India

ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് രാഹുല്‍

ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് രാഹുല്‍
X

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട ഒമ്പത് വയസുകാരിയായ ദലിത് പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഞായറാഴ്ചയാണ് ഡല്‍ഹി കന്റോണ്‍മെന്റ് പ്രദേശത്ത് ഒമ്പതുവയസുകാരി ക്രൂര ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ടത്. തുടര്‍ന്ന് അക്രമികള്‍ മൃതദേഹം ബലം പ്രയോഗിച്ച് ദഹിപ്പിക്കുകയും ചെയ്തിരുന്നു. 'ഞാനാ കുടുംബത്തോടെ സംസാരിച്ചു. അവര്‍ തന്നോട് പറഞ്ഞത് ഒരേയൊരു കാര്യം മാത്രമാണ്. അവര്‍ക്ക് നീതിയല്ലാതെ മറ്റൊന്നും വേണ്ട. അവര്‍ക്ക് നീതി ലഭിക്കുന്നില്ലെന്നും അവരെ സഹായിക്കണമെന്നും അവര്‍ പറയുന്നു. ഞങ്ങളത് അവര്‍ക്ക് നേടിക്കൊടുക്കും. കൂടെയുണ്ടെന്ന് അവരോട് പറഞ്ഞിട്ടുണ്ട്.

നീതി ലഭിക്കും വരെ രാഹുല്‍ ഗാന്ധി അവരോടൊപ്പം നില്‍ക്കും- ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. ദലിത് പെണ്‍കുട്ടി രാജ്യത്തിന്റെയും മകളാണെന്ന് രാഹുല്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചിരുന്നു. എന്നാല്‍, രാഹുലിന്റെ സന്ദര്‍ശനത്തിനെതിരേ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തി. സ്ഥലത്തെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഇതുവരെ സ്ഥലം സന്ദര്‍ശിച്ചില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കാണാനാണ് രാഹുല്‍ ഗാന്ധി വന്നതെന്നും അതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. വിഷയം രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു.

രാജ്യതലസ്ഥാനത്ത് നടന്ന ഇത്തരമൊരു ക്രൂരസംഭവത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെയും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. കുടുംബത്തിന് നീതി കിട്ടുന്നതിന് വേണ്ടി സഹായിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വളരെ നാണക്കേടുണ്ടാക്കുന്ന സംഭവമാണ് ഇതെന്നും കുറ്റവാളികള്‍ക്ക് തൂക്കുകയര്‍ തന്നെ ശിക്ഷയായി ലഭിക്കണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും തൃണമൂല്‍ നേതാവ് എംപി അഭിഷേക് ബാനര്‍ജിയും അമിത് ഷായ്‌ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തി.

Next Story

RELATED STORIES

Share it