Kerala

മാണിക്ക് അനുശോചനം അറിയിച്ച് രാഹുല്‍ ഗാന്ധി കരിങ്ങോഴയ്ക്കല്‍ തറവാട്ടില്‍

പാലായിലെ കരിങ്ങോഴയ്ക്കല്‍ തറവാട്ടിലെത്തിയ അദ്ദേഹം ബന്ധുക്കളുമായി 15 മിനിറ്റോളം സംസാരിച്ചു. പത്തനംതിട്ടയിലെ പ്രചാരണപരിപാടിക്ക് ശേഷം ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് അദ്ദേഹം പാലായിലെത്തിയത്.

മാണിക്ക് അനുശോചനം അറിയിച്ച് രാഹുല്‍ ഗാന്ധി കരിങ്ങോഴയ്ക്കല്‍ തറവാട്ടില്‍
X

കോട്ടയം: അന്തരിച്ച കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണിക്ക് അനുശോചനം രേഖപ്പെടുത്താനും കുടുംബാംഗങ്ങളെ നേരില്‍ കാണാനും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെത്തി. പാലായിലെ കരിങ്ങോഴയ്ക്കല്‍ തറവാട്ടിലെത്തിയ അദ്ദേഹം ബന്ധുക്കളുമായി 15 മിനിറ്റോളം സംസാരിച്ചു. പത്തനംതിട്ടയിലെ പ്രചാരണപരിപാടിക്ക് ശേഷം ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് അദ്ദേഹം പാലായിലെത്തിയത്.


രാഹുലിന്റെ വരവറിഞ്ഞ് യുഡിഎഫ് പ്രവര്‍ത്തകരും നാട്ടുകാരും ഉള്‍പ്പടെ നൂറുകണക്കിനാളുകള്‍ പാലായില്‍ തടിച്ചുകൂടിയിരുന്നു. കേരള രാഷ്ട്രീയത്തില്‍ കെ എം മാണി നല്‍കിയ സംഭാവനകള്‍ മറക്കാനാവാത്തതാണെന്ന് രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേരളത്തിന്റെ ശബ്ദമായിരുന്ന നേതാവായിരുന്നു അദ്ദേഹമെന്നും മുതിര്‍ന്ന നേതാവിന്റെ വാക്കുകള്‍ താന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നുവെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. മകന്‍ ജോസ് കെ മാണി ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങള്‍ രാഹുലിനെ സ്വീകരിച്ചു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എഐസിസി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്‌നിക്, കെ സി വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേരള കോണ്‍ഗ്രസ് (എം) എംഎല്‍എമാര്‍, നേതാക്കള്‍, കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ തുടങ്ങിയ നേതാക്കളുടെ വന്‍നിര രാഹുലിനൊപ്പമുണ്ടായിരുന്നു.

മാണിയുടെ മരണവാര്‍ത്തയറിഞ്ഞ് രാഹുല്‍ ഗാന്ധി ജോസ് കെ മാണിയെ ഫോണില്‍ വിളിച്ച് അനുശോചനം അറിയിച്ചിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് രാഹുലിന് വേണ്ടി പുഷ്പചക്രം സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബാംഗങ്ങളെ നേരിട്ട് ആശ്വസിപ്പിക്കാന്‍ രാഹുല്‍ പാലായിലെത്തിയത്.

Next Story

RELATED STORIES

Share it