Kerala

വാളയാർ കേസ്: പ്രതിപക്ഷ ബഹളത്തിൽ നിയമസഭ പിരിഞ്ഞു; അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി സഭയുടെ നടുത്തളത്തിലിറങ്ങി. സ്പീക്കറുടെ ഇരിപ്പടത്തിന് മുന്നിൽ കയറി പ്രതിഷേധിച്ചതോടെ സഭാ നടപടികൾ തടസ്സപ്പെട്ടു.

വാളയാർ കേസ്: പ്രതിപക്ഷ ബഹളത്തിൽ നിയമസഭ പിരിഞ്ഞു; അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: വാളയാർ പീഡന കേസ് അട്ടിമറിച്ചുവെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി സഭയുടെ നടുത്തളത്തിലിറങ്ങി. സ്പീക്കറുടെ ഇരിപ്പടത്തിന് മുന്നിൽ കയറി പ്രതിഷേധം തുടർന്നു. ബഹളത്തെ തുുടർന്ന് നടപടികൾ തടസ്സപ്പെട്ടതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷത്ത് നിന്നും ഷാഫി പറമ്പിൽ എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. പോലിസ് വീഴ്ചയും പ്രോസിക്യൂഷൻ പരാജയവും സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

എന്നാൽ, കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ കോടതി വിധിക്കെതിരേ അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രഗൽഭനായ വക്കീലിനെ നിയോഗിക്കും. കേസ് സർക്കാർ അട്ടിമറിച്ചെന്ന പരാമർശം അടിസ്ഥാന രഹിതമാണ്. സംഭവം സഭയിൽ ചർച്ച ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിബിഐ വേണോ പുനരേന്വേഷണം വേണോ എന്ന് പരിശോധിക്കും. സർക്കാർ എന്നും ഇരകൾക്കൊപ്പമാണ്. ഇക്കാര്യത്തിൽ രാഷ്ട്രീയം നോക്കില്ല. കേസിൽ പോലിസിന്റേയും പ്രോസിക്യൂഷന്റേയും ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായൊയെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ കേസിൽ അട്ടിമറി നടന്നുവെന്ന് ഷാഫി പറമ്പിൽ ആവർത്തിച്ചു. കേസിൽ സിബിഐ അന്വേഷണം വേണം. കടുത്ത നടപടി മുഖ്യമന്ത്രി മുമ്പ് ഉറപ്പ് നൽകിയതാണ്. പ്രതികൾ ശിക്ഷിക്കപ്പെടാത്തത് നിർഭാഗ്യകരം. കേസ് അട്ടിമറിക്കാൻ സിപിഎം ഇടപെട്ടു. ഇനി കൊല്ലില്ല എന്ന് പറഞ്ഞാൽ കൊടി സുനിയെ ഡിജിപി ആക്കുമോയെന്നും ഷാഫി ചോദിച്ചു. മുഖ്യമന്ത്രിയുടെ സമീപനം നിർഭാഗ്യകരമെന്നും സഭയിൽ ഇന്നു തന്നെ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. എന്നാൽ മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി സഭയുടെ നടുത്തളത്തിലിറങ്ങി. തുടർന്ന് സ്പീക്കറുടെ ഡയസിന് മുകളിലെത്തി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. അതിരുവിടരുതെന്ന് സ്പീക്കർ പറഞ്ഞെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടർന്നതോടെ നടപടികൾ വെട്ടിച്ചുരുക്കി സഭ വേഗത്തിൽ പിരിഞ്ഞു.

Next Story

RELATED STORIES

Share it