Kerala

വനിതാ വികസനകോര്‍പറേഷന് 100 കോടിയുടെ സര്‍ക്കാര്‍ ഗ്യാരന്റി

ദേശീയ ധനകാര്യകോര്‍പറേഷനുകളില്‍ നിന്നും വായ്പയെടുക്കുന്നതിലേക്ക് 140 കോടി രൂപയുടെ ഗ്യാരന്റി മാത്രമുണ്ടായിരുന്ന വനിതാ വികസന കോര്‍പറേഷന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇത്തരത്തില്‍ 600.56 കോടി രൂപയുടെ അധികം ഗ്യാരന്റി സര്‍ക്കാര്‍ അനുവദിച്ചുനല്‍കിയിരുന്നു.

വനിതാ വികസനകോര്‍പറേഷന് 100 കോടിയുടെ സര്‍ക്കാര്‍ ഗ്യാരന്റി
X

തിരുവനന്തപുരം: സംസ്ഥാന വനിതാ വികസനകോര്‍പറേഷന് ദേശീയ സഫായി കര്‍മചാരി ഫിനാന്‍സ് ഡെവലപ്പ്മെന്റ് കോര്‍പറേഷനില്‍ (എന്‍എസ്‌കെഎഫ്ഡിസി) നിന്നും വായ്പയെടുക്കുന്നതിന് 100 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരന്റി അനുവദിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇതോടെ വനിതാവികസന കോര്‍പറേഷന് അനുവദിച്ചിരിക്കുന്ന സര്‍ക്കാര്‍ ഗ്യാരന്റി 740.56 കോടി രൂപയായി ഉയര്‍ത്തിയിരിക്കുകയാണ്. മാത്രമല്ല, പ്രധാനപ്പെട്ട അഞ്ച് ദേശീയ ധനകാര്യകോര്‍പറേഷനുകളുടെ സംസ്ഥാന ചാനലൈസിങ് ഏജന്‍സിയായിരിക്കുകയാണ് കോര്‍പറേഷന്‍. സംസ്ഥാനത്ത് മറ്റൊരു വികസനകോര്‍പറേഷനും ഇതുവരെ കൈവരിച്ചിട്ടില്ലാത്ത നേട്ടമാണിതെന്നും മന്ത്രി വ്യക്തമാക്കി.

സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ള ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വനിതാ കൂട്ടായ്മകള്‍ക്ക് വായ്പാസഹായം നല്‍കാന്‍ ഇതുമുഖേന സാധിക്കുന്നതാണ്. ശുചീകരണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ക്കുള്ള വായ്പയും അതിലേര്‍പ്പെട്ടിരിക്കുന്ന വനിതകളുടെ പെണ്‍മക്കള്‍ക്ക് വിദ്യാഭ്യാസ വായ്പയും വളരെ കുറഞ്ഞ പലിശയ്ക്ക് നല്‍കുന്നതിന് ഇതിലൂടെ സാധിക്കും. കൊവിഡ് സമയത്ത് ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലമായി നടക്കേണ്ടതുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് ഇത്തരം പ്രവര്‍ത്തനത്തിലേര്‍പ്പെട്ടവരെ സഹായിക്കുന്നതിലുള്ള ഉദ്യമവുമായി വനിതാവികസന കോര്‍പറേഷന്‍ മുന്നോട്ടുപോവുന്നത്.

ദേശീയ ധനകാര്യകോര്‍പറേഷനുകളില്‍ നിന്നും വായ്പയെടുക്കുന്നതിലേക്ക് 140 കോടി രൂപയുടെ ഗ്യാരന്റി മാത്രമുണ്ടായിരുന്ന വനിതാ വികസന കോര്‍പറേഷന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇത്തരത്തില്‍ 600.56 കോടി രൂപയുടെ അധികം ഗ്യാരന്റി സര്‍ക്കാര്‍ അനുവദിച്ചുനല്‍കിയിരുന്നു. ദേശീയ പട്ടികവര്‍ഗ ധനകാര്യവികസന കോര്‍പറേഷന്റെ ഗ്യാരന്റി കോര്‍പറേഷന് അനുവദിച്ച് സ്റ്റേറ്റ് ചാനലൈസിങ് ഏജന്‍സി ആക്കിയതും ഈ സര്‍ക്കാരിന്റെ കാലത്താണ്. കൂടുതല്‍ സ്ത്രീകള്‍ക്ക് മിതമായ നിരക്കില്‍ സ്വയം തൊഴില്‍വായ്പ ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കും. സര്‍ക്കാരിന്റെ പദ്ധതി നടത്തിപ്പിലൂടെയും വായ്പാ വിതരണത്തിലൂടെയും ഈ സര്‍ക്കാര്‍ വന്ന ശേഷം 10 ലക്ഷത്തോളം വനിതകള്‍ക്ക് വിവിധ രീതിയിലുള്ള സേവനമെത്തിക്കാന്‍ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ 30 വര്‍ഷങ്ങളായി കേരളത്തിലെ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചുവരുന്ന സംസ്ഥാന വനിതാവികസന കോര്‍പറേഷന്‍ വിവിധ ദേശീയ ധനകാര്യകോര്‍പറേഷനുകളുടെയും സംസ്ഥാന സര്‍ക്കാരിന്റെയും സ്വയംതൊഴില്‍ വായ്പാ ചാനലൈസിങ് ഏജന്‍സിയാണ്. സംസ്ഥാന സര്‍ക്കാരിന്റെയും ദേശീയ ധനകാര്യകോര്‍പറേഷനുകളുടെയും സഹായത്തോടെ വിവിധ വിഭാഗത്തിലുള്ള സ്ത്രീകള്‍ക്ക് ലളിതമായ വ്യവസ്ഥകളില്‍ കുറഞ്ഞ പലിശയ്ക്ക് സ്വയം സംരംഭകവായ്പകള്‍ കാലങ്ങളായി സ്ഥാപനം നല്‍കിവരുന്നു. സംസ്ഥാന വനിതാ വികസന കോര്‍പറേഷന് 2018-19, 2019-20 വര്‍ഷങ്ങളില്‍ വനിത ശാക്തീകരണത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിന് എന്‍ബിസിഎഫ്ഡിസിയില്‍നിന്ന് ദേശീയപുരസ്‌കാരവും ലഭിച്ചിരുന്നു.

Next Story

RELATED STORIES

Share it