India

അരുണാചല്‍ പ്രദേശില്‍ കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

അരുണാചലിലെ വടക്കന്‍ ലിപ്പോയില്‍നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് ഇന്ത്യന്‍ വ്യോമസേന ട്വിറ്ററില്‍ അറിയിച്ചു. അസമിലെ ജോര്‍ഹട്ടില്‍നിന്ന് അരുണാചല്‍പ്രദേശിലെ മേചുകയിലേക്കു പോയ വിമാനമാണ് ജൂണ്‍ മൂന്നിന് കാണാതായത്.

അരുണാചല്‍ പ്രദേശില്‍ കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
X

ന്യൂഡല്‍ഹി: അസമിലെ ജോര്‍ഹട്ടില്‍നിന്ന് അരുണാചല്‍പ്രദേശിലേക്കു പറക്കവെ കാണാതായ വ്യോമസേനയുടെ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അരുണാചലിലെ വടക്കന്‍ ലിപ്പോയില്‍നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് ഇന്ത്യന്‍ വ്യോമസേന ട്വിറ്ററില്‍ അറിയിച്ചു. അസമിലെ ജോര്‍ഹട്ടില്‍നിന്ന് അരുണാചല്‍പ്രദേശിലെ മേചുകയിലേക്കു പോയ വിമാനമാണ് ജൂണ്‍ മൂന്നിന് കാണാതായത്.

വ്യോമപാതയില്‍നിന്ന് 15 മുതല്‍ 20 കിലോമീറ്റര്‍ അകലത്തിലായാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മലയാളികള്‍ ഉള്‍പ്പടെ ഏഴ് വ്യോമസേനാംഗങ്ങളും ആറ് യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അനൂപ് കുമാര്‍, ഷെരിന്‍, വിനോദ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന മലയാളികള്‍. ജൂണ്‍ മൂന്നിന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് വ്യോമസേനയുടെ റഷ്യന്‍ നിര്‍മിത എഎന്‍-32 വിമാനം കാണാതായത്.

മോശം കാലാവസ്ഥയെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട വിമാനം അരുണാചലിലെ വനമേഖലയില്‍ തകര്‍ന്നു വീണതാവാമെന്നായിരുന്നു പ്രാഥമിക നിഗമനം. ദിവസങ്ങളായി നടത്തിയ തിരച്ചില്‍ ഫലം കാണാത്തതിനെത്തുടര്‍ന്ന് വിമാനം കണ്ടെത്തുന്നവര്‍ക്ക് വ്യോമസേന അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. മിഗ്- 17, സി- 130, സുഖോയ്- 30 വിമാനങ്ങളും കരസേന ഹെലികോപ്റ്ററുകളും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

ഐഎസ്ആര്‍ഒയുടെ സാറ്റലൈറ്റുകളും ഡ്രോണുകളും തിരച്ചിലില്‍ പങ്കാളികളായി. കര, നാവിക സേനകളും ഇന്‍ഡോ തിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സും രാത്രിസമയത്തും വിമാനത്തിനായി ശക്തമായ തിരച്ചിലാണ് നടത്തിയത്. മോശം കാലാവസ്ഥ കാരണം മേചുകയിലേക്കുള്ള യാത്ര കുറച്ചുദിവസമായി മാറ്റിവച്ചിരിക്കുകയായിരുന്നു. കാലാവസ്ഥ അനുകൂലമെന്നു തോന്നിയ ഈ മാസം മൂന്നിന് ഉച്ചയ്ക്ക് 12.27ന് ജോര്‍ഹട്ടില്‍നിന്നു പുറപ്പെട്ട വിമാനം അരമണിക്കൂറിനുശേഷം കാണാതായി. അരുണാചല്‍പ്രദേശിലെ വന്‍ മലനിരകള്‍ നിറഞ്ഞ വനമേഖലകളിലെ തിരച്ചില്‍ ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു.

Next Story

RELATED STORIES

Share it