India

യുപിയില്‍ വിവാഹ ആഘോഷത്തിനിടെ നൃത്തം അവസാനിപ്പിച്ചു; യുവതിയുടെ മുഖത്തേക്ക് അജ്ഞാതന്‍ വെടിയുതിര്‍ത്തു

മുഖത്തിന് ഗുരുതരമായി പരിക്കേറ്റ നര്‍ത്തകിയായ ഹിന (22) എന്ന യുവതിയെ കാണ്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി നൃത്തം നിര്‍ത്തിയതോടെ സദസില്‍നിന്നും മദ്യപന്‍മാരായ യുവാക്കള്‍ ബഹളംവയ്ക്കുകയും അതിലൊരാള്‍ വെടിയുതിര്‍ക്കുകയുമായിരുന്നു.

യുപിയില്‍ വിവാഹ ആഘോഷത്തിനിടെ നൃത്തം അവസാനിപ്പിച്ചു; യുവതിയുടെ മുഖത്തേക്ക് അജ്ഞാതന്‍ വെടിയുതിര്‍ത്തു
X

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ വിവാഹ ആഘോഷത്തിനിടെ നൃത്തം അവസാനിപ്പിച്ചതിനെത്തുടര്‍ന്ന് നര്‍ത്തകിയായ യുവതിയുടെ മുഖത്തേക്ക് വെടിയുതിര്‍ത്തു. മുഖത്തിന് ഗുരുതരമായി പരിക്കേറ്റ നര്‍ത്തകിയായ ഹിന (22) എന്ന യുവതിയെ കാണ്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി നൃത്തം നിര്‍ത്തിയതോടെ സദസില്‍നിന്നും മദ്യപന്‍മാരായ യുവാക്കള്‍ ബഹളംവയ്ക്കുകയും അതിലൊരാള്‍ വെടിയുതിര്‍ക്കുകയുമായിരുന്നു. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ചിത്രക്കൂടില്‍ ഞായറാഴ്ച ഗ്രാമത്തലവനായ സുധീര്‍ സിങ് പട്ടേല്‍ എന്നയാളുടെ മകളുടെ വിവാഹസല്‍ക്കാരത്തിലാണ് സംഭവം നടന്നത്.


ഹിന, നൈന എന്നീ യുവതികളാണ് നൃത്തം ചെയ്തിരുന്നത്. നൃത്തത്തിനിടയില്‍ പാട്ടുനിലച്ചതിനെ തുടര്‍ന്ന് ഇരുവരും അല്‍പനേരം നൃത്തം ചെയ്യുന്നത് നിര്‍ത്തി. തുടര്‍ന്ന് സദസ്സിലിരുന്ന ഒരാള്‍ ഹിനയ്ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. വരന്റെ ബന്ധുക്കളായ മിഥിലേഷ്, അഖിലേഷ് എന്നിവര്‍ക്കും പരിക്കേറ്റു. യുവതിക്ക് വെടിയേല്‍ക്കുന്ന ഒരുമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നൃത്തത്തിനിടെ 'സഹോദരാ വെടിവയ്ക്കൂ' എന്നു വേദിയില്‍നിന്ന് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഗ്രാമത്തലവന്റെ ബന്ധുവാണ് വെടിയുതിര്‍ത്തതെന്ന് സംശയമുണ്ട്.

വരന്റെ ബന്ധുവാണ് സംഭവം പോലിസിനെ അറിയിച്ചത്. പോലിസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. അതേസമയം, വെടിയുതിര്‍ത്തയാളെ പിടികൂടാനായിട്ടില്ല. ഇയാളെ പിടികൂടാനുള്ള ശ്രമം നടക്കുകയാണെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ അങ്കിത് മിത്തല്‍ അറിയിച്ചു. ഹിനയുടെ താടിയ്ക്കാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഹിനയെ ആദ്യം പ്രാഥമികചികില്‍സയ്ക്കായി തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഇവിടെനിന്ന് വിദഗ്ധചികില്‍സയ്ക്കായി ലഖ്‌നോവിലുള്ള സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നതായും സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it