India

വിജയ് പെരമ്പൂരില്‍ തോല്‍ക്കും; ടിവികെ ആകെ നേടുന്ന വോട്ടുശതമാനം 10ലും താഴെ: സര്‍വേ ഫലം

വിജയ് പെരമ്പൂരില്‍ തോല്‍ക്കും; ടിവികെ ആകെ നേടുന്ന വോട്ടുശതമാനം 10ലും താഴെ: സര്‍വേ ഫലം
X

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെ തന്നെ അധികാരത്തില്‍ വരുമെന്നും ഡിഎംകെ സഖ്യം 180 സീറ്റുമായി അധികാരം നിലനിര്‍ത്തുമെന്നും അഗ്‌നി ന്യൂസ് പ്രീ പോള്‍ സര്‍വേ. പെരമ്പൂരില്‍ മല്‍സരിക്കുകയാണെങ്കില്‍ തമിഴഗ വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ് തോല്‍ക്കുമെന്നും, രണ്ടാം സ്ഥാനത്ത് എത്തുമെന്നും സര്‍വേ ഫലം പറയുന്നു. എഐഎഡിഎംഎകെ സഖ്യം 54 സീറ്റില്‍ ഒതുങ്ങും. വിജയുടെ പാര്‍ട്ടിയായ ടിവികെ തമിഴ്‌നാട്ടില്‍ ആകെ 9.7 ശതമാനം വോട്ട് നേടുമെന്നും സര്‍വേ പ്രവചിക്കുന്നു.

അതേസമയം, ന്യൂസ് 18 നടത്തിയ മറ്റൊരു പോള്‍ സര്‍വേയില്‍ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയ്യുടെ ടിവികെ രണ്ട് മുതല്‍ എട്ട് വരെ സീറ്റുകള്‍ നേടിയേക്കുമെന്ന് പ്രവചിച്ചിട്ടുണ്ട്. വിജയ് പെരമ്പൂരിലെ വടക്കന്‍ ചെന്നൈ മേഖലയില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഉടനെ തന്നെ പെരമ്പൂരില്‍ നിന്ന് വിജയ് പ്രചാരണം ആരംഭിക്കുമെന്നും, കണ്ണദാസന്‍ നഗറിലെ കൊടുങ്ങയൂരില്‍ വിജയ്ക്ക് താമസിക്കാന്‍ ടിവികെ ടീം ഒരു വീട് വാടകയ്ക്കെടുത്തതായി റിപ്പോര്‍ട്ടുണ്ട്.

ഐസിഎഫ് കോച്ച് ഫാക്ടറി സ്ഥിതി ചെയ്യുന്ന പെരമ്പൂര്‍, പ്രധാനമായും തൊഴിലാളികളും, മധ്യവര്‍ഗ്ഗ കുടുംബങ്ങളും താമസിക്കുന്ന പ്രദേശമാണ്, സാമൂഹികമായി പിന്നോക്കം നില്‍ക്കുന്നവരും ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. വണ്ണിയാര്‍, വോഡയാര്‍, തേവര്‍, മുതലിയാര്‍ സമുദായങ്ങളുടെ ശക്തികേന്ദ്രം കൂടിയാണിത്. ഈ മേഖലയിലെ പാര്‍ട്ടിയുടെ വോട്ടര്‍ അടിത്തറയിലാണ് ടിവികെ പ്രതീക്ഷ അര്‍പ്പിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ മണ്ഡലത്തിലെ 40,000-ത്തിലധികം ആളുകളുമായി പാര്‍ട്ടി ബന്ധപ്പെട്ടിട്ടുണ്ടെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അധവ അര്‍ജുന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.






Next Story

RELATED STORIES

Share it