Kerala

പൈങ്ങോട്ടൂരില്‍ 15കാരന് സമപ്രായക്കാരുടെ ക്രൂരമര്‍ദനം, നാലു പേര്‍ക്കെതിരേ കേസ്

പൈങ്ങോട്ടൂരില്‍ 15കാരന് സമപ്രായക്കാരുടെ ക്രൂരമര്‍ദനം, നാലു പേര്‍ക്കെതിരേ കേസ്
X

കൊച്ചി: പൈങ്ങോട്ടൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ സമപ്രായക്കാരായ നാലുപേര്‍ ചേര്‍ന്നു ക്രൂരമായി മര്‍ദിച്ചു. സംഭവത്തിന്റെ വിഡിയോ പുറത്തു വന്നതോടെ പോത്താനിക്കാട് പോലിസ് നാലു പേര്‍ക്കുമെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 325ാം വകുപ്പു പ്രകാരം കേസെടുത്തു. നാലു പേരെയും ഇവരുടെ മാതാപിതാക്കളെയും ഇന്നു രാവിലെ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് നടപടി. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ പോലിസ് നല്‍കുന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മര്‍ദിച്ചവരെ വിളിപ്പിക്കും.

കോതമംഗലത്തിനടുത്ത് പൈങ്ങോട്ടൂരില്‍ വിദ്യാര്‍ഥിയായ 15കാരനാണ് ക്രൂരമര്‍ദനത്തിന് ഇരയായത്. ഒരാഴ്ച മുമ്പാണ് സംഭവം. പൈങ്ങോട്ടൂര്‍ ബസ് സ്റ്റാന്‍ഡിനു സമീപം ഉപയോഗിക്കാതെ കിടക്കുന്ന പോലിസ് എയ്ഡ് പോസ്റ്റിനുള്ളില്‍ വച്ചായിരുന്നു മര്‍ദനം. ഏതോ വിഷയത്തില്‍ 3 പേര്‍ ചേര്‍ന്ന് വിദ്യാര്‍ഥിയെ ചോദ്യം ചെയ്യുന്നതും ഇടക്കിടെ മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒരു ഘട്ടത്തില്‍ മൂന്നു പേരും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. നാലാമനാണ് ദൃശ്യം പകര്‍ത്തിയതെന്നു കരുതുന്നു.

തുടര്‍ന്ന് കുട്ടി ഇവിടെ നിന്ന് ഇറങ്ങിപ്പോകുന്നത് വരെയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്. കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് മര്‍ദിച്ച കുട്ടികളെയും രക്ഷിതാക്കളെയും പോലിസ് സ്റ്റേഷനില്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍ ഇതില്‍ ചില കുട്ടികളുടെ മാതാപിതാക്കള്‍ കരച്ചിലും മറ്റുമായതോടെ പരാതി പറഞ്ഞു തീര്‍ക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് മര്‍ദന വിഡിയോ പ്രചരിച്ചത്. ഇതോടെ വീണ്ടും പരാതിയുമായി മുന്നോട്ടു പോകാന്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു. മര്‍ദിച്ചവരില്‍ 2 പേര്‍ വിദ്യാര്‍ഥികളും മറ്റു രണ്ടു പേര്‍ പഠനം നിര്‍ത്തിയവരുമാണെന്നാണു വിവരം.




Next Story

RELATED STORIES

Share it