Kerala

ലക്ഷ്യം തിരഞ്ഞെടുപ്പ്: കര്‍ഷകരെയും മധ്യവര്‍ഗക്കാരെയും കൈയിലെടുക്കാന്‍ മോഹനവാഗ്ദാനങ്ങള്‍

ഉത്തരേന്ത്യയിലടക്കം കര്‍ഷകരോഷം ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ നിരവധി പദ്ധതികളും മോഹനവാഗ്ദാനങ്ങളുമാണ് കര്‍ഷകര്‍ക്കായി ബജറ്റില്‍ പ്രഖ്യാപിച്ചത്. ചെറുകിട കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ അക്കൗണ്ടില്‍ ലഭ്യമാക്കുമെന്നതാണ് പ്രധാന പ്രഖ്യാപനം. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രകാരം രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്കാണ് ധനസഹായം കിട്ടുക.

ലക്ഷ്യം തിരഞ്ഞെടുപ്പ്: കര്‍ഷകരെയും മധ്യവര്‍ഗക്കാരെയും കൈയിലെടുക്കാന്‍ മോഹനവാഗ്ദാനങ്ങള്‍
X

ന്യൂഡല്‍ഹി: എന്‍ഡിഎ സര്‍ക്കാരിന്റെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള വാഗ്ദാനപ്പെരുമഴയായിരുന്നു ധനമന്ത്രി പീയൂഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റ്. ഉത്തരേന്ത്യയിലടക്കം കര്‍ഷകരോഷം ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ നിരവധി പദ്ധതികളും മോഹനവാഗ്ദാനങ്ങളുമാണ് കര്‍ഷകര്‍ക്കായി ബജറ്റില്‍ പ്രഖ്യാപിച്ചത്. ചെറുകിട കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ അക്കൗണ്ടില്‍ ലഭ്യമാക്കുമെന്നതാണ് പ്രധാന പ്രഖ്യാപനം. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രകാരം രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്കാണ് ധനസഹായം കിട്ടുക.

രാജ്യത്തെ 12 കോടി കര്‍ഷകര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. മൂന്ന് ഗഡുക്കളായാണ് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ലഭ്യമാക്കുക. ഓരോ വര്‍ഷവും ഇതിനായി 75,000 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. 15,000 രൂപവരെ മാസവരുമാനമുള്ള അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് 3,000 രൂപ പെന്‍ഷന്‍ ലഭിക്കുന്ന പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയും പ്രഖ്യാപിച്ചു. 60 വയസ് പൂര്‍ത്തിയാവുമ്പോള്‍ ഇത് ലഭിക്കും. പ്രതിമാസം 100 രൂപയാണ് വിഹിതമായി അടയ്‌ക്കേണ്ടത്. തുല്യതുക തന്നെ സര്‍ക്കാരും അടയ്ക്കും. നടപ്പുസാമ്പത്തിക വര്‍ഷം പ്രാബല്യത്തിലാവുന്ന പദ്ധതിയാണിത്. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും തൊഴിലുറപ്പ് പദ്ധതിക്ക് 60,000 കോടി നല്‍കുമെന്നും ധനമന്ത്രി പറയുന്നു. ആദായ നികുതി പരിധി 2.5 ലക്ഷത്തില്‍നിന്ന് അഞ്ചുലക്ഷം രൂപയാക്കിയെന്നതാണ് മറ്റൊരു പ്രഖ്യാപനം. പരിധി അഞ്ചുലക്ഷമാക്കിയത് മധ്യവര്‍ഗത്തില്‍പ്പെട്ട മൂന്നുകോടി ആളുകള്‍ക്ക് 18,500 കോടി രൂപയുടെ ഗുണം ചെയ്യുമെന്നാണ് കണക്ക്. അഞ്ചുലക്ഷമെന്ന നിരക്ക് ഇളവുകള്‍ ചേരുമ്പോള്‍ ഫലത്തില്‍ പരിധി 6.5 ലക്ഷമാവും. 40,000 രൂപയായിരുന്ന സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50,000 രൂപയാക്കി. വാടകയ്ക്ക് 2.4 ലക്ഷം വരെ ടിഡിഎസ് ഒഴിവാക്കി. 40,000 വരെയുള്ള ബാങ്ക്, പോസ്റ്റ് ഓഫിസ് നിക്ഷേപങ്ങള്‍ക്കും ടിഡിഎസ് ഉണ്ടാവില്ല. പശുക്കളുടെയും ക്ഷീരകര്‍ഷകരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമായി ദേശീയ തലത്തില്‍ രാഷ്ട്രീയ കാമധേനു ആയോഗ് എന്ന പേരില്‍ കമ്മീഷന്‍ രൂപീകരിക്കുമെന്നും പ്രഖ്യാപനമുണ്ട്.

ചരിത്രത്തില്‍ ആദ്യമായി പ്രതിരോധ മേഖലയ്ക്ക് മൂന്നുലക്ഷം കോടിയാണ് മാറ്റിവച്ചത്. സൈന്യത്തില്‍ ശമ്പളപരിഷ്‌കരണം നടപ്പാക്കും. ഇഎസ്‌ഐ പരിധി 21,000 രൂപയായും ഗ്രാറ്റുവിറ്റി പരിധി 10 ലക്ഷത്തില്‍നിന്ന് 30 ലക്ഷമാക്കിയും ഉയര്‍ത്തി. സര്‍വീസിലിരിക്കെ തൊഴിലാളി മരിച്ചാല്‍ കുടുംബത്തിന് ആറുലക്ഷം രൂപയും പ്രഖ്യാപിച്ചു. റെയില്‍വേയ്ക്ക് മാത്രമായി 64,587 കോടി രൂപയാണ് ബജറ്റില്‍ നീക്കിവച്ചത്. അടുത്ത സാമ്പത്തിക വര്‍ഷത്തെ റെയില്‍വേയുടെ മൂലധന ചെലവായി 1.6 ലക്ഷം കോടി രൂപയും വകയിരുത്തി. ഹൈസ്പീഡ് ട്രെയിനുകള്‍, ആധുനികവല്‍ക്കരണം, യാത്രക്കാരുടെ സുരക്ഷ എന്നിവയ്ക്കാണ് അടുത്തവര്‍ഷം മുന്‍ഗണന നല്‍കുന്നത്.

2019 മാര്‍ച്ചോടെ എല്ലാ വീടുകളിലും വൈദ്യുതി, മല്‍സ്യമേഖലയ്ക്ക് പ്രത്യേക വകുപ്പ്, ഫിഷറീസ്, പശുവളര്‍ത്തല്‍ വായ്പകള്‍ക്ക് രണ്ടുശതമാനം പലിശ ഇളവ്, പ്രകൃതി ദുരന്തങ്ങളില്‍ വിള നശിച്ച കര്‍ഷകരുടെ വായ്പകളിലും രണ്ടുശതമാനം പലിശ ഇളവ്, അങ്കണവാടി, ആശാ വര്‍ക്കര്‍മാരുടെ ഹോണറേറിയം 50 ശതമാനം വര്‍ധന, രണ്ടുകോടി ജനങ്ങള്‍ക്കുകൂടി സൗജന്യ പാചകവാതകം, അഞ്ചുവര്‍ഷത്തിനുള്ളില്‍ ഒരുലക്ഷം ഡിജിറ്റല്‍ ഗ്രാമങ്ങള്‍, സിനിമാ നിര്‍മാതാക്കള്‍ക്ക് ഏകജാലക സംവിധാനം, ആന്റി പൈറസി നിയമത്തില്‍ ഭേദഗതി, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് 58,166 കോടി, പൊതുമേഖലാ ബാങ്കുകള്‍ക്ക് 2.6 ലക്ഷം കോടി തുടങ്ങിയവയാണ് മറ്റ് പ്രഖ്യാപനങ്ങള്‍.

മധ്യവര്‍ഗത്തെയും കര്‍ഷകരെയും ഒപ്പംനിര്‍ത്താന്‍ ബജറ്റില്‍ വാരിക്കോരി നല്‍കിയ വാഗ്ദാനങ്ങള്‍ എങ്ങനെ നടപ്പാക്കുമെന്ന ചോദ്യമാണ് ഇനി ഉയരുന്നത്. ആദായ നികുതി സ്ലാബ് രണ്ടരലക്ഷത്തില്‍നിന്ന് അഞ്ചുലക്ഷമാക്കിയത് മധ്യവര്‍ഗത്തെ ഉന്നംവച്ചാണ്. ഇതുപ്രകാരം ആറരലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ നികുതി അടക്കേണ്ടതില്ല. അങ്ങനെ വരുമ്പോള്‍ ആദായ നികുതിയില്‍ ഗണ്യമായ കുറവുണ്ടാവും. സര്‍ക്കാരിന് ലഭിക്കേണ്ട വരുമാനവും കുറയും. അതുകൊണ്ടുതന്നെ പ്രഖ്യാപനങ്ങളൊക്കെ എങ്ങനെ നിറവേറ്റുമെന്നാണ് പ്രതിപക്ഷമടക്കം ചോദിക്കുന്നത്. പ്രഖ്യാപനം നിറവേറ്റിയാല്‍തന്നെ രാജ്യം ധനക്കമ്മിയിലേക്ക് കൂപ്പുകുത്തുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Next Story

RELATED STORIES

Share it