Kerala

പ്രവാസികൾക്കുള്ള ദോഹ- തിരുവനന്തപുരം വിമാനം റദ്ദാക്കി; ചൊവ്വാഴ്ച പുറപ്പെടുമെന്ന് ജില്ലാ കലക്ടർ

ഇന്ന് രാത്രി 10.45 ന് തിരുവനന്തപുരത്ത് എത്തേണ്ട വിമാനമാണ് ഖത്തർ സർക്കാരിന്റെ ലാൻഡിങ് പെർമിറ്റ് ലഭിക്കാത്തതു കാരണം റദ്ദാക്കിയത്. യാത്ര റദ്ദാക്കിയത് സംബന്ധിച്ച് തിരുവനന്തപുരം വിമാനത്താവളത്തില്‍ അറിയിപ്പ് ലഭിച്ചു.

പ്രവാസികൾക്കുള്ള ദോഹ- തിരുവനന്തപുരം വിമാനം റദ്ദാക്കി; ചൊവ്വാഴ്ച പുറപ്പെടുമെന്ന് ജില്ലാ കലക്ടർ
X

തിരുവനന്തപുരം: ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പ്രവാസികളെ കൊണ്ടുവരാനുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി. ഇന്ന് രാത്രി 10.45 ന് തിരുവനന്തപുരത്ത് എത്തേണ്ട വിമാനമാണ് ഖത്തർ സർക്കാരിന്റെ ലാൻഡിങ് പെർമിറ്റ് ലഭിക്കാത്തതു കാരണം റദ്ദാക്കിയത്. യാത്ര റദ്ദാക്കിയത് സംബന്ധിച്ച് തിരുവനന്തപുരം വിമാനത്താവളത്തില്‍ അറിയിപ്പ് ലഭിച്ചു. ലാൻ്റിങ് അനുമതി ലഭിക്കാത്തതിൻ്റെ കാരണം വ്യക്തമല്ലെന്ന് തിരുവനന്തപുരം ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണ്ണൻ അറിയിച്ചു. ചൊവ്വാഴ്ച വിമാനം പുറപ്പെടും. സമയം നിശ്ചയിച്ചിട്ടില്ല.

കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഇന്ന് ഉച്ചയ്ക്കു ഒരു മണിക്കാണു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ ദോഹയിൽ ഇറങ്ങാന്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് അനുമതി കിട്ടാത്തതിനാൽ വൈകിട്ട് മൂന്നു മണിക്കു ശേഷവും വിമാനം പുറപ്പെട്ടിരുന്നില്ല. ഇതിനു പിന്നാലെയാണ് വിമാനം റദ്ദാക്കിയതായി അറിയിപ്പ് എത്തിയത്. 15 ഗര്‍ഭിണികളും ഇരുപതു കുട്ടികളും ഉള്‍പ്പടെ 181 യാത്രക്കാരുമായിട്ടാണ് എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം എത്താനിരുന്നത്. ഇടുക്കി ഒഴികെ മറ്റ് എല്ലാ ജില്ലകളില്‍ നിന്നുള്ളവരും ഈ വിമാനത്തിലുണ്ട് . എല്ലാവരെയും അവരവരുടെ ജില്ലകളിലാവും ക്വാറൻ്റൈൻ ചെയ്യുന്നതെന്നും തീരുമാനിച്ചിരുന്നു.

ഇന്ന് എത്തുന്നവരെ സ്വീകരിക്കാനായി വിപുലമായ സജജീകരണങ്ങളാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരുക്കിയിരുന്നത്. ഇന്ന് വരേണ്ടിയിരുന്ന യാത്രക്കാരുടെ ജില്ല/സംസ്ഥാനം തിരിച്ചുള്ള വിവരം ചുവടെ:

തിരുവനന്തപുരം- 48

കൊല്ലം- 46

പത്തനംതിട്ട- 24

ആലപ്പുഴ- 13

എറണാകുളം- 09

തൃശൂർ- 07

പാലക്കാട്- 02

മലപ്പുറം- 01

കോഴിക്കോട്- 05

വയനാട്- 01

കാസർകോട്- 04

തമിഴ്‌നാട്- 19

കർണാടക-01

മഹാരാഷ്ട്ര- 01

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ അതിവേഗത്തിൽ ശരീരോഷ്മാവ് കണ്ടെത്താൻ സഹായിക്കുന്ന തെർമൽഫെയ്സ് ഡിറ്റക്ഷൻ ക്യാമറ എയർപോർട്ടിൽ സ്ഥാപിച്ചു. ഇന്ന് രാവിലെ 11ന് അവസാന വട്ട ഒരുക്കങ്ങളുടെ ഭാഗമായി മോക്ഡ്രിൽ നടത്തിയിരുന്നു.

Next Story

RELATED STORIES

Share it