India

ഉപയോക്താക്കൾ കുറയുന്നു; ജിയോയുടെ ആരോപണങ്ങള്‍ തള്ളി എയര്‍ടെല്‍

ജിയോ വരിക്കാരെ ബലമായി എയര്‍ടെല്ലിലേക്ക് പോര്‍ട്ടു ചെയ്യിക്കാന്‍ പാകത്തിനുള്ള സര്‍വശക്തരാണ് തങ്ങളെന്ന് ജിയോ വിശ്വസിക്കുന്നു എന്നത് അത്ഭുതമാണെന്ന് എയര്‍ടെല്‍ പറയുന്നു.

ഉപയോക്താക്കൾ കുറയുന്നു; ജിയോയുടെ ആരോപണങ്ങള്‍ തള്ളി എയര്‍ടെല്‍
X

ന്യൂഡൽഹി: കര്‍ഷക സമരത്തിന്‍റെ പാശ്ചത്തലത്തില്‍ തങ്ങളുടെ ഉപയോക്താക്കള്‍ കുറയുന്നതും, ആക്രമണങ്ങള്‍ക്കും പിന്നില്‍ ടെലികോം മേഖലയിലെ എതിരാളികളാണെന്ന ജിയോ ആരോപണം തള്ളി എയര്‍ടെല്‍. എയര്‍ടെല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികോമിന് നൽകിയ കത്തിലാണ് ഇത് പറയുന്നത്.

ജിയോയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് എയര്‍ടെല്‍ പറയുന്നു. ജിയോ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഭാരതി എയര്‍ടെല്ലിന്റെ ഇടപെടലിനുള്ള തെളിവുകള്‍ പുറത്തു വിടണമെന്നും അല്ലാത്തപക്ഷം അവരുടെ ആരോപണങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നുമാണ് എയര്‍ടെല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

റിലയന്‍സ് ജിയോ ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിന് ഡിസംബര്‍ 28ന് ഒരു കത്ത് നല്‍കിയിരുന്നു. അതിൻമേലാണ് എതിരാളികള്‍ തങ്ങള്‍ക്കെതിരേ നീക്കം നടത്തുന്നു എന്ന് ആരോപിച്ചത്. ജിയോ പരാതിയെക്കുറിച്ച് തങ്ങള്‍ മനസിലാക്കിയിട്ടുണ്ടെന്നാണ് ടെലികോം സെക്രട്ടറി അന്‍ശു പ്രകാശിനു നല്‍കിയ കത്തില്‍ എയര്‍ടെല്‍ പറയുന്നത്.

കര്‍ഷക പ്രതിഷേധത്തിനു പിന്നില്‍ എയര്‍ടെല്‍ ആണെന്നും, അത് ജിയോയുടെ നെറ്റ്‌വര്‍ക്ക് അട്ടിമറിക്കാന്‍ നടത്തുന്നതാണെന്നും അതുവഴി ജിയോയുടെ വരിക്കാർ എയര്‍ടെല്ലിലേക്ക് എത്തുമെന്നു കരുതി നടത്തുന്നതാണ് എന്നും മറ്റുമുള്ള ആരോപണങ്ങള്‍ മര്യാദാലംഘനമാണെന്ന് എയര്‍ടെലിന്റെ ചീഫ് റെഗുലേറ്ററി ഓഫിസര്‍ നല്‍കിയ കത്തില്‍ പറയുന്നു.

തങ്ങളുടെ ഇടപെടലിലുള്ള ഒരു തെളിവും ജിയോ ഹാജരാക്കിയിട്ടില്ലെന്നതു ശ്രദ്ധിക്കണമെന്നും എയര്‍ടെല്‍ ആവശ്യപ്പെട്ടു. ജിയോ വരിക്കാരെ ബലമായി എയര്‍ടെല്ലിലേക്ക് പോര്‍ട്ടു ചെയ്യിക്കാന്‍ പാകത്തിനുള്ള സര്‍വശക്തരാണ് തങ്ങളെന്ന് ജിയോ വിശ്വസിക്കുന്നു എന്നത് അത്ഭുതമാണെന്ന് എയര്‍ടെല്‍ പറയുന്നു. ജിയോ വളര്‍ന്ന കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ഇത്തരം ഒരു ശക്തി ഉണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ കാണിക്കുമായിരുന്നില്ലെ എന്ന് എയര്‍ടെല്‍ പറയുന്നു.

Next Story

RELATED STORIES

Share it