Kerala

മാവോവാദി പ്രവര്‍ത്തനം പൂര്‍ണമായി അവസാനിപ്പിക്കും വരെ നടപടി തുടരുമെന്ന് പോലിസ്

ക്രൈം ബ്രാഞ്ച്, മജിസ്റ്റീരിയല്‍ തല അന്വേഷണങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും പോലിസ് അറിയിച്ചു

മാവോവാദി പ്രവര്‍ത്തനം പൂര്‍ണമായി അവസാനിപ്പിക്കും വരെ നടപടി തുടരുമെന്ന് പോലിസ്
X

തിരുവനന്തപുരം: മാവോവാദികളുടെ പ്രവര്‍ത്തനം പൂര്‍ണമായി അവസാനിപ്പിക്കുന്നതുവരെ അവര്‍ക്കെതിരെയുള്ള പോലിസ് നടപടികള്‍ തുടരുമെന്ന് പോലിസ്. സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം വ്യാപിക്കുന്നത് സാധാരണക്കാരായ നാട്ടുകാരുടെ സൈ്വര്യ ജീവിതത്തിന് തടസ്സമായ സാഹചര്യത്തിലാണ് അവര്‍ക്കെതിരേ നടപടി സ്വീകരിച്ചത്. പോലിസുമായുണ്ടായ സംഘര്‍ഷത്തിനിടയില്‍ സി പി ജലീല്‍ എന്ന മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന പോലിസ് മേധാവിയുടെ നിര്‍ദേശാനുസരണം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുപ്രിംകോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമുള്ള ക്രൈം ബ്രാഞ്ച്, മജിസ്റ്റീരിയല്‍ തല അന്വേഷണങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും പോലിസ് അറിയിച്ചു.

വയനാട്ടിലെ വൈത്തിരി പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ലക്കിടി ഉപവന്‍ റിസോര്‍ട്ടില്‍ ആയുധധാരികളായ ഒരു സംഘം ബുധനാഴ്ച രാത്രി 8.30 ഓടെ എത്തുകയും പണം പിടിച്ചുവാങ്ങാനും ഭക്ഷണം കരസ്ഥമാക്കാനും ശ്രമിക്കുകയും ചെയ്തിരുന്നു. സായുധ പോലിസ് സംഘത്തെ കണ്ടപ്പോള്‍ അക്രമിസംഘം ആദ്യം അവര്‍ക്കുനേരെ വെടിവച്ചു. സുശക്തമായ പോലിസ് സംഘം അന്വേഷണവും തിരച്ചിലും തുടരുകയാണ്. മൃതശരീരം ഇന്‍ക്വസ്റ്റിനുശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പ്രത്യേക മെഡിക്കല്‍ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. കണ്ണൂര്‍ റേഞ്ച് ഐജി ബല്‍റാം കുമാര്‍ ഉപാധ്യായ, വയനാട് ജില്ലാ പോലിസ് മേധാവി ആര്‍ കറുപ്പസ്വാമി, എസ്പി (ഓപറേഷന്‍സ്) ദേബേഷ് കുമാര്‍ ബെഹ്‌റ എന്നിവര്‍ സംഭവസ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

മാവോവാദികളില്‍ നിന്നുള്ള ശല്യം മൂലം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ വിവരിച്ച് നാട്ടുകാരും തൊഴിലാളികളും കച്ചവടക്കാരുമൊക്കെ സര്‍ക്കാരിനും പോലിസിനും ധാരാളം പരാതികള്‍ നല്‍കിയിരുന്നു. ദേശവിരുദ്ധ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ നാട്ടില്‍ പലയിടത്തും പതിക്കുന്നതും സായുധസമരത്തിന് ആഹ്വാനം ചെയ്യുന്നതും ശ്രദ്ധയില്‍ പെടുകയുണ്ടായി. നൂറ്റാണ്ടുകളായി വനത്തില്‍ താമസിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെ ഭീഷണിപ്പെടുത്തുന്ന സ്ഥിതിവിശേഷവും പോലിസ് ഗൗരവമായി പരിഗണിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലിസിന്റെ വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നിരീക്ഷണം ശക്തിപ്പെടുത്തുകയും നീക്കങ്ങള്‍ കൃത്യമായി മനസ്സിലാക്കുകയുമുണ്ടായി. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍മ്മപദ്ധതി തയ്യാറാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ ഡിസംബര്‍ മുതല്‍ വയനാട്, കോഴിക്കോട് റൂറല്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഓപറേഷന്‍ അനക്കൊണ്ട എന്ന പേരില്‍ പോലിസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്. തണ്ടര്‍ ബോള്‍ട്ട്, ആന്റി നക്‌സല്‍ സ്‌ക്വാഡ്, ലോക്കല്‍ പോലിസ് എന്നിവയുടെ പൂര്‍ണപങ്കാളിത്തത്തോടെ പ്രത്യേകം പരിശീലനം ലഭിച്ച സേനാംഗങ്ങളാണ് തിരച്ചിലില്‍ പങ്കെടുക്കുന്നതെന്നും പോലിസ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it