Kerala

കര, വ്യോമ, നാവിക മാര്‍ഗത്തിലൂടെ കേരളത്തിലെത്തിയത് 74426 പേര്‍

ഇവരില്‍ 44712 പേര്‍ റെഡ് സോണ്‍ ജില്ലകളില്‍ നിന്നുള്ളവരാണ്.

കര, വ്യോമ, നാവിക മാര്‍ഗത്തിലൂടെ കേരളത്തിലെത്തിയത് 74426 പേര്‍
X

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് 74426 പേരാണ് ഇതുവരെ കര,വ്യോമ,നാവിക മാര്‍ഗ്ഗങ്ങളിലൂടെ കൊവിഡ് പാസുമായി എത്തിയതെന്ന് മുഖ്യമന്ത്രി. ഇവരില്‍ 44712 പേര്‍ റെഡ് സോണ്‍ ജില്ലകളില്‍ നിന്നുള്ളവരാണ്. 66239 പേരാണ് റോഡ് മാര്‍ഗം വന്നത്. ഇതില്‍ 46 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വിമാനത്തില്‍ വന്നവരില്‍ 53 പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. കപ്പല്‍ മാര്‍ഗം വന്ന ആറ് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇതുവരെ 26 വിമാനങ്ങളിലും മൂന്ന് കപ്പലുകളിലുമായാണ് ഇത്രയും ആളുകള്‍ എത്തിയത്. 6054 പേരില്‍ 3305 പേരെ സര്‍ക്കാര്‍ വക ക്വാറന്റൈനിലാക്കി. ഹോം ഐസൊലേഷനില്‍ 2749 പേരെ മാറ്റി. 123 പേരെ ആശുപത്രിയിലുമാക്കി. ഇത്തരത്തില്‍ നമ്മുടെ സഹോദരങ്ങള്‍ തുടര്‍ച്ചയായി എത്തിയപ്പോള്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമാക്കണം. നാട്ടിലേക്ക് വരാന്‍ സൗകര്യം ഏര്‍പ്പെടുത്തുമ്പോള്‍ ആദ്യം എത്തേണ്ടവരെ കൃത്യമായി വേര്‍തിരിച്ചിട്ടുണ്ട്. ഗര്‍ഭിണികള്‍, പ്രായമായവര്‍, കുട്ടികള്‍ എന്നിവരാണ് ആദ്യമെത്തേണ്ടത്. ഇതനുസരിച്ചാണ് സര്‍ക്കാര്‍ ക്രമീകരണം ഒരുക്കുന്നത്.

എന്നാല്‍ അത്ര അത്യാവശ്യമില്ലാത്ത പലരും ഈ ക്രമീകരണം ദുരുപയോഗം ചെയ്യുന്നു. ഇതു കാരണം മുന്‍ഗണന ലഭിക്കേണ്ടവര്‍ കുടുങ്ങി പോകുന്നു. അതിന് ഔദ്യോഗിക സംവിധാനവുമായി സഹകരിക്കാന്‍ എല്ലാവരും തയ്യാറാക്കണം. ആരും ഇപ്പോള്‍ ഉള്ളിടത്ത് തന്നെ അനന്തമായി കുടുങ്ങി കിടക്കാന്‍ പോകുന്നില്ല അവര്‍ക്ക് നാട്ടിലെത്താനുള്ള സൗകര്യം ഒരുങ്ങുന്നുണ്ട്. പ്രയാസങ്ങളുണ്ടാവും എന്നാല്‍ അനാവശ്യമായ തിക്കും തിരക്കും അപകടം വിളിച്ചു വരുത്തും. ധാരണപിശക് മൂലമുള്ള ഒരു ആശയക്കുഴപ്പവും ഉണ്ടാവാതിരിക്കാനാണ് ഇതിങ്ങനെ ആവര്‍ത്തിച്ചു പറയുന്നത്. നമ്മുടെ നാട്ടില്‍ എല്ലാവര്‍ക്കും സുരക്ഷയുണ്ടാവണം. അതിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ചിലര്‍ വളച്ചൊടിക്കുന്നത് കണ്ടു. അതില്‍ സഹതാപം മാത്രമേയുള്ളൂ.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ രാജ്യമാകെ ലഘൂകരിച്ചിട്ടുണ്ട്. പുതിയ സാഹചര്യം നേരിടുമ്പോള്‍ അതും കൂടി മനസില്‍ വേണമെന്നും അദ്ദേഹം പറഞ്ഞു. വിദേശത്ത് നിന്നും അടക്കം നാട്ടിലെത്തുന്ന എല്ലാവരുടേയും വിവരങ്ങള്‍ പോലിസും ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സൂക്ഷിക്കണം. വാഹനങ്ങളില്‍ ആളുകളെ കുത്തിനിറച്ചുള്ള യാത്രകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതു ആര്‍ക്കും ഗുണം ചെയ്യില്ല. ലോക്ക് ഡൗണിലെ ഇളവ് മൂലം പൊതുവില്‍ ചലനാത്മകതയുണ്ടായത് നല്ലതാണ്. പക്ഷേ ഇതൊന്നും കൈവിട്ടു പോകാന്‍ പാടില്ല. ഇക്കാര്യത്തില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ആരോഗ്യവകുപ്പും കാര്യക്ഷമമായി ഇടപെടണം. ഇക്കാര്യത്തില്‍ എല്ലാവരുടേയും സഹകരണം വേണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it