Kerala

ഭരണഘടനാ കാഴ്ചപ്പാടുകള്‍ കുട്ടികളിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കും: മന്ത്രി സി രവീന്ദ്രനാഥ്

ഭരണഘടനാ കാഴ്ചപ്പാടുകള്‍ കുട്ടികളിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കും:  മന്ത്രി സി രവീന്ദ്രനാഥ്
X

കൊച്ചി: ഇന്ത്യയുടെ മതനിരപേക്ഷ സംസ്‌കാരം സംരക്ഷിക്കാന്‍ ജനങ്ങള്‍ ഭരണഘടനാ സാക്ഷരരാകണമെന്നും ഭരണഘടനയുടെ കാഴ്ചപ്പാടുകള്‍ ഓരോ കൊച്ചു കുട്ടിയുടെയും മനസിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുമെന്നും മന്ത്രി പ്രഫ.സി രവീന്ദ്രനാഥ് . അങ്കമാലിയില്‍ ഭരണഘടനാ സാക്ഷരതാ സന്ദേശ യാത്രയ്ക്ക് നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലോകത്ത് എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടനയാണ് ഇന്ത്യയുടേത്. രാജ്യം എങ്ങനെയാകണമെന്നുള്ള കുറേ പേരുടെ സ്വപ്നമാണ് ഭരണഘടന. നൂറ്റാണ്ടുകള്‍ നീണ്ട അടിമത്വം അനുഭവിച്ച നാടാണിത്. അതു കൊണ്ടു തന്നെ സമത്വം വേണമെന്ന ആഗ്രഹം എഴുതിയവര്‍ക്കുണ്ടായിരുന്നു. അതില്‍ പ്രധാനമാണ് മതനിരപേക്ഷ രാജ്യം എന്നത് . ഈ സ്വപ്നങ്ങളെല്ലാം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞുവോ എന്നുള്ളത് പരിശോധിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. വികസനം എന്നത് വ്യവസായങ്ങളുടെയും മറ്റുള്ള തരത്തിലുള്ള വികസനമല്ല. വികസനമെന്നത് സ്വാതന്ത്ര്യമാണ്. സ്വാതന്ത്ര്യം പരമാവധി ആസ്വദിക്കുമ്പോഴാണ് വികസനം പൂര്‍ണമാകുന്നത്. അസമത്വം വര്‍ധിക്കുന്ന കാഴ്ചയാണുള്ളത്. സമ്പത്തിന്റെ 72 ശതമാനവും ജനത്തിന്റെ ഒരു ശതമാനത്തില്‍ മാത്രം ഒതുങ്ങുകയാണ്. ഇതാണോ ഭരണഘടനയിലൂടെ നാം സ്വപ്നം കണ്ടതെന്നും അദ്ദേഹം ചോദിച്ചു. സാക്ഷരത കേവലം സാക്ഷരത മാത്രമല്ല. ആര്‍ക്കും അനുകരിക്കാന്‍ പറ്റാത്ത എല്ലാവരും സ്വപ്നം കാണുന്ന സംസ്‌കാരമാണ് നമ്മുടേത്. ലോകം മുഴുവന്‍ ഇന്ത്യയെ ശ്രദ്ധിക്കാന്‍ ഇടവരുത്തുന്നതും ഈ സംസ്‌കാരമാണ്. ഇത് ചരിത്ര പരമായി വികസിപ്പിച്ചെടുത്ത ഒന്നാണ്. മതനിരപേക്ഷ സംസ്‌കാരം ഒരിഞ്ചുപോലും നഷ്ടപ്പെടരുതേ എന്നാണ് നമ്മള്‍ ആഗ്രഹിക്കേണ്ടത്. ഇത് നിലനിര്‍ത്താന്‍ നാം ഭരണഘടനാ സാക്ഷരരാകണം. ഭരണഘടനയുടെ കാഴ്ചപ്പാടുകള്‍ ഓരോ കൊച്ചു കുട്ടിയുടെയും മനസിലെത്തിക്കണം. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ വകുപ്പും നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.കേരള നിയമസഭയും സാക്ഷരതാ മിഷനും സംയുക്തമായാണ് സന്ദേശ യാത്ര സംഘടിപ്പിച്ചത്. സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ പി എസ് ശ്രീകലയാണ് ജാഥാ ക്യാപ്റ്റന്‍.


Next Story

RELATED STORIES

Share it