Kerala

ആദ്യസംഘം മലകയറി; വിനോദവും വിശ്വാസവും ഇഴചേര്‍ന്ന അഗസ്ത്യാര്‍കൂടത്തിലേക്ക്

ഇന്ന് യാത്ര തുടങ്ങിയ ആദ്യസംഘത്തില്‍ ഒരു വനിത മാത്രമാണുള്ളത്. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലത്തിലെ ഡെപ്യൂട്ടി ഡയറക്ടറും പ്രതിരോധവകുപ്പിന്റെ കേരളത്തിലെ പബ്ലിക് റിലേഷന്‍സ് ഓഫീസറുമായ ധന്യ സനലാണ് അഗസ്ത്യാര്‍കൂടത്തിലെ ഏക വനിത.

ആദ്യസംഘം മലകയറി; വിനോദവും വിശ്വാസവും ഇഴചേര്‍ന്ന അഗസ്ത്യാര്‍കൂടത്തിലേക്ക്
X

തിരുവനന്തപുരം: വിനോദവും വിശ്വാസവും ഇഴചേര്‍ന്നു നില്‍ക്കുന്ന അഗസ്ത്യാര്‍കൂടത്തിലേക്ക് വനിതകളെ ഉള്‍പ്പെടുത്തിയുള്ള ട്രെക്കിങ് ആരംഭിച്ചു. ഒരു വനിത ഉള്‍പ്പടെ 100 പേരാണ് ആദ്യദിനമായ ഇന്നു മലകയറിയത്. രാവിലെ ഏഴിന് ബോണക്കാട് പിക്കറ്റ് സ്റ്റേഷനിലെത്തിയ യാത്രക്കാരെ രജിസ്‌ട്രേഷനും മറ്റു പരിശോധനകള്‍ക്കും ശേഷം 20 പേരടങ്ങുന്ന അഞ്ച് സംഘങ്ങളാക്കിയാണ് യാത്ര തിരിച്ചത്. ആദ്യസംഘത്തിന് തിരുവനന്തപുരം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വൈ എം ഷാജികുമാര്‍ ഫ്‌ളാഗ് ഓഫ് നല്‍കി. നാളെയും മറ്റെന്നാളും മല കയറാന്‍ വനിതകളില്ല. 17ന് മൂന്നു വനിതകളെത്തും. ആകെ 100 വനിതകളാണ് ഇത്തവണ യാത്രയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

സ്ത്രീകള്‍ പ്രവേശിച്ചാല്‍ തടയുമെന്ന് ആദിവാസി ഗോത്രമഹാസഭ നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും ആദ്യസംഘം കടന്നുപോയപ്പോള്‍ പ്രതിഷേധമൊന്നുമുണ്ടായില്ല. പകരം ആദിവാസികള്‍ അവരുടെ പരമ്പരാഗത ക്ഷേത്രത്തിന് മുന്നില്‍ പ്രതിഷേധയജ്ഞം നടത്തി. ഇന്ന് യാത്ര തുടങ്ങിയ ആദ്യസംഘത്തില്‍ ഒരു വനിത മാത്രമാണുള്ളത്. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലത്തിലെ ഡെപ്യൂട്ടി ഡയറക്ടറും പ്രതിരോധവകുപ്പിന്റെ കേരളത്തിലെ പബ്ലിക് റിലേഷന്‍സ് ഓഫീസറുമായ ധന്യ സനലാണ് അഗസ്ത്യാര്‍കൂടത്തിലെ ആദ്യട്രക്കിങ് സംഘത്തിലെ ഏക വനിത. ഇതോടെ ഏറെക്കാലത്തിന് ശേഷം അഗസ്ത്യമല കയറുന്ന ആദ്യ സ്ത്രീയായി ധന്യാ സനല്‍.സാഹസിക യാത്രകള്‍ ധന്യയ്ക്ക് പുതുമയല്ല. സാഹസികതയാണ് ധന്യസനലിന്റെ ജോലി. നിലവില്‍ ഇന്ത്യയിലെ ഓരേയൊരു വനിതാ പ്രതിരോധ വക്താവാണ് ധന്യ. കേരളത്തില്‍ ആദ്യത്തെതും. ഓഖി കാലത്ത് എയര്‍ഫോഴ്‌സിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ധന്യ. കേരളം ഏറ്റവും ഭീകരമായ പ്രളയത്തിലുടെ കടന്നു പോയപ്പോള്‍ കേരളത്തെ ലോകം കണ്ടത് ധന്യയെടുത്ത ദൃശ്യങ്ങളിലൂടെയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് എയര്‍ഫോഴ്‌സിനൊപ്പം യാത്ര ചെയ്യാന്‍ ഔദ്യോഗികമായി അനുവാദമുള്ള ഓരേയൊരാള്‍ ധന്യയായിരുന്നു. ധന്യ തന്റെ കാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളിലൂടെയാണ് എയര്‍ഫോഴ്‌സിന്റെ രക്ഷാപ്രവര്‍ത്തനം ലോകം അറിഞ്ഞത്. മാത്രമല്ല വാട്ടര്‍സ്‌കൂട്ടര്‍ ഉള്‍പ്പെടെയുള്ള സാഹിസകയാത്രകളും ധന്യ ചെയ്തിരുന്നു.

മാര്‍ച്ച് ഒന്ന് വരെയാണ് അഗസ്ത്യമലയില്‍ ട്രക്കിങ് അനുവദിച്ചിരിക്കുന്നത്. ആകെ ബുക്ക് ചെയ്തിരിക്കുന്നത് 4700 പേരാണ്. ബോണക്കാട് നിന്ന് 20 കിലോമീറ്ററാണ് അഗസ്ത്യമലയിലേക്കുള്ള ദൂരം. ദിവസവും രാവിലെ എട്ടിന് ബോണക്കാടുനിന്ന് ആരംഭിക്കുന്ന യാത്ര ആദ്യദിവസം പ്രധാന താവളമായ അതിരുമലയില്‍ അവസാനിക്കും. സ്ത്രീകള്‍ക്ക് അതിരുമലയില്‍ വനംവകുപ്പ് പ്രത്യേക താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. രണ്ടാംദിവസം ഏഴുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അഗസ്ത്യാര്‍കൂടത്തിന്റെ നെറുകയിലെത്താം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സ്ത്രീകള്‍ക്കും അഗസ്ത്യമല കയറാമെന്ന് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. ആചാരങ്ങളുടെ പേരില്‍ പൊതുവെ അഗസ്ത്യമലയിലേക്ക് സ്ത്രീകള്‍ക്ക് അനുവാദം നല്‍കാറില്ലായിരുന്നു.

കിലോമീറ്ററുകളോളം ചെങ്കുത്തായ മലകളും വന്യമൃഗങ്ങളും നിറഞ്ഞ യാത്ര ആയതുകൊണ്ട് സ്ത്രീകള്‍ താല്‍പര്യം പ്രകടിപ്പിക്കുന്നതും കുറവായിരുന്നു. എന്നാല്‍ കുറേ വര്‍ഷങ്ങളായി സാഹസികയാത്ര ഇഷ്ടപ്പെടുന്ന സ്ത്രീ സംഘങ്ങള്‍ നടത്തുന്ന നിയമപോരാട്ടമാണ് ഹൈക്കോടതിയുടെ അനൂകൂല ഉത്തരവിനിടയാക്കിയത്.

Next Story

RELATED STORIES

Share it