India

തമിഴ് സംവിധായകന്‍ ബാബു ശിവന്‍ അന്തരിച്ചു

തമിഴ് സംവിധായകന്‍ ബാബു ശിവന്‍ അന്തരിച്ചു
X

ചെന്നൈ: തമിഴ് സംവിധായകന്‍ ബാബു ശിവന്‍ (54) അന്തരിച്ചു. 2009ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് വിജയ് ചിത്രം വേട്ടൈക്കാരന്റെ സംവിധായകനാണ് ബാബു ശിവന്‍. കിഡ്‌നി സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെ ആയിരുന്നു മരണം. മൃതദേഹം ചെന്നൈയിലെ മദംബാക്കമിലുള്ള വീട്ടിലാണുള്ളത്. ഏറെ നാളായി കിഡ്‌നി, കരള്‍ സംബന്ധമായ അസുഖങ്ങള്‍ ബാബു ശിവനെ അലട്ടിയിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ നീറ്റ് പരീക്ഷയെഴുതുന്നതിനായി പോയിരുന്നു.

അദ്ദേഹത്തിന്റെ ഭാര്യയാണ് ഇവര്‍ക്ക് കൂട്ടുപോയത്. ഇവര്‍ തിരിച്ചുവീട്ടിലെത്തിയപ്പോള്‍ ബാബു ശിവനെ ബോധരഹിതനായി കാണുകയായിരുന്നുവെന്നും ഉടനെ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ആദ്യം കൊണ്ടുപോയ ആശുപത്രി കൊവിഡ് സെന്ററായി പ്രവര്‍ത്തിക്കുന്നതിനാല്‍ അവിടെ അദ്ദേഹത്തിനെ ചികില്‍സിക്കാനായില്ല. തുടര്‍ന്ന് അടുത്തുള്ള സ്വകാര്യാശുപത്രിയിലെത്തിച്ചു. കുറച്ചുനാളായി സിനിമകള്‍ ചെയ്യാത്തതിനാല്‍ കുടുംബം സാമ്പത്തികപ്രയാസത്തിലായിരുന്നു.

സ്വകാര്യാശുപത്രിയിലെ ചികില്‍സാ ചെലവുകള്‍ താങ്ങാന്‍ കഴിയാതെ വന്നതോടെയാണ് അദ്ദേഹത്തെ രാജീവ് ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയത്. വൃക്കകളുടെ പ്രവര്‍ത്തനം വളരെ മോശമായതിനാല്‍ ബാബു ശിവനെ ചികില്‍സിച്ച ഡോക്ടര്‍മാര്‍ ഡയാലിസിസിന് നിര്‍ദേശിച്ചു. എന്നാല്‍, ആരോഗ്യനില കൂടുതല്‍ വഷളാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. വിജയ്, അനുഷ്‌ക ഷെട്ടി എന്നിവര്‍ ഒന്നിച്ച വേട്ടൈക്കാരന്‍ ബോക്‌സോഫിസില്‍ വിജയം നേടിയ ചിത്രമാണ്. വിജയ് ചിത്രങ്ങളായ കുരുവിയിലും ഭൈരവയിലും ബാബു ശിവന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it