Kerala

സ്‌കൂള്‍ തുറക്കല്‍ അനിശ്ചിതമായി നീളുന്നു; സിലബസ് വെട്ടിക്കുറച്ച് ഏപ്രില്‍ വരെ അധ്യയന വര്‍ഷം നീട്ടിയേക്കും

അടുത്തമാസമെങ്കിലും സ്‌കൂള്‍ തുറന്നില്ലെങ്കില്‍ പാഠഭാഗം കുറയ്ക്കേണ്ടിവരുമെന്നു പൊതു വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.

സ്‌കൂള്‍ തുറക്കല്‍ അനിശ്ചിതമായി നീളുന്നു; സിലബസ് വെട്ടിക്കുറച്ച് ഏപ്രില്‍ വരെ അധ്യയന വര്‍ഷം നീട്ടിയേക്കും
X

തിരുവനന്തപുരം: സംസ്ഥാനത്തു സ്‌കൂള്‍ തുറക്കല്‍ അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ 2020-2021 അധ്യയന വര്‍ഷത്തെ സിലബസ് വെട്ടിക്കുറയ്ക്കാന്‍ സാധ്യത. അടുത്തമാസമെങ്കിലും സ്‌കൂള്‍ തുറന്നില്ലെങ്കില്‍ പാഠഭാഗം കുറയ്ക്കേണ്ടിവരുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഒമ്പതിന് കരിക്കുലം കമ്മിറ്റി ചേരുന്നുണ്ട്. പ്രതിസന്ധി പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. സപ്തംബറില്‍ ക്ലാസ് ആരംഭിച്ചാല്‍ അധ്യയന വര്‍ഷം ഏപ്രിലിലേക്കു നീട്ടുന്നതും പരിഗണനയിലുണ്ട്.

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ഏപ്രില്‍ മാസം നടത്തി ജൂണില്‍ ഫലം പ്രഖ്യാപിക്കാനാവും. പാഠഭാഗം വെട്ടിച്ചുരുക്കി അധ്യയനവര്‍ഷം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരു വിഷയവും പൂര്‍ണമായി ഒഴിവാക്കില്ല. പരിശീലന പ്രശ്നങ്ങള്‍, ആവര്‍ത്തിച്ചു വരുന്ന പാഠഭാഗങ്ങള്‍, പ്രവൃത്തിപരിചയം തുടങ്ങിയവ ഒഴിവാക്കും. ഭാഷ വിഷയങ്ങളുടെ പാഠഭാഗം കുറവുവരുത്തി ശാസ്ത്ര-ഗണിത വിഷയങ്ങള്‍ക്കു കൂടുതല്‍ സമയം നല്‍കുന്നതും ആലോചിക്കുന്നു. എത്രദിവസം ക്ലാസ് ലഭിക്കുമെന്നു നിര്‍ണയിക്കാന്‍ കഴിയാത്തതിനാല്‍ വെട്ടിക്കുറയ്ക്കേണ്ടവ തീരുമാനിക്കല്‍ വെല്ലുവിളിയാണെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.

നഷ്ടപ്പെട്ട അധ്യയന ദിവസങ്ങള്‍ക്ക് പകരം ശനിയാഴ്ച പ്രവൃത്തിദിവസമാക്കിയും ഓണം, ക്രിസ്മസ് അവധികള്‍ വെട്ടിക്കുറച്ചും കായിക-കലാ മേളകള്‍ ഒഴിവാക്കിയും കൂടുതല്‍ ദിവസങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. എന്നാല്‍, സ്‌കൂള്‍ തുറക്കല്‍ സപ്തംബര്‍ കഴിഞ്ഞുപോയാല്‍ സിലബസ് കുറയ്ക്കുകയല്ലാതെ പോംവഴിയില്ല. പാഠഭാഗം വെട്ടിക്കുറയ്ക്കാന്‍ സിബിഎസ്ഇ തീരുമാനിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it