Kerala

മഴ തടരും: ഡാമുകള്‍ നിറയും മുമ്പ് തുറക്കാന്‍ സര്‍ക്കാര്‍

ഇടവപ്പാതി തുടങ്ങിയ ശേഷം കേരളത്തില്‍ ഇതുവരെ 34.3 മില്ലിമീറ്റര്‍ മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം.

മഴ തടരും: ഡാമുകള്‍ നിറയും മുമ്പ് തുറക്കാന്‍ സര്‍ക്കാര്‍
X

തിരുവനന്തപുരം: ഇടവപ്പാതി തുടങ്ങിയ ശേഷം കേരളത്തില്‍ ഇതുവരെ 34.3 മില്ലിമീറ്റര്‍ മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയതിൻ്റെ പ്രഭാവത്തില്‍ സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. വടക്കന്‍ കേരളത്തില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മലപ്പുറം, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. മധ്യകേരളത്തില്‍ മഴ ശക്തിയാര്‍ജിച്ചതോടെ ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു തുടങ്ങി. മലങ്കര അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുകയാണ്.

അതേസമയം, മലങ്കര അണക്കെട്ടിന്റെ 3 ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. ഭൂതത്താന്‍കെട്ട് ബാരേജിലെ 5 ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്. വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ ഷോളയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയര്‍ന്നു. കോട്ടയത്തും ആലപ്പുഴയിലും ഇന്നലെ അര്‍ധരാത്രിമുതല്‍ ഇടവിട്ട് മഴയാണ്. എറണാകുളത്തും കനത്ത മഴ തുടരുന്നു.

അതിനിടെ, ഇടുക്കി അണക്കെട്ട് തുറക്കേണ്ടിവന്നാല്‍ പരിസരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കാനുള്ള ആദ്യട്രയല്‍ സൈറണ്‍ മുഴങ്ങി. 20 വര്‍ഷത്തിന് ശേഷം ജൂണിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പായ 2338 അടിയാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. ചൊവ്വാഴ്ചയാണ് ആദ്യപരീക്ഷണമായി എട്ടുകിലോമീറ്ററെത്തുന്ന പുതിയ സൈറണ്‍ മുഴങ്ങിയത്. ഇന്നും ട്രയല്‍ സൈറണ്‍ മുഴക്കും. ഡാമിന്റെ വിവിധ ഭാഗങ്ങളില്‍ പുതിയ സൈറണ്‍ ട്രയല്‍ നടത്തി ഏറ്റവും കൂടുതല്‍ ദൂരത്തേക്ക് ശബ്ദമെത്തുന്ന രീതിയിലായിരിക്കും ക്രമീകരിക്കുക. ഇടുക്കി ഡാം ജലനിരപ്പില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജലനിരപ്പ് ഷട്ടര്‍ ലെവലിലെത്താന്‍ 35 അടികൂടി വേണമെന്നും കലക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു. 2373 അടിയാണ് ജലസംഭരണിയുടെ ഷട്ടര്‍ലെവല്‍. ഇതില്‍നിന്ന് എട്ട് അടി താഴ്ചയില്‍ 2365 അടിയില്‍ ജലനിരപ്പ് ഉയരുമ്പോള്‍ നീല അലര്‍ട്ടും 2371 അടിയിലെത്തുമ്പോള്‍ ഓറഞ്ച് അലര്‍ട്ടും 2372 അടി ജലനിരപ്പ് ഉയരുമ്പോള്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിക്കും. അണക്കെട്ടില്‍ പരമാവധി സംഭരിക്കാവുന്നത് 2403 അടി ജലമാണ്.

അതേസമയം, ഇടുക്കിയടക്കം സംസ്ഥാനത്തെ ഡാമുകള്‍ തുറക്കാന്‍ നിറയുന്നതുവരെ കാത്തിരിക്കില്ലെന്ന് ഡാം സേഫ്റ്റി ചെയര്‍മാന്‍. കേന്ദ്ര ജലകമ്മീഷന്റെ മാനദണ്ഡമനുസരിച്ച് ജലവിതാനം ക്രമപ്പെടുത്തും. എന്നാല്‍, പ്രളയഭീതിയുടെ പേരില്‍ അനാവശ്യമായി വെള്ളം ഒഴുക്കിക്കളഞ്ഞാല്‍ അത് സംസ്ഥാനത്തിന് തന്നെ തിരിച്ചടിയാകുമെന്നും ജസ്റ്റീസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. ഡാമുകള്‍ തുറക്കാന്‍ നിറയുന്നതുവരെ കാത്തുനില്‍ക്കില്ല. ഓരോ മാസവും ഡാമിന്റെ പരാമവധി സംഭരണശേഷി മുന്‍കൂട്ടി നിശ്ചിയിച്ചിട്ടുണ്ട്. ഇതനുസരിച്ച് അധിക മഴ ലഭിച്ചാലും ഡാമിലെ ജലനിരപ്പ് സംഭരണശേഷിക്ക് മുകളിലേക്ക് ഉയര്‍ന്നാല്‍ ഡാം നിറയുന്നതുവരെ കാത്തുനില്‍ക്കാതെ ഷട്ടറുകള്‍ തുറക്കുമെന്നും ഡാം സേഫ്റ്റി ചെയര്‍മാന്‍ വ്യക്തമാക്കി. മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രമേ മുന്നോട്ട് പോകൂവെന്നും അദ്ദേഹം അറിയിച്ചു. അനാവശ്യമായി ഡാമില്‍ നിന്നും വെള്ളം ഒഴുക്കി കളഞ്ഞാല്‍ അത് സംസ്ഥാനത്തിന് കനത്ത തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു. സമീപ ദിവസങ്ങളില്‍ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്.

ഡാം മാനേജ്മെന്റിലെ പിഴവാണ് 2018ലെ പ്രളയത്തിന് കാരണമെന്ന വിമര്‍ശനം തുടരുന്നതിനിടെയാണ് ഡാം സേഫ്റ്റി ചെയര്‍മാന്‍ നിലപാട് വ്യക്തമാക്കിയത്. കേന്ദ്ര ജലകമ്മീഷന്‍ തയാറാക്കിയ റൂള്‍ കര്‍വ് പ്രധാനപ്പെട്ട ഡാമുകള്‍ക്കല്ലാം ബാധകമാണ്.മഴയുണ്ടെങ്കിലും ഇല്ലെങ്കിലും ഈ സംഭരണശേഷിക്ക് മുകളിലേക്ക് പോകാന്‍ പാടില്ല.പക്ഷേ, കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രളയത്തിനുശേഷം മിക്ക ഡാമുകളിലും എക്കലും മണലും നിറഞ്ഞു. ഇതോടെ സംഭരണ ശേഷിയില്‍ കുറവുണ്ടായി. ഇതെങ്ങനെ ബാധിക്കുമെന്ന് ഈ മഴക്കാലത്തേ അറിയാന്‍ പറ്റുകയുള്ളുവെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it