India

കര്‍ണാടക കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ ഒരു മുസ്‌ലിം സ്ത്രീയുടെ പിന്നാലെ നടക്കുന്ന ആളെന്ന് ബിജെപി മന്ത്രി

മുമ്പും വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി അനന്ത് കുമാര്‍ ഹെഗ്‌ഡെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. താജ്മഹല്‍ മുന്‍പ് ശിവക്ഷേത്രമായിരുന്നുവെന്നും നമ്മള്‍ ഇനിയും ഉറങ്ങിയാല്‍ നമ്മുടെ വീടുകള്‍ അവര്‍ മസ്ജിദാക്കുമെന്നായിരുന്നു നേരത്തെ കേന്ദ്രമന്ത്രി പറഞ്ഞത്.

കര്‍ണാടക കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ ഒരു മുസ്‌ലിം സ്ത്രീയുടെ പിന്നാലെ നടക്കുന്ന ആളെന്ന് ബിജെപി മന്ത്രി
X
വീണ്ടും വിവാദ പരാമര്‍ശവുമായി ബിജെപി മന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ. ഒരു മുസ്‌ലിം സ്ത്രീയുടെ പിന്നാലെ നടക്കുന്ന ആളെന്ന നിലയില്‍ മാത്രമേ തനിക്ക് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവുവിനെ അറിയുകയുള്ളൂ എന്ന് കേന്ദ്ര മന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ. താജ്മഹല്‍ ശിവക്ഷേത്രമായിരുന്നുവെന്ന ഹെഗ്‌ഡെയുടെ പ്രസ്താവനയെ ദിനേഷ് ഗുണ്ടു വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയായാണ് ട്വിറ്ററിലൂടെ കോണ്‍ഗ്രസ് നേതാവിനെതിരെ രൂക്ഷ വിമര്‍ശവുമായി ഹെഗ്‌ഡെ രംഗത്തെത്തിയത്. ''നിങ്ങളുടെ ചോദ്യങ്ങള്‍ക്കെല്ലാം ഞാന്‍ മറുപടി നല്‍കാം. പക്ഷേ ഇതെല്ലാം ചോദിക്കാന്‍ നിങ്ങള്‍ ആരാണെന്ന് ആദ്യം പറയൂ. ഒരു മുസ്‌ലിം സ്ത്രീയുടെ പിന്നാലെ നടക്കുന്ന ആളെന്ന നിലയിലേ എനിക്ക് ഇയാളെ അറിയൂ.' മന്ത്രി ട്വീറ്റ് ചെയ്തു.

കേന്ദ്ര മന്ത്രിയെന്ന നിലയിലും എം.പി എന്ന നിലയിലും എന്ത് നേട്ടമാണ് താങ്കള്‍ക്ക് ഉയര്‍ത്തിക്കാട്ടാനുള്ളത് എന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ ചോദ്യം. കര്‍ണാടകയുടെ വികസനത്തിന് വേണ്ടി എന്താണ് ചെയ്തതെന്നും ദിനേഷ് ഗുണ്ടു ചോദിച്ചിരുന്നു.

ഇതിന് മുമ്പും വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി അനന്ത് കുമാര്‍ ഹെഗ്‌ഡെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. താജ്മഹല്‍ മുന്‍പ് ശിവക്ഷേത്രമായിരുന്നുവെന്നും നമ്മള്‍ ഇനിയും ഉറങ്ങിയാല്‍ നമ്മുടെ വീടുകള്‍ അവര്‍ മസ്ജിദാക്കുമെന്നായിരുന്നു നേരത്തെ കേന്ദ്രമന്ത്രി പറഞ്ഞത്. കുടകില്‍ സംഘടിപ്പിച്ച റാലിക്കിടെയായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. ഹിന്ദു പെണ്‍കുട്ടികളെ തൊടുന്നവരുടെ കൈകള്‍ വെട്ടികളയണമെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ ചിന്തകളില്‍ അടിസ്ഥാനപരമായ ഒരു പരിവര്‍ത്തനം അത്യാവശ്യമാണ്. ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് നമ്മള്‍ അറിയണം. ഒരു ഹിന്ദു പെണ്‍കുട്ടിയെ തൊടുന്ന കൈ പിന്നീട് ഉണ്ടാവാന്‍ പാടില്ല. അതിന് മതമോ ജാതിയോ നോക്കേണ്ട ആവശ്യമില്ല. താജ്മഹല്‍ നിര്‍മ്മിച്ചത് മുസ്ലീങ്ങളല്ലെന്നും ചരിത്രമത് വ്യക്തമാക്കുന്നുണ്ടെന്നും പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. ഷാജഹാന്റെ ആത്മകഥയില്‍ അദ്ദേഹം ഈ കൊട്ടാരം ജയസിംഹ രാജാവിന്റെ പക്കല്‍നിന്നും വാങ്ങിയതാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. തേജോ മഹല്യ എന്ന പേരില്‍ പരമതീര്‍ത്ഥ രാജാവ് നിര്‍മ്മിച്ച ശിവ മന്ദിരമായിരുന്നു അത്. അത് പിന്നീട് താജ്മഹല്‍ എന്ന് പേരുമാറ്റിയതാണ്. നമ്മളിനിയും ഉറങ്ങുകയാണെങ്കില്‍ നമ്മുടെ വീടുകളെ അവര്‍ മസ്ജിദെന്ന് പേരുമാറ്റി വിളിക്കും. നമ്മുടെ ദൈവമായ രാമനെ ജഹന്‍പാന എന്നും സീതാ ദേവിയെ ബീബിയെന്നും വിളിക്കും, മന്ത്രി കൂട്ടിച്ചേര്‍ത്തു.

ശബരിമല വിഷയത്തിലും ഹെഗ്‌ഡെ വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു. കേരളസര്‍ക്കാരിന്റെ നിലപാട് ഹിന്ദുക്കളെ പകല്‍വെളിച്ചത്തില്‍ ബലാത്സംഗം ചെയ്യുന്നത് പോലെയാണെന്നായിരുന്നു ഹെഗ്‌ഡെ പറഞ്ഞത്. പിണറായി സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്നും ജനങ്ങളുടെ വിശ്വാസത്തെ തകര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നുമായിരുന്നു മന്ത്രിയുടെ വാദം. 2017ലാണ് ഹെഗ്‌ഡെ, തന്റെ പാര്‍ട്ടിയായ ബിജെപി ഭരണഘടന തിരത്തുമെന്ന പ്രസ്താവന നടത്തിയത്. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. മതേതരം എന്ന വാക്ക് ഭരണഘടനയിലുണ്ടെന്ന് കാണിച്ചായിരുന്നു ഹെഗ്‌ഡെ ഇത് തിരുത്തുമെന്ന് വാദിച്ചത്.

Next Story

RELATED STORIES

Share it