Kerala

ബാബരി ധ്വംസനത്തിലെ കോടതി വിധി: ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യ വീണ്ടും തല കുനിക്കുന്നു-അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍

ബാബരിയുടെ വിശുദ്ധ ഭൂമി രാമക്ഷേത്രത്തിന് വിധിയെഴുതി ജനാധിപത്യവിശ്വാസികളെ നിരാശയിലാഴ്ത്തിയതിന് ശേഷം ഇത് മുസ്‌ലിം സമൂഹത്തിന് ലഭിച്ച ഇരട്ടപ്രഹരമാണ്.

ബാബരി ധ്വംസനത്തിലെ കോടതി വിധി:  ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യ വീണ്ടും തല കുനിക്കുന്നു-അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍
X
കോഴിക്കോട്: മതേതരത്വത്തിന്റെ പ്രതീകമായിരുന്ന ബാബരിയുടെ ധ്വംസനത്തിന് കാല്‍ നൂറ്റാണ്ട് പിന്നിട്ടവേളയില്‍ പള്ളി തകര്‍ക്കാന്‍ നേതൃത്വം നല്‍കിയ കാപാലികരെ വെറുതെ വിട്ട സിബിഐ കോടതി വിധി രാജ്യം നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയെ മറയില്ലാതെ വ്യക്തമാക്കുന്നതാണെന്ന് അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍ സ്‌റ്റേറ്റ് സമിതി. ഭരണകൂടവും ജുഡീഷ്യറിയും തമ്മില്‍ നടത്തുന്ന അവിശുദ്ധ ചങ്ങാത്തത്തില്‍ രാജ്യം നാളിത് വരെ ഉയര്‍ത്തിപ്പിടിച്ച ജനാധിപത്യമൂല്യങ്ങളും മതനിരപേക്ഷ കാഴ്ചപ്പാടുകളും ഒന്നൊന്നായി തകര്‍ന്ന് വീഴുകയാണ്. രാജ്യത്തിന്റെ അഷ്ടദിക്കിലൂടെയും ഫാഷിസത്തിന്റെ രഥമുരുട്ടി ഭൂരിപക്ഷ സമൂഹത്തില്‍ സൃഷ്ടിച്ചെടുത്ത അതിഹീനമായ വര്‍ഗീയ ധ്രുവീകരണവും അതില്‍ നിന്നും പ്രചോദിതരായി ഒരു കൂട്ടം അവിവേകികള്‍ പകല്‍ സൂര്യനെ സാക്ഷിയാക്കി നടത്തിയ കര്‍സേവയും ലോകം മുഴുവന്‍ ഉദ്വേഗത്തോടെ വീക്ഷിച്ച നഗ്‌ന യാഥാര്‍ത്ഥ്യങ്ങളാണ്. അതിനെ പെട്ടെന്നുണ്ടായ വികാരത്തിലേക്ക് വ്യാഖ്യാനിക്കുന്ന കോടതി പൗരസമൂഹത്തിന്റെ സാമാന്യബുദ്ധിയെ പരിഹസിക്കുകയാണ്. ബാബരിയുടെ വിശുദ്ധ ഭൂമി രാമക്ഷേത്രത്തിന് വിധിയെഴുതി ജനാധിപത്യവിശ്വാസികളെ നിരാശയിലാഴ്ത്തിയതിന് ശേഷം ഇത് മുസ്‌ലിം സമൂഹത്തിന് ലഭിച്ച ഇരട്ടപ്രഹരമാണ്. വര്‍ഗീയ കലാപങ്ങളിലൂടെയും കരിനിയമങ്ങള്‍ ചമച്ച് ഏകപക്ഷീയമായി നടത്തുന്ന ന്യൂനപക്ഷ വേട്ടയിലൂടെയും രാജ്യം ദിനാനുദിനം ലജ്ജിച്ച് തല കുനിക്കുമ്പോഴാണ് ഫാഷിസത്തിന് കുഴലൂത്ത് നടത്തുന്ന ഈ വിധിയെന്നത് ഏറെ ഖേദകരമാണ്.

ഫാഷിസം എത്ര തേര്‍വാഴ്ച്ച നടത്തിയാലും ജഗന്നിയന്താവിലുള്ള പ്രതീക്ഷ കൈവിടാതെ നീതിയുടെ പുലരിക്കായി വിശ്വാസികളും നേതൃനിരയില്‍ പണ്ഡിതന്മാരും എന്നും കര്‍മ്മനിരതരാ യിരിക്കണമെന്ന് അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍ സ്‌റ്റേറ്റ് സമിതി ആഹ്വാനം ചെയ്തു. പ്രസിഡന്റ് ഇ എം സുലൈമാന്‍ മൗലവി അല്‍ കൗസരി, വര്‍ക്കിംഗ് പ്രസിഡന്റ് കട്ടപ്പന അബ്ദുന്നാസിര്‍ മൗലവി അല്‍ കൗസരി ,വൈസ് പ്രസിഡന്റ് ടി എ അബ്ദുല്‍ ഗഫാര്‍ മൗലവി അല്‍ കൗസരി, ജനറല്‍ സെക്രട്ടറി എ പി ഷിഫാര്‍ മൗലവി അല്‍ കൗസരി, ട്രഷറര്‍ പി എച്ച് സൈനുല്‍ ആബിദീന്‍ മൗലവി അല്‍ കൗസരി, തൊടുപുഴ ജമാല്‍ മൗലവി അല്‍ കൗസരി, മുസമ്മില്‍ മൗലവി അല്‍ കൗസരി തുടങ്ങിയവര്‍ പ്രസ്താവനയില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it