India

കൊടുംതണുപ്പിലും രാപ്പകല്‍ പ്രക്ഷോഭം നയിച്ച് ഷാഹീന്‍ബാഗിലെ സ്ത്രീസമൂഹം

ജാമിഅ മില്ലിയ്യ, ജെഎന്‍യു, ഡല്‍ഹി സര്‍വകലാശാല എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും ഡല്‍ഹിയിലെ മനുഷ്യാവകാശപ്രവര്‍ത്തകരും സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. പുരുഷന്‍മാര്‍ ജോലിക്കുപോവാതെയും കടകള്‍ തുറക്കാതെയും സമരത്തിന് പിന്തുണയുമായി രംഗത്തുണ്ട്.

കൊടുംതണുപ്പിലും രാപ്പകല്‍ പ്രക്ഷോഭം നയിച്ച് ഷാഹീന്‍ബാഗിലെ സ്ത്രീസമൂഹം
X

ന്യൂഡല്‍ഹി: ഇന്ത്യയെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരേ മരംകോച്ചുന്ന തണുപ്പിനെ വകവയ്ക്കാതെ പ്രക്ഷോഭം നയിക്കുകയാണ് ഷാഹീന്‍ബാഗിലെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയ സമൂഹം. ജാമിഅ മില്ലിയ്യ സര്‍വകലാശാലയില്‍നിന്ന് നാല് കിലോമീറ്റര്‍ മാത്രം അകലെ നോയിഡ കാളിന്ദികുഞ്ച് ദേശീയപാതയില്‍ പന്തല്‍കെട്ടിയുള്ള രാപ്പകല്‍ സമരം ഞായറാഴ്ച 15ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. 100 വര്‍ഷത്തിനിടെ ഏറ്റവും വലിയ രണ്ടാമത്തെ ശൈത്യമനുഭവപ്പെടുന്ന ഡല്‍ഹിയില്‍ പകലന്തിയോളം തെരുവില്‍ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുകയാണ് സ്ത്രീകള്‍. ഇരുട്ടിലും ശ്രദ്ധിക്കാവുന്ന തരത്തില്‍ 'പോലിസ് ക്രൂരത അവസാനിപ്പിക്കുക' എന്ന് എഴുതിയ ചുവന്ന ബാനര്‍ സമരപ്പന്തലിന്റെ മുന്നില്‍തന്നെ സ്ഥാപിച്ചിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമം, പൗരത്വ പട്ടിക, ജനസംഖ്യ രജിസ്റ്റര്‍ ഇവ എന്താണ്, എങ്ങനെ ബാധിക്കും തുടങ്ങിയവ ഷാഹീന്‍ബാഗിലെ എല്ലാ സ്ത്രീകള്‍ക്കും നന്നായി അറിയാം. ആയിരം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് തെരുവീഥികളെ വീടുകളാക്കിയുള്ള സമരം ഓരോ ദിവസവും ശക്തിയാര്‍ജിച്ചുവരികയാണ്. ജാമിഅ മില്ലിയ്യ, ജെഎന്‍യു, ഡല്‍ഹി സര്‍വകലാശാല എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും ഡല്‍ഹിയിലെ മനുഷ്യാവകാശപ്രവര്‍ത്തകരും സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. പുരുഷന്‍മാര്‍ ജോലിക്കുപോവാതെയും കടകള്‍ തുറക്കാതെയും സമരത്തിന് പിന്തുണയുമായി രംഗത്തുണ്ട്. സമരക്കാര്‍ക്കുള്ള ഭക്ഷണം പ്രദേശത്തെ വീടുകളില്‍നിന്നെത്തും. അവിടെയുള്ള പോലിസിനും ഭക്ഷണം വിതരണംചെയ്യും. രാത്രിയാവുമ്പോള്‍ കമ്പിളി പുതപ്പുകളെത്തും.

എല്ലാ പ്രമുഖ കമ്പനികളുടെയും ഷോപ്പുകളുള്ള പ്രദേശമാണ് ഷാഹീന്‍ബാഗ്. അവ തുറന്നിട്ട് ദിവസങ്ങളായി. കാളിന്ദികുഞ്ച് മുതല്‍ നോയിഡ വരെയുള്ള ഭൂരിഭാഗം കടകളും ദിവസങ്ങളായി അടഞ്ഞുകിടക്കുകയാണ്. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചുമാണ് സ്ത്രീകള്‍ സമരം നടത്തുന്നത്. 'ഞങ്ങളുടെ പൂര്‍വികര്‍ നമ്മുടെ സ്വാതന്ത്ര്യത്തിനായി പോരാടിയതുപോലെ എന്റെ മകളുടെ ഭാവിക്കുവേണ്ടിയാണ് ഞാന്‍ പോരാടുന്നത്. അവള്‍ ഒരു തടങ്കല്‍കേന്ദ്രത്തില്‍ വളരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവള്‍ എന്റെ പ്രായമാവുമ്പോള്‍ ഞാന്‍ അവളോട് എന്തുപറയും- ഈമാസം 16 മുതല്‍ നാലുവയസുള്ള മകളോടൊപ്പം കുത്തിയിരിപ്പ് സമരത്തില്‍ പങ്കെടുക്കുന്ന 22 കാരിയായ രെഹാന ഖാത്തൂന്‍ പറയുന്നു.

ഞങ്ങള്‍ക്കെതിരേ സര്‍ക്കാരില്‍നിന്നുണ്ടാവുന്ന പ്രശ്‌നങ്ങളേക്കാള്‍ വലുതല്ല, തണുപ്പുമൂലമുള്ള പ്രതിസന്ധികളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 250 ഓളം സ്ത്രീകള്‍ റോഡ് തങ്ങളുടെ സ്വന്തം വീടാക്കി മാറ്റിയിരിക്കുകയാണെന്ന് 33കാരിയായ സാഹിബാ ഖാന്‍ പറയുന്നു. പകല്‍സമയങ്ങളില്‍ പ്രതിഷേധക്കാരുടെ എണ്ണം ആയിരത്തോളമുണ്ടാവും. പുറത്തുനിന്ന് വരുന്നവരില്‍ ഭൂരിഭാഗവും രാത്രിയില്‍ മടങ്ങും. പക്ഷേ, പ്രദേശത്തുള്ളവര്‍ അവിടെ തങ്ങുകയാണ്. മറ്റ് മതവിശ്വാസികളും ഞങ്ങളെ പിന്തുണയ്ക്കുകയാണ്. അല്ലാത്തപക്ഷം ഈ തണുപ്പ് ഞങ്ങള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുമായിരുന്നുവെന്നും ഖാന്‍ പറയുന്നു. പ്രകൃതിയുടെ പരീക്ഷണങ്ങളുണ്ടായാലും ഞങ്ങള്‍ പര്‍വതങ്ങളെപ്പോലെ ഉറച്ചുനില്‍ക്കുമെന്ന് ബട്‌ല ഹൗസ് പ്രദേശത്തെ താമസക്കാരിയായ തരന്നൂം ബീഗം പറഞ്ഞു.

രണ്ടാഴ്ചയ്ക്കുള്ളില്‍ മൂന്നുതവണ മാത്രമാണ് താന്‍ വീട്ടില്‍ പോയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സമരം ചെയ്യുന്നവര്‍ക്ക് പ്രദേശവാസികളാണ് ഭക്ഷണവും മരുന്നും കിടക്കാനുള്ള സൗകര്യങ്ങളും നല്‍കുന്നത്. കാലാവസ്ഥ എത്ര മോശമായാലും വിജയിക്കുംവരെ പോരാട്ടം തുടരുമെന്നാണ് സ്ത്രീകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാപ്പകല്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥലത്ത് വന്‍ പോലിസ് സന്നാഹത്തെയാണ് വിന്യസിച്ചിട്ടുള്ളത്.

Next Story

RELATED STORIES

Share it