Kerala

ലോട്ടറിയടിച്ച 50 ലക്ഷം കൂട്ടുകാരനെ കബളിപ്പിച്ച് കൈക്കലാക്കി; ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍

ലോട്ടറിയടിച്ച 50 ലക്ഷം കൂട്ടുകാരനെ കബളിപ്പിച്ച് കൈക്കലാക്കി; ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍
X

കണ്ണൂര്‍: ലോട്ടറിയടിച്ച 50 ലക്ഷം രൂപ കൂട്ടുകാരനെ കബളിപ്പിച്ച് കൈക്കലാക്കിയ ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍. ലോട്ടറിയടിച്ചതും തട്ടിപ്പ് നടത്തിയതും ബിഹാര്‍ സ്വദേശികളും അയല്‍വാസികളുമാണ്. ബീഹാറിലെ മുസാഫര്‍പൂര്‍ സ്വദേശി മനോജ് മഹത്തോയ്ക്കാണ് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ പ്ലസ് ലോട്ടറി അടിച്ചത്. സുഹൃത്തും അയല്‍വാസിയുമായ രാജാറാമാണ് തട്ടിപ്പ് നടത്തിയത്. 20 മാസം മുമ്പാണ് 50 ലക്ഷം രൂപയുടെ ലോട്ടറിയടിച്ചത്. ഇക്കാര്യം പെരുമാച്ചേരിയിലെ ഏജന്റ് വിജേഷ് കാട്ടാമ്പള്ളിയിലെ സെഞ്ച്വറി പ്ലൈവുഡ് കമ്പനിയിലെത്തി മനോജ് മഹത്തോയെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് മനോജ് കൂട്ടുകാരനെയും കൂട്ടി കണ്ണൂരിലെത്തി എസ്ബിഐ ബാങ്ക് അധികൃതരെ സമീപിച്ചപ്പോള്‍ ആധാറും മറ്റു രേഖകളും ഹാജാരാക്കണമെന്ന് ആവശ്യപ്പെട്ടു. ഈ സമയം കൂടെ വന്ന രാജാറാം ടിക്കറ്റ് സ്വന്തം പേരിലാക്കി പുതിയതെരു ബറോഡ ബാങ്കില്‍ ഏല്‍പ്പിച്ചു. മൂന്ന് മാസം കഴിഞ്ഞിട്ടും ലോട്ടറിയടിച്ച പണം ലഭിക്കാതെ വന്നതോടെ മനോജ് നാട്ടില്‍ അവധിക്ക് പോയ രാജാറാമിനെ വിളിച്ചു. ഇതിനിടെ രാജാറാം പണം ഉടന്‍ കിട്ടണമെങ്കില്‍ 14000 രൂപ കൂടി വേണമെന്ന് പറഞ്ഞതനുസരിച്ച് അതു നല്‍കുകയും ചെയ്തു.

എന്നിട്ടും പണം ലഭിക്കാതായതോടെ മനോജ് നാട്ടിലുള്ള തന്റെ ബന്ധുവിനെ വിവരമറിയിച്ചു. രാജാറാമും ഭാര്യയും ആഡംബര ജീവിതം നയിക്കുകയാണെന്ന് അറിഞ്ഞ മനോജ് മഹാത്തോ പുതിയതെരുവിലെ ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് പണം രാജാറാമിന്റെ അക്കൗണ്ടിലേക്ക് വന്നതായി അറിഞ്ഞത്. ഇതോടെയാണ് മനോജ് വളപട്ടണം പോലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് രാജാറാമിനെ പുതിയതെരുവില്‍ നിന്ന് വളപട്ടണം പോലിസ് പിടികൂടിയത്. എസ്എച്ച്ഒ എം കൃഷ്ണന്‍, എസ്‌ഐ വിജേഷ്, എഎസ്‌ഐ പ്രസാദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.



Next Story

RELATED STORIES

Share it