയിനില്‍ തിരക്ക് കൂടുതലുള്ളതെന്നും റെയില്‍വേ വ്യക്തമാക്കുന്നു. സാധാരണ മെമുവില്‍ 8 കോച്ചുകളാണുള്ളത്. ആലപ്പുഴ തീരദേശപാതയുടെ പ്രാധാന്യം കണക്കിലെടുത്താണ് 12 കോച്ചുകളാക്കി വര്‍ധിപ്പിച്ചത്. അതിനുള്ള പ്രത്യേക സംവിധാനവും ഷെഡുമാണ് റെയില്‍വേ ഉണ്ടാക്കിയിട്ടുള്ളത്. മെമുവിന്റെ ഒരു കൊച്ചിന് (മോട്ടോര്‍ കാര്‍) 65 പേര്‍ക്ക് ഇരിക്കാനും 114 പേര്‍ക്ക് നില്‍ക്കാന്‍ കഴിയും. 12 എണ്ണത്തില്‍ 915- 927 പേര്‍ക്ക് നില്‍ക്കാനും 1647 പേര്‍ക്ക് നിന്നും യാത്രചെയ്യാം. മൊത്തം 2,562 പേര്‍ക്ക് ഒരേസമയം യാത്രചെയ്യാം.

16 കോച്ചുള്ള പഴയ പാസഞ്ചര്‍ ട്രെയിനിലെ ആളുകളെ 12 കോച്ചുള്ള മെമു ട്രെയിനില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന വിചിത്രമായ വാദവും റെയില്‍വേ ഉന്നയിച്ചിട്ടുണ്ട്. ട്രെയിന്‍ സര്‍വീസ് നടത്തുന്നത് തങ്ങളുടെ നയപരമായ കാര്യമാണെന്നും അതില്‍ കോടതികള്‍ ഇടപെടരുതെന്നും സുപ്രിംകോടതി ഉത്തരവിട്ടിട്ടുണ്ടെന്ന് റെയില്‍വേ ബോധിപ്പിച്ചു. എ എം ആരിഫ്, കൊടിക്കുന്നില്‍ സുരേഷ് എന്നീ എംപിമാര്‍ ഇടപെട്ടപ്പോള്‍ പ്രശ്‌നം പരിഹരിക്കാമെന്ന് റെയില്‍വേ നേരത്തെ ഉറപ്പുനല്‍കിയതാണ്. പുതിയ മെമു ഏര്‍പ്പെടുത്തിയതോടെ യാത്രാസമയം കുറയ്ക്കാനും സമയനിഷ്ഠ പാലിക്കാനും ചെലവ് ഗണ്യമായി കുറയ്ക്കാനും റെയില്‍വേയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് അവകാശവാദം. കായംകുളം എറണാകുളം (56 350) പാസഞ്ചര്‍ ട്രെയിന്‍ രാവിലെ 10ന് എറണാകുളത്തെത്തുന്ന വിധം സമയം പുനക്രമീകരിക്കണമെന്ന് കമ്മീഷന്റെ നിര്‍ദേശത്തോട് റെയില്‍വേ പ്രതികരിച്ചിട്ടില്ലെന്ന് പരാതിക്കാരനായ ഡി ബി ബിനു പറഞ്ഞു. ഹരജി കമ്മീഷന്‍ പിന്നീട് പരിഗണിക്കും.

Next Story

RELATED STORIES

Share it