Kerala

ദിലീപിന്റെയും കൂട്ടു പ്രതികളുടെയും ആറു മൊബൈല്‍ ഫോണുകള്‍ ഹൈക്കോടതിയില്‍ ഹാജരാക്കി

ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് മുമ്പാകെയാണ് മുദ്രവെച്ച കവറില്‍ മൊബൈല്‍ ഫോണുകള്‍ ഹാജരാക്കിയിരിക്കുന്നത്. ദിലീപ് ഉള്‍പ്പെടെ കേസില്‍ ആറു പ്രതികളാണുള്ളത്. ഇതില്‍ ദിലീപ്,സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരുടെ ഫോണുകളാണ് ഇന്ന് രാവിലെ രജിസ്ട്രാര്‍ ജനറലിന് കൈമാറിയിരിക്കുന്നത്

ദിലീപിന്റെയും കൂട്ടു പ്രതികളുടെയും ആറു മൊബൈല്‍ ഫോണുകള്‍ ഹൈക്കോടതിയില്‍ ഹാജരാക്കി
X

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതികളായ നടന്‍ ദിലീപിന്റെയും കൂട്ടു പ്രതികളുടെയും ആറു മൊബൈല്‍ ഫോണുകള്‍ ഹൈക്കോടതിയില്‍ ഹാജാരാക്കി. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് മുമ്പാകെയാണ് മുദ്രവെച്ച കവറില്‍ മൊബൈല്‍ ഫോണുകള്‍ ഹാജരാക്കിയിരിക്കുന്നത്.

ദിലീപ് ഉള്‍പ്പെടെ കേസില്‍ ആറു പ്രതികളാണുള്ളത്. ഇതില്‍ ദിലീപ്,സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരുടെ ഫോണുകളാണ് ഇന്ന് രാവിലെ രജിസ്ട്രാര്‍ ജനറലിന് കൈമാറിയിരിക്കുന്നത്.ഫോണുകള്‍ കൈമാറിയിരിക്കുന്ന വിവരം ഇന്ന് കേസ് പരിഗണിക്കുമ്പോള്‍ ഹൈക്കോടതി മുമ്പാകെ പ്രതിഭാഗം അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിക്കും.ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹരജിയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

ദിലീപ് അന്വേഷണവുമായി സഹരിക്കുന്നില്ലെന്നും.അന്വേഷണ ഉദ്യാഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ നിര്‍ണ്ണായക തെളിവായ മൊബൈല്‍ ഫോണുകള്‍ ദിലീപും കൂട്ടുപ്രതികളും തയ്യാറാകുന്നില്ലെന്നും ചുണ്ടാക്കാട്ടി പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്നാണ് കഴിഞ്ഞ വെള്ളി,ശനി ദിവസങ്ങളിലായി നടന്ന വാദങ്ങള്‍ക്കൊടുവില്‍ ഹൈക്കോടതിയുടെ ഉത്തരവുണ്ടായത്.ഇന്ന് രാവിലെ 10.15 ന് മുമ്പായി ദിലീപും കൂട്ടുപ്രതികളും അന്വേഷണ സംഘം ആവശ്യപ്പെട്ട മൊബൈല്‍ ഫോണുകള്‍ മുഴുവന്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ മുമ്പാകെ മുദ്രവെച്ച കവറില്‍ ഹാജരാക്കണമെന്നും ഇതിനു മാറ്റമില്ലെന്നുമായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

ഫോണ്‍ ഹാജരാക്കുന്നതിനെ എതിര്‍ത്ത് ദിലീപ് മുന്നോട്ടുവെച്ച വാദങ്ങളെ മുഴുവന്‍ തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.ശാസ്ത്രീയ പരിശോധനയ്ക്കായി ദിലീപ് സ്വന്തം നിലയില്‍ മൊബൈല്‍ ഫോണുകള്‍ മുബൈയിലെ സ്വകാര്യ ഫൊറന്‍സിക് ലാബിന് നല്‍കിയിരിക്കുന്നതിനാല്‍ ഇവ ഹാജരാക്കുന്നതിന് ചൊവ്വാഴ്ച വരെ പ്രതിഭാഗം അഭിഭാഷകന്‍ സമയം തേടിയെങ്കിലും കോടതി ഇത് അനുവദിച്ചിരുന്നില്ല.കേസുമായി ബന്ധപ്പെട്ട് ഫോണുകളുടെ ശാസ്ത്രീയ പരിശോധന കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന ഏജന്‍സികളിലെ വിദഗ്ധര്‍ക്ക് മാത്രമേ ചെയ്യാന്‍ കഴിയുവെന്നും നിങ്ങളുടെ സ്വന്തം ഫൊറന്‍സിക് അനലിസ്റ്റുകള്‍ക്ക് പരിശോധനയ്ക്കായി ഫോണ്‍ നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നും വാദത്തിനിടയില്‍ കോടതി വാക്കാല്‍ പരാമര്‍ശം നടത്തിയിരുന്നു.

ദിലീപിന്റെ നാലു ഫോണുകള്‍ അടക്കം ഏഴു ഫോണുകള്‍ ഹാജരാക്കണമെന്നായിരന്നു അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടത് എന്നാല്‍ ദിലീപിന് മുന്നു ഫോണുകളാണുള്ളതെന്നും നാലാമത്തെ ഫോണിനെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു ദിലീപ് കോടതിയെ അറിയിച്ചത്.അന്വേഷണ സംഘം പറയുന്ന നാലാത്തെ ഫോണ്‍ സംബന്ധിച്ചുള്ള വ്യക്തമായ വിവരം അന്വേഷിച്ച് വിവരം കോടതിയെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.ദിലീപ് മറച്ചു പിടിക്കുന്ന നാലാമത്തെ ഫോണ്‍ കേസില്‍ ഏറെ നിര്‍ണ്ണായകമാണെന്ന നിലപാടിലാണ് അന്വേഷണ സംഘം.ഈ വിവരം ക്രൈംബ്രാഞ്ച് കോടതിയില്‍ ഉന്നയിക്കുമെന്നാണ് വിവരം.കൂടാതെ ദിലീപ് സ്വന്തം നിലയില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് ഫോണുകള്‍ അയച്ചുവെന്ന് പറയുന്ന മുംബൈയിലെ ഫൊറന്‍സിക് ലാബിലും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി വിവരങ്ങള്‍ ശേഖരിക്കുമെന്നാണ് വിവരം.

Next Story

RELATED STORIES

Share it