Kerala

അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി 108 ആംബുലന്‍സ് ജീവനക്കാര്‍

നെല്ലിക്കുന്നം പുളിത്താനം സ്വദേശി വിനുവിന്റെ ഭാര്യ സിന്ധു(32) ആണ് ആംബുലന്‍സിന് ഉള്ളില്‍ ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്.

അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി 108 ആംബുലന്‍സ് ജീവനക്കാര്‍
X
എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ഇന്ദു ദേവി, പൈലറ്റ് സന്തോഷ് കുമാര്‍ എന്നിവര്‍ കുഞ്ഞുമായി

കൊട്ടാരക്കര: അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി 108 ആംബുലന്‍സ് ജീവനക്കാര്‍. പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോവാന്‍ ആംബുലന്‍സിലേക്ക് മാറ്റിയ യുവതിക്ക് ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. നെല്ലിക്കുന്നം പുളിത്താനം സ്വദേശി വിനുവിന്റെ ഭാര്യ സിന്ധു(32) ആണ് ആംബുലന്‍സിന് ഉള്ളില്‍ ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. വ്യാഴാഴ്ച വൈകീട്ട് രണ്ടേ മുക്കാലോടെ സിന്ധുവിന് പ്രസവവേദന അനുഭവപ്പെട്ടത്തിനെ തുടര്‍ന്ന് വീട്ടുകാര്‍ 108 ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു.

തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ കണ്ട്രോള്‍ റൂമില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ 108 ആംബുലന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ഇന്ദു ദേവി, പൈലറ്റ് സന്തോഷ് കുമാര്‍ എന്നിവര്‍ സ്ഥലത്തേക്ക് തിരിച്ചു. അഞ്ച് മിനിറ്റുകൊണ്ട് ആംബുലന്‍സ് സ്ഥലത്തെത്തി. റോഡില്‍നിന്ന് കുത്തിറക്കമുള്ള സ്ഥലത്താണ് സിന്ധുവിന്റെ വീട് സ്ഥിതിചെയ്യുന്നത്. ഇവിടേക്ക് ആംബുലന്‍സ് എത്തിപ്പെടാന്‍ കഴിയാത്ത അവസ്ഥയാണ്. സിന്ധുവിന്റെ അടുത്തെത്തി ആംബുലന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ഇന്ദുദേവി നടത്തിയ പരിശോധനയില്‍ ആരോഗ്യനില മോശമാണെന്നും ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റണമെന്നും കണ്ടെത്തി.

തുടര്‍ന്ന് ആംബുലന്‍സ് പൈലറ്റ് സന്തോഷ് കുമാറും പ്രദേശവാസികളും ചേര്‍ന്ന് സിന്ധുവിനെ സ്ട്രക്ച്ചറില്‍ ചുമന്ന് കയറ്റംകയറി മുകളിലെത്തിച്ച് ആംബുലന്‍സിലേക്ക് മാറ്റി. സിന്ധുവിന്റെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ഇന്ദു ആംബുലന്‍സിന് ഉള്ളില്‍വച്ച് 3 മണിയോടെ പ്രസവമെടുക്കുകയായിരുന്നു. പ്രഥമശുശ്രൂഷ നല്‍കിയ ശേഷം അമ്മയെയും കുഞ്ഞിനെയും ഉടന്‍തന്നെ ആംബുലന്‍സ് പൈലറ്റ് സന്തോഷ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it