India

ഹാഥ്‌റസ് അറസ്റ്റ്: യുപി സര്‍ക്കാരിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം; പരാജയത്തില്‍നിന്ന് ശ്രദ്ധതിരിക്കാന്‍- പോപുലര്‍ ഫ്രണ്ട്

ക്രമസമാധാനം പൂര്‍ണമായും തകര്‍ന്ന ഉത്തര്‍പ്രദേശ് ഒരു ജംഗിള്‍ രാജായി മാറി. നേരത്തെ യുപിയില്‍ സുരക്ഷിതരല്ലെന്ന് തോന്നിയത് ന്യൂനപക്ഷങ്ങളായിരുന്നു. എന്നാല്‍, ഇപ്പോള്‍ ദലിതരും സ്ത്രീകളും സംസ്ഥാനത്ത് സുരക്ഷിതരല്ല.

ഹാഥ്‌റസ് അറസ്റ്റ്: യുപി സര്‍ക്കാരിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം; പരാജയത്തില്‍നിന്ന് ശ്രദ്ധതിരിക്കാന്‍- പോപുലര്‍ ഫ്രണ്ട്
X

ന്യൂഡല്‍ഹി: ഹാഥ്‌റസ് ഇരയുടെ വീട് സന്ദര്‍ശിക്കാന്‍പോയ മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനെയും മറ്റ് മൂന്നുപേരെയും അറസ്റ്റുചെയ്ത യോഗി സര്‍ക്കാരിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. ഹാഥ്‌റസ് അറസ്റ്റിന്റെ പേരില്‍ പോപുലര്‍ ഫ്രണ്ടിനെതിരേ യുപി സര്‍ക്കാര്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും വസ്തുതകളില്ലാത്ത സെന്‍സേഷനല്‍ വാര്‍ത്തകളുമാണെന്ന് ദേശീയ ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഹാഥ്‌റസ് ബലാല്‍സംഗക്കേസ് കൈകാര്യം ചെയ്യുന്നതില്‍ യുപി സര്‍ക്കാര്‍ നേരിട്ട പരാജയത്തില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് പോപുലര്‍ ഫ്രണ്ടിനെതിരായ പുതിയ ആരോപണങ്ങള്‍.

ക്രമസമാധാനം പൂര്‍ണമായും തകര്‍ന്ന ഉത്തര്‍പ്രദേശ് ഒരു ജംഗിള്‍ രാജായി മാറി. നേരത്തെ യുപിയില്‍ സുരക്ഷിതരല്ലെന്ന് തോന്നിയത് ന്യൂനപക്ഷങ്ങളായിരുന്നു. എന്നാല്‍, ഇപ്പോള്‍ ദലിതരും സ്ത്രീകളും സംസ്ഥാനത്ത് സുരക്ഷിതരല്ല. വര്‍ഗീയസംഘര്‍ഷത്തിന് പ്രേരിപ്പിക്കുന്നതിന് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് പോപുലര്‍ ഫ്രണ്ടിനെ ബന്ധിപ്പിക്കാനുള്ള ശ്രമം തികച്ചും അടിസ്ഥാനരഹിതവും പരിഹാസ്യവുമാണ്. ഇരയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയ ാലുപേരെ അറസ്റ്റുചെയ്തതാണ് സെന്‍സേഷനല്‍ വാര്‍ത്തയായത്.

അറസ്റ്റിലായ നാലുപേരില്‍ രണ്ടുപേര്‍ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളും മറ്റൊരാളായ സിദ്ദീഖ് കപ്പന്‍, പത്രപ്രവര്‍ത്തകനും കേരള യൂനിയന്‍ ഓഫ് വര്‍ക്കിങ് ജേണലിസ്റ്റ് സെക്രട്ടറിയുമാണ്. ഇയാളുടെ അനധികൃത അറസ്റ്റിനെ മാധ്യമപ്രവര്‍ത്തകസംഘം അപലപിക്കുകയും അറസ്റ്റിനെതിരേ സുപ്രിംകോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. ഇരകളുടെ കുടുംബത്തെ കാണാന്‍ യുപിയില്‍ പോവുന്നതുപോലും കുറ്റകരമാണെന്നാണ് ഈ അറസ്റ്റുകള്‍ തെളിയിക്കുന്നത്. അറസ്റ്റിനുശേഷം കോടിക്കണക്കിന് രൂപയുടെ വിദേശധനസഹായം, യോഗി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള അന്താരാഷ്ട്ര ഗൂഢാലോചന തുടങ്ങി പുതിയ കഥകള്‍ പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരില്‍ ആക്രമണം നടത്തിയെന്നാരോപിച്ച് പോപുലര്‍ ഫ്രണ്ട് യുപി സ്റ്റേറ്റ് അഡ്‌ഹോക് കമ്മിറ്റി അംഗങ്ങളെ യുപി പോലിസ് അറസ്റ്റുചെയ്തിരുന്നു. എന്നാല്‍, കോടതി എല്ലാവര്‍ക്കും ജാമ്യം അനുവദിച്ചതോടെ യുപി സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെടുകയാണുണ്ടായതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഡല്‍ഹി കലാപത്തില്‍ പോപുലര്‍ ഫ്രണ്ടിന് പങ്കുണ്ടെന്നാരോപിച്ച് ഡല്‍ഹി പോലിസ് അറസ്റ്റുചെയ്ത രണ്ട് സംസ്ഥാന നേതാക്കളെ ഒരുദിവസത്തിനകം കോടതി വിട്ടയച്ചു. വ്യാജ ആരോപണങ്ങളുന്നയിച്ച് അറസ്റ്റുചെയ്ത ഡല്‍ഹി പോലിസിന് ഇത് വലിയ നാണക്കേടായി.

യുപി സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നയിക്കുന്ന ഭരണസംവിധാനങ്ങളുടെ നിര്‍മിതിയാണ് ഇപ്പോഴത്തെ ആരോപണമെന്ന് അനീസ് അഹമ്മദ് കുറ്റപ്പെടുത്തി. തെളിവുകള്‍ നല്‍കാന്‍ പോലിസിനോട് ആവശ്യപ്പെടുമ്പോള്‍ പരിഹാസ്യവും സാങ്കല്‍പ്പികവുമായ ഇത്തരം പുതിയ ആരോപണങ്ങള്‍ തകരുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ട്. സംഘടനയെ അപകീര്‍ത്തിപ്പെടുത്തിയതിന് ഒരുവിഭാഗം മാധ്യമങ്ങളെയും അദ്ദേഹം കുറ്റപ്പെടുത്തി. നിര്‍ഭാഗ്യവശാല്‍ ആരോപണങ്ങള്‍ വ്യാജമാണെന്ന് തെളിയുമ്പോള്‍ സെന്‍സേഷനല്‍ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ നിശബ്ദരാവുന്നു. ആരോപണങ്ങള്‍ തെളിയിക്കുന്നതില്‍ യുപി പോലിസ് പരാജയപ്പെടുമ്പോള്‍ മാധ്യമങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ പ്രതികരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it