Kerala

നടിയെ ആക്രമിച്ച കേസിലെ വിചാരണ ഇന്ന് തുടങ്ങും

കേസിലെ ഒന്നാം സാക്ഷിയായ ആക്രമിക്കപ്പെട്ട നടിയുടെ വിസ്താരമാണ് ഇന്ന് നടക്കുക. കേസ് പരിഗണിക്കാന്‍ വനിതാ ജഡ്ജിയെ വേണമെന്ന നടിയുടെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചിരുന്നു. കൊച്ചി സിബിഐ കോടതി ജഡ്ജിയാണ് വാദം കേള്‍ക്കുക.

നടിയെ ആക്രമിച്ച കേസിലെ വിചാരണ ഇന്ന് തുടങ്ങും
X

കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഇന്ന് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ തുടങ്ങും. വിചാരണ നടപടികള്‍ക്ക് തടസ്സമില്ലെന്ന് ഹൈക്കോടതി ബുധനാഴ്ച വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇന്ന് നടപടികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. കേസിലെ ഒന്നാം സാക്ഷിയായ ആക്രമിക്കപ്പെട്ട നടിയുടെ വിസ്താരമാണ് ഇന്ന് നടക്കുക. കേസ് പരിഗണിക്കാന്‍ വനിതാ ജഡ്ജിയെ വേണമെന്ന നടിയുടെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചിരുന്നു. കൊച്ചി സിബിഐ കോടതി ജഡ്ജിയാണ് വാദം കേള്‍ക്കുക. കേസ് വിചാരണ തുടങ്ങുന്നതിന് മുന്നോടിയായി പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചിരുന്നു.

ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ദിലീപ് അടക്കമുള്ളവര്‍ക്കും അവസരവും നല്‍കിയിരുന്നു. 136 സാക്ഷികളെയാണ് ആദ്യഘട്ടത്തില്‍ കോടതി വിസ്തരിക്കുന്നത്. ഇന്ന് അക്രമണത്തിനിരയായ നടിയെ വിസ്തരിക്കും. അടച്ചിട്ട മുറയിലായിരിക്കും വിചാരണ. ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്യും. നടിയുടെയോ അവരുടെ വാഹനത്തിന്റെയോ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ ഉള്‍പ്പടെ പകര്‍ത്തുന്നത് കോടതി വിലക്കിയിട്ടുണ്ട്. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് ദിലീപിനെതിരേ പോലിസ് ചുമത്തിയിട്ടുള്ളത്. പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ദിലീപ് നല്‍കിയ വിടുതല്‍ ഹരജി വിചാരണ കോടതി തള്ളിയിരുന്നു.

കേസില്‍ ദിലീപ് അടക്കമുള്ള 12 പ്രതികള്‍ക്കെതിരേതിരേയാണ് നേരത്തെ കൊച്ചിയിലെ പ്രത്യേക കോടതി കുറ്റം ചുമത്തിയിരുന്നത്. ആറുമാസത്തിനുള്ളില്‍ കേസിലെ വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രിംകോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം, ബുധനാഴ്ച ഹൈക്കോടതിയില്‍ കേസ് വന്നപ്പോള്‍ വിചാരണ നടപടികള്‍ക്ക് ഏതെങ്കിലും തരത്തില്‍ ദിലീപ് സ്റ്റേ ആവശ്യപ്പെട്ടിട്ടില്ല. കേസിലെ ഒരു നിയമപ്രശ്‌നമാണ് ദിലീപിന്റെ അഭിഭാഷകന്‍ ബുധനാഴ്ച കോടതിയില്‍ ഉയര്‍ത്തിയത്. കേസിലെ പ്രതികള്‍ ദിലീപിനെ വിളിച്ച് ഭീഷണിപ്പെടുത്തിയതിനെതിരേ ദിലീപ് നല്‍കിയ കേസും ദിലീപ് പ്രതിയായ കേസും വ്യത്യസ്തമായി പരിഗണിക്കണമെന്നാണ് അഭിഭാഷകന്‍ ബുധനാഴ്ച കോടതിയില്‍ ആവശ്യപ്പെട്ടത്. ദിലീപ് സമര്‍പ്പിച്ച ഹരജിയില്‍ കോടതി വിധി പറയാന്‍ മാറ്റി.

Next Story

RELATED STORIES

Share it