Kerala

മഫ്തിയിലെത്തിയ ഡിസിപിയെ തടഞ്ഞു; വനിതാ പോലിസിനെ ട്രാഫിക്കിലേക്ക് സ്ഥലംമാറ്റി

ഡിസിപിയുടെ നടപടിക്കെതിരേ പോലിസുകാര്‍ക്കുള്ളില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. അടുത്തിടെ ചുമതലയേറ്റ ഡിസിപി യൂനിഫോമില്‍ അല്ലാതെ വന്നാല്‍ എങ്ങനെ തിരിച്ചറിയുമെന്ന് പോലിസുകാര്‍ ചോദിക്കുന്നു.

മഫ്തിയിലെത്തിയ ഡിസിപിയെ തടഞ്ഞു; വനിതാ പോലിസിനെ ട്രാഫിക്കിലേക്ക് സ്ഥലംമാറ്റി
X

കൊച്ചി: മഫ്തിയില്‍ പോലിസ് സ്റ്റേഷനിലേക്ക് കയറി വന്ന ഡിസിപിയെ ആള്‍ അറിയാതെ തടഞ്ഞ വനിതാ പോലിസുകാരിക്കെതിരെ നടപടി. എറണാകുളം വനിതാ സ്റ്റേഷനിലെ പാറാവു ജോലി ചെയ്ത ഉദ്യോഗസ്ഥയെയാണ് ഡിസിപി ഐശ്വര്യ ഡോം​ഗ്റെ ട്രാഫിക്കിലേക്ക് സ്ഥലംമാറ്റിയത്.

ഡിസിപിയുടെ നടപടിക്കെതിരേ പോലിസുകാര്‍ക്കുള്ളില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. അടുത്തിടെ ചുമതലയേറ്റ ഡിസിപി യൂനിഫോമില്‍ അല്ലാതെ വന്നാല്‍ എങ്ങനെ തിരിച്ചറിയുമെന്ന് പോലിസുകാര്‍ ചോദിക്കുന്നു. മാത്രമല്ല, കൊവിഡ് നിയന്ത്രണങ്ങളുള്ളപ്പോള്‍ സ്‌റ്റേഷനിലേക്ക് വരുന്നയാളെ ചോദ്യമില്ലാതെ കയറ്റിവിട്ടാല്‍ അതും കൃത്യവിലോപമായി കാണില്ലേയെന്നും ഇവര്‍ ചോദിക്കുന്നു.

അതേസമയം, തന്റെ നടപടിയെ ഡിസിപി ഐശ്വര്യ ന്യായീകരിക്കുകയാണ് ചെയ്തത്. പാറാവ് ജോലി ഏറെ ജാഗ്രതയോടെ ചെയ്യേണ്ടതാണ്. ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥയ്ക്ക് ശ്രദ്ധ കുറവുണ്ടായിരുന്നു. ഡിസിപിയായ താന്‍ ഔദ്യോഗിക വാഹനത്തില്‍ വന്നിറങ്ങിയത് അവര്‍ ശ്രദ്ധിച്ചില്ലെന്നും ഐശ്വര്യ പറഞ്ഞു. ട്രാഫിക്കില്‍ അവര്‍ നല്ല രീതിയിലാണ് ജോലി ചെയ്യുന്നതെന്നും അതിനെ അഭിനന്ദിക്കുന്നെന്നും ഐശ്വര്യ പറഞ്ഞു.

കഴിഞ്ഞദിവസമാണ് സംഭവം. നോര്‍ത്ത് സ്‌റ്റേഷനിലേക്ക് ഒരു യുവതി കയറി വന്നപ്പോള്‍ പാറാവിലുണ്ടായിരുന്ന വനിതാ പോലിസ് തടഞ്ഞ് കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. യുവതി യൂനിഫോമില്‍ അല്ലാത്തതിനാല്‍ ഡിസിപിയാണെന്ന് വനിതാ പോലിസിന് മനസിലായില്ല. മാത്രമല്ല, പുതുതായി ചുമതലയേറ്റതിനാല്‍ മുഖപരിചയവും ഇല്ലായിരുന്നു.

പിന്നാലെയാണ് ഡിസിപിയെയാണ് താന്‍ തടഞ്ഞതെന്ന് വനിതാ പോലിസിന് മനസിലായത്. ഡിസിപി ഔദ്യോഗിക വാഹനത്തില്‍ വന്നിറങ്ങിയത് ശ്രദ്ധിച്ചില്ലെന്നാണ് ഉദ്യോഗസ്ഥയുടെ മറുപടി. സംഭവത്തില്‍ വിശദീകരണം നല്‍കിയെങ്കിലും തൃപ്തികരമല്ലെന്ന് പറഞ്ഞ് രണ്ടു ദിവസത്തേക്ക് ട്രാഫിക്കിലേക്ക് സ്ഥലംമാറ്റുകയായിരുന്നു.

Next Story

RELATED STORIES

Share it