Kerala

ഇന്ധന വിലവര്‍ധനവ് ; മല്‍സ്യമേഖലയെ കരകയറ്റാന്‍ അടിയന്തര നടപടികള്‍ ഉണ്ടാകണമെന്ന്

ഡീസലും പെട്രോളും ഉപയോഗിച്ച് മല്‍സ്യ ബന്ധനം നടത്തുന്ന യന്ത്രവല്‍കൃത ബോട്ടുകളും ഇന്‍ ബോര്‍ഡ് വള്ളങ്ങളും ഇന്ധനത്തിന്റെ വിലവര്‍ധന മൂലം മല്‍സ്യബന്ധനത്തിനു പോകാന്‍ ആവാത്ത അവസ്ഥയിലാണ്

ഇന്ധന വിലവര്‍ധനവ് ; മല്‍സ്യമേഖലയെ കരകയറ്റാന്‍ അടിയന്തര നടപടികള്‍ ഉണ്ടാകണമെന്ന്
X

കൊച്ചി: പെട്രോള്‍, ഡീസല്‍ , മണ്ണെണ്ണ എന്നിവയുടെ അമിതമായ വിലവര്‍ധന മൂലം ഇവ ഇന്ധനമായി ഉപയോഗിക്കുന്ന കേരളത്തിലെ മല്‍സ്യബന്ധന യാനങ്ങള്‍ മല്‍സ്യബന്ധനത്തിനു പോകാന്‍ ആവാതെ തൊഴില്‍ സ്തംഭനത്തില്‍ എത്തിയിരിക്കുന്നുവെന്ന് മല്‍സ്യമേഖല സംരക്ഷണ സമിതി.ഡീസലും പെട്രോളും ഉപയോഗിച്ച് മല്‍സ്യ ബന്ധനം നടത്തുന്ന യന്ത്രവല്‍കൃത ബോട്ടുകളും ഇന്‍ ബോര്‍ഡ് വള്ളങ്ങളും ഇന്ധനത്തിന്റെ വിലവര്‍ധന മൂലം മല്‍സ്യബന്ധനത്തിനു പോകാന്‍ ആവാത്ത അവസ്ഥയിലാണ്. ദൈനം ദിനമെന്നോണം പെട്രോളിനും ഡീസലിനും വില വര്‍ധിച്ചു കൊണ്ടിരിക്കുന്നതിനാല്‍ ഒരു ക്ലിപ്തവില തന്നെ പറയാനാകാത്ത അവസ്ഥയാണുള്ളത്.

കേരളത്തില്‍ മണ്ണെണ്ണ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 9.9 ഒജഎഞ്ചിന് 129 ലിറ്ററും 15 ഒജ എഞ്ചിന് 136 ലിറ്ററും 25 ഒജ എഞ്ചിന് 180 ലിറ്ററും മണ്ണെണ്ണ ലിറ്ററിന് 13 രൂപ വിലയ്ക്ക് 2016 കാലഘട്ടം വരെ സബ്‌സിഡി നിരക്കില്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇന്നാകട്ടെ 81 രൂപ വിലയ്ക്ക് പ്രതിമാസം 45 ലിറ്റര്‍ വരെ മണ്ണെണ്ണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മണ്ണെണ്ണയുടെ ലഭ്യത കുറഞ്ഞ സാഹചര്യത്തെ അതിജീവിക്കുന്നതിന് 2015 16 ലെ ബഡ്ജറ്റില്‍ മണ്ണെണ്ണ ബങ്കുകള്‍ സ്ഥാപിക്കുന്നതിന് 100 കോടി രൂപ വകയിരുത്തുകയും കേരളത്തിലെ വിവിധ മല്‍സ്യബന്ധന കേന്ദ്രങ്ങളിലായി 13 മണ്ണെണ്ണ ബങ്കുകള്‍ സ്ഥാപിക്കുകയും ലിറ്ററിന് 25 രൂപ സബ്‌സിഡിയോടു കൂടി കുറഞ്ഞ വിലയ്ക്ക് മണ്ണെണ്ണ വിതരണം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് മല്‍സ്യഫെഡ് വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണ 124 രൂപയ്ക്ക് വില്‍ക്കുമ്പോള്‍ സബ് സിഡിയായി ലഭിയ്ക്കുന്നത് ലിറ്ററിന് 25 രൂപ മാത്രം.

മണ്ണെണ്ണയ്ക്ക് 50 രൂപ വിലയുണ്ടായിരുന്നപ്പോള്‍ 201516 കാലഘട്ടത്തില്‍ നിശ്ചയിച്ച 25 രൂപ സബ്‌സിഡിയാണ് മണ്ണെണ്ണയ്ക്ക് 124 രൂപ ഉള്ളപ്പോഴും ലഭിയ്കുന്നത്. സബ്‌സിഡി വര്‍ധിപ്പിക്കാന്‍ തയ്യാറാകുന്നില്ല എന്നു മാത്രമല്ല ഉള്ള സബ്‌സിഡി തന്നെ കഴിഞ്ഞ 4 മാസത്തെ തുക കുടിശിക ആയിട്ടുണ്ട്.മണ്ണെണ്ണയുടെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെന്നപോലെ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തില്‍ നിന്ന് മത്സ്യബന്ധനത്തിന് സബ് സിഡി നിരക്കില്‍ മണ്ണെണ്ണ ഫിഷറീസ് വകുപ്പിന് നേരിട്ട് ലഭിയ്ക്കുന്നതിന് നടപടി സ്വീകരിക്കുകയും വേണം. പ്രശ്‌നപരിഹാരത്തിനായി അടിയന്തര നടപടികള്‍ കൈക്കൊണ്ട്, ഇന്ധന സബ്‌സിഡി നല്‍കി മത്സ്യ മേഖലയെ സംരക്ഷിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാകണമെന്ന് കേരള മത്സ്യമേഖല സംരക്ഷണസമിതി യോഗം ആവശ്യപ്പെട്ടു.

മല്‍സ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. സമിതിയുടെ പൊതുമിനിമം പരിപാടി അംഗീകരിക്കുന്ന സ്വതന്ത്ര സംഘടനകളാണ് ഈ മുന്നേറ്റത്തില്‍ സഹകരിക്കുന്നത്. കൂടുതല്‍ സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കുന്ന വിപുലമായ യോഗം ഏപ്രില്‍ 24 രാവിലെ 11ന് എറണാകുളത്ത് ചേരും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ മേഖലകള്‍ കേന്ദ്രീകരിച്ച് ജില്ലാ സമിതികള്‍ രൂപീകരിക്കും. മല്‍സ്യ തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, ദേശീയപാത വികസനത്തിന് നല്‍കുന്നതിനു സമാനമായ നഷ്ടപരിഹാരം പുനര്‍ഗേഹം പദ്ധതിക്കും നല്‍കുക, നിര്‍ബന്ധിച്ച് കുടിയൊഴിപ്പിക്കാതിരിക്കുക തുടങ്ങിയ നിരവധി വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പൊതു ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് പരിപാടികള്‍ ആവിഷ്‌കരിക്കും.ചെയര്‍മാന്‍ വി ദിനകരന്‍ അധ്യക്ഷത വഹിച്ചു.

Next Story

RELATED STORIES

Share it