Latest News

കുടിയേറ്റ നിയമങ്ങള്‍ കടുപ്പിച്ച് അമേരിക്ക

കുടിയേറ്റ നിയമങ്ങള്‍ കടുപ്പിച്ച് അമേരിക്ക
X

വാഷിങ്ടണ്‍: വിദേശികളെ നാടുകടത്തുന്നതിനുള്ള നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്ന രണ്ടു പ്രധാന കുടിയേറ്റ ബില്ലുകളുമായി യുഎസ് റിപബ്ലിക്കന്‍ പാര്‍ട്ടി. തട്ടിപ്പുകാരെ നാടുകടത്തന്‍ നിയമം 2026, ബൗ വൗ ആക്ട് എന്നീ ബില്ലുകളാണ് ഹൗസ് റൂള്‍സ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ പദ്ധതികളില്‍ തട്ടിപ്പ് നടത്തുന്നവരെയും സേവനത്തിലുള്ള പോലിസ് മൃഗങ്ങളെ ഉപദ്രവിക്കുന്നവരെയും ലക്ഷ്യമിട്ടാണ് പുതിയ നിയമ നിര്‍ദ്ദേശങ്ങള്‍. ഇത്തരം കുറ്റങ്ങളില്‍ ഉള്‍പ്പെടുന്ന വിദേശികളെ രാജ്യത്ത് തുടരാന്‍ അനുവദിക്കാതെ നിര്‍ബന്ധമായും നാടുകടത്താന്‍ വ്യവസ്ഥയുണ്ട്.

കുറ്റം ആരോപിക്കപ്പെട്ടാല്‍ തന്നെ നടപടികള്‍ ആരംഭിക്കാന്‍ ബില്ലുകള്‍ അധികാരം നല്‍കുന്നതാണ് പ്രധാന പ്രത്യേകത. ചില സാഹചര്യങ്ങളില്‍ കോടതിയുടെ അന്തിമ ശിക്ഷാവിധി വരെയും കാത്തിരിക്കേണ്ടതില്ലെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രേഖകളില്ലാതെ രാജ്യത്ത് കഴിയുന്നവര്‍ക്കും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വിദേശികള്‍ക്കും ഇത് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. നിലവിലെ നിയമങ്ങളിലെ പോരായ്മകള്‍ പരിഹരിക്കാനാണ് ഈ നീക്കമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി വ്യക്തമാക്കി.

എന്നാല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ശക്തമായി എതിര്‍പ്പ് രേഖപ്പെടുത്തി. തട്ടിപ്പും മൃഗങ്ങളോടുള്ള ക്രൂരതയും ഇതിനകം തന്നെ കുറ്റകൃത്യങ്ങളാണെന്നും നിലവിലെ നിയമങ്ങള്‍ പ്രകാരം ശിക്ഷാനന്തരമായി നാടുകടത്താന്‍ സംവിധാനം ഉണ്ടെന്നും ജിം മക്ഗവര്‍ണ്‍ പറഞ്ഞു. കോടതിയുടെ ശിക്ഷാവിധിയില്ലാതെ നാടുകടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും നീതിന്യായ വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുമെന്നും ഡെമോക്രാറ്റുകള്‍ ആരോപിച്ചു. കുറ്റവാളികളില്‍ നിന്ന് പിഴ ഈടാക്കാനും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും ഇത്തരം നിയമങ്ങള്‍ തടസ്സമാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ശക്തമായ രാഷ്ട്രീയ വാദ പ്രതിവാദങ്ങള്‍ക്കിടയിലും ബില്ലുകള്‍ ഉടന്‍ സഭയില്‍ വോട്ടെടുപ്പിന് എത്തും.

Next Story

RELATED STORIES

Share it