Kerala

ആരാധനാലയങ്ങൾക്ക് ഉപാധികളോടെ ഇളവ് നൽകുക: അൽകൗസർ ഉലമാ കൗൺസിൽ

നിലവിൽ ഹോട്ട്സ്പോട്ടുകൾ കുറയുകയും ഇളവുകൾ പ്രാബല്യത്തിൽ വരുകയും ചെയ്തതോടെ ജനജീവിതം സാധാരണഗതിയിലേക്ക് തിരികെയെത്തുകയാണ്.

ആരാധനാലയങ്ങൾക്ക് ഉപാധികളോടെ ഇളവ് നൽകുക: അൽകൗസർ ഉലമാ കൗൺസിൽ
X

തിരുവനന്തപുരം: ലോകമെമ്പാടും അതിവേഗതയിൽ പടർന്ന്പിടിച്ച കൊറോണാ വൈറസ് മനുഷ്യസംവിധാനങ്ങളെ അക്ഷരാർത്ഥത്തിൽ സതംഭിപ്പിച്ച് കളഞ്ഞ ഒരു മാസമാണ് നമ്മിലൂടെ കടന്ന് പോയതെന്ന് അൽ കൗസർ ഉലമാ കൗൺസിൽ. ആരോഗ്യ മുൻകരുതലുകളും സുരക്ഷാ ക്രമീകരണങ്ങളും പാലിച്ച് ജനസമൂഹം മതപരമായ ചടങ്ങുകൾ വരെ നിയന്ത്രിക്കുകയും കൊറോണാ പ്രതിരോധത്തിൽ ഏകകണ്ഠമായി സഹകരിക്കുകയും ചെയ്തപ്പോൾ നമ്മുടെ സംസ്ഥാനത്തുൾപ്പെടെ സ്ഥിതിഗതികൾ ഒരുപരിധിവരെ നിയന്ത്രണ വിധേയമായത് ഏറെ ആശ്വാസജനകമാണ്. ഈ മഹായജ്ഞത്തിൽ രാപ്പകൽ ഭേദമന്യേ വിയർപ്പൊഴുക്കിയ സംസ്ഥാനജില്ലാ ഭരണകൂടങ്ങൾ ആരോഗ്യപ്രവർത്തകർ നിയമപാലകർ സന്നദ്ധസേവകർ എല്ലാവരെയും നന്ദിയോടെ സ്മരിക്കേണ്ട സന്ദർഭമാണിത്.

നിലവിൽ ഹോട്ട്സ്പോട്ടുകൾ കുറയുകയും ഇളവുകൾ പ്രാബല്യത്തിൽ വരുകയും ചെയ്തതോടെ ജനജീവിതം സാധാരണഗതിയിലേക്ക് തിരികെയെത്തുകയാണ്. കടകളും കമ്പോളങ്ങളും സജീവമാകുകയും സതംഭനാവസ്ഥ ഘട്ടംഘട്ടമായി മാറിവരുകയും ചെയ്യുന്നതും സന്തോഷമുളവാക്കുന്ന കാര്യങ്ങളാണ്. അതിവിശിഷ്ഠമായ എണ്ണം പറഞ്ഞ ജുമുഅകളും റമളാൻ ആദ്യപകുതിയും നിശ്ചലാവസ്ഥയിൽ വേദനയോടെ കടന്ന് പോയെങ്കിലും മസ്ജിദുകളിൽ ഉപാധികളോടെ ഇളവനുവദിക്കാവുന്ന സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. കൊറോണ തീവ്രപ്രദേശങ്ങളൊഴികെയുളള സ്ഥലങ്ങളിൽ മാത്രം സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചും സാമൂഹിക അകലം കൃത്യമായി സൂക്ഷിച്ചും നിയമലംഘനത്തിനൊരു പഴുതും നൽകാതെ ജുമുഅ, പെരുന്നാൾ നമസ്കാരം നിർവ്വഹിക്കാൻ സർക്കാർ വിശ്വാസികളെ അനുവദിക്കണമെന്ന് അൽ കൗസർ ഉലമാ കൗൺസിൽ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

സമുദായത്തിൻെറ മുഖ്യധാരയിൽ നിന്നും പൊതു ആഹ്വാനമായി ഇതുയർന്ന് വരണമെന്നും സർക്കാറിനെ യഥോചിതം സ്ഥിതിഗതികൾ ബോധിപ്പിക്കണമെന്നും അനുകൂല സാഹചര്യമൊരുക്കാൻ യോജിച്ച ശ്രമങ്ങൾ നടത്തണമെന്നും സംസ്ഥാന സമിതി വ്യക്തമാക്കി. എല്ലാ മഹല്ല് ഇമാമീങ്ങൾക്കും മസ്ജിദുകളിലേക്ക് മടങ്ങിവരാൻ അവസരമൊരുക്കുന്നതിലും മസ്ജിദ് -മദ്രസാ ജീവനക്കാർക്ക് മാസവേതനം ഉറപ്പുവരുത്തുന്നതിലും മഹല്ല് ഭാരവാഹികൾ അടിയന്തിര ശ്രദ്ധപതിപ്പിക്കണം. നിർബന്ധമായ കരുതലർഹിക്കുന്ന മദ്രസാജീവനക്കാരെ ഈ സങ്കീർണ്ണഘട്ടത്തിൽ ചിലയിടങ്ങളിൽ നിന്നും നിരുപാധികം ഒഴിവാക്കുന്നു എന്ന വാർത്ത വേദനാജനകമാണെന്നും മസ്ജിദ് മേലധികാരികൾ നിരുത്തരവാദപരമായ തീരുമാനങ്ങളിൽ നിന്നും ഉടൻ പിൻമാറണമെന്നും കൗൺസിൽ പ്രസിഡൻ്റ് ഇ എം സുലൈമാൻ മൗലവി അൽ കൗസരി, വർക്കിങ് പ്രസിഡൻ്റ് നാസറുദ്ദീൻ മൗലവി അൽ കൗസരി കട്ടപ്പന, സെക്രട്ടറി എ പി ഷിഫാർ മൗലവി അൽ കൗസരി എന്നിവർ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it