Kerala

ആലപ്പാട് കരിമണല്‍ ഖനനം: അടിയന്തിരമായി റിപ്പോര്‍ട്ട് തേടുമെന്ന് കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്

ഖനനം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഇന്ന് പാര്‍ലമെന്റിലെ മന്ത്രിയുടെ ചേംബറില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഈ ഉറപ്പു നല്‍കിയത്.

ആലപ്പാട് കരിമണല്‍ ഖനനം:      അടിയന്തിരമായി റിപ്പോര്‍ട്ട് തേടുമെന്ന് കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്
X
ന്യൂഡല്‍ഹി: ആലപ്പാട്ടെ അശാസ്ത്രീയവും, അനധികൃതവുമായ ഖനനത്തെ സംബന്ധിച്ച് ഐ ആര്‍ ഇ ഡയറക്ടറോട് അടിയന്തിരമായി റിപ്പോര്‍ട്ട് തേടുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഉറപ്പു നല്‍കിയതായി കെ സി വേണുഗോപാല്‍ എംപി. അശാസ്ത്രീയ ഖനനം മൂലം ഭൂമി കടലെടുത്തു പോവുകയും, മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴിലും മല്‍സ്യ സമ്പത്തും നഷ്ടപ്പെടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഖനനം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഇന്ന് പാര്‍ലമെന്റിലെ മന്ത്രിയുടെ ചേംബറില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഈ ഉറപ്പു നല്‍കിയത്. 43 വര്‍ഷമായി ആലപ്പാട് നടന്നു വരുന്ന അശാസ്ത്രീയമായ ഖനനം മൂലം 81 . 5 ഏക്കറോളം ഭൂമി കടലെടുത്തു പോവുകയും, പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴിലും, മല്‍സ്യ സമ്പത്തും നഷ്ടമാവുകയും ചെയ്തിട്ടുണ്ടെന്നു മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. 1968 ലാണ് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഐ ആര്‍ ഇ യും, സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കെ എം എം എല്‍ ലിമിറ്റഡും ആലപ്പാട് കരിമണല്‍ ഖനനം ആരംഭിക്കുന്നത്. കൊല്ലം ജില്ലയിലെ ചവറക്കും ആലപ്പാടിനും ഇടയില്‍ 23 കിലോമീറ്ററോളം ദൂരത്തില്‍ കായലിനും കടലിനുമിടയില്‍ കിടക്കുന്ന പ്രദേശം അവിടെ അധിവസിക്കുന്ന ജനങ്ങളുടെ കണ്മുന്നില്‍ നാള്‍ക്കുനാള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നു ചൂണ്ടിക്കാണിച്ചു. സമുദ്ര തീരത്തെ പാരിസ്ഥിതിക സന്തുലനത്തില്‍ സുപ്രധാനമായ പങ്കുവഹിക്കുന്ന മണല്‍ത്തിട്ടകളും, കണ്ടല്‍ കാടുകളും, പവിഴപ്പുറ്റുകളും, അശാസ്ത്രീയ ഖനനം മൂലം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. കൂടാതെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ തൊഴിലും, മല്‍സ്യ സമ്പത്തും നഷ്ടമാകാവുകയും, ജലസ്രോതസ്സുകള്‍ വറ്റി വരണ്ടു പോവുകയും ഉള്‍പ്പെടെയുള്ള കനത്ത പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ആലപ്പാടിലെ ജനങ്ങള്‍ അനുഭവിക്കുന്നതെന്നു ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച് അനധികൃതവും, അശാസ്തീയവുമായി ഖനനം നിറുത്തണമെന്നാവശ്യപ്പെട്ടു ആലപ്പാട്ടെ ജനങ്ങള്‍ 90 ദിവസത്തോളമായി സമരം നടത്തുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഈ വിഷയങ്ങളെക്കുറിച്ചു ഐ ആര്‍ ഇ ഡയറക്ടറില്‍ നിന്ന് റിപ്പോര്‍ട്ട് തേടുമെന്നും, ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഡോ.ജിതേന്ദ്ര സിംഗ് ഉറപ്പു നല്‍കിയതായും കെ സി വേണുഗോപാല്‍ എംപി അറിയിച്ചു.




Next Story

RELATED STORIES

Share it