India

യുഎപിഎ: ആനന്ദ് തെല്‍തുംബ്‌ഡെയ്ക്കു വേണ്ടി രാജ്യവ്യാപക പ്രതിഷേധം

അതേസമയം, കേസ് പോലിസ് കെട്ടിച്ചമച്ചതാണെന്നും വിചാരണയില്ലാതെ ദീര്‍ഘകാലം ജയിലിലടയ്ക്കാനാണ് ശ്രമമെന്നും അറസ്റ്റ് ഒഴിവാക്കാന്‍ എല്ലാവരും പിന്തുണയ്ക്കണമെന്നും തെല്‍തുംബ്‌ഡെ തുറന്ന കത്തില്‍ ആവശ്യപ്പെട്ടു.

യുഎപിഎ: ആനന്ദ് തെല്‍തുംബ്‌ഡെയ്ക്കു വേണ്ടി രാജ്യവ്യാപക പ്രതിഷേധം
X

ന്യൂഡല്‍ഹി: പ്രമുഖ ദലത് ചിന്തകനും എഴുത്തുകാരനുമായ ഡോ. ആനന്ദ് തെല്‍തുംബ്‌ഡെക്കെതിരേ പൂനെ പോലിസ് യുഎപിഎ പ്രകാരം കേസെടുത്തതില്‍ രാജ്യവ്യാപക പ്രതിഷേധമുയരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നിന് പൂനെയിലെ ഭീമ കൊറേഗാവിലുണ്ടായ സംഘര്‍ഷത്തിന്റെ പേരിലാണ് ഇപ്പോള്‍ തെല്‍തുംബ്‌ഡെയ്‌ക്കെതിരേ യുഎപിഎ ചുമത്തിയത്. ഗോവ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ സീനിയര്‍ പ്രഫസറായ ഇദ്ദേഹത്തിനെതിരേ ഊമക്കത്തുകളുടെ അടിസ്ഥാനത്തിലാണ് ജനവിരുദ്ധ നിയമമായ യുഎപിഎ ചുമത്തിയതെന്നതും ശ്രദ്ധേയമാണ്. അതേസമയം, തെല്‍തുംബ്‌ഡെയെ ഉടന്‍ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി ഒപ്പുശേഖരണം ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. അന്താരാഷ്ട്രതലത്തിലും വിവിധ സംഘടനകള്‍ ഇതേ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഭീമാ കൊറേഗാവ് ദിനാചരണ ഭാഗമായി നടത്തിയ പരിപാടിയിലുണ്ടായ സംഘര്‍ഷത്തിന്റെ മറവില്‍ ബിജെപി സര്‍ക്കാര്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെയും അഭിഭാഷകരെയും സാമൂഹിക പ്രവര്‍ത്തകരെയും വേട്ടയാടുന്നതിന്റെ തുടര്‍ച്ചയാണിത്. എഫ്‌ഐആര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാജ്യവ്യാപകമായി ഒപ്പുശേഖരണം നടക്കുന്നത്.

200 വര്‍ഷം മുമ്പ് പേഷ്വാ ബാജിറാവു രണ്ടാമനെതിരേ നേടിയ കൊറേഗാവ് യുദ്ധവിജയത്തെ ദലിതരുടെ ആത്മാഭിമാനത്തിന്റെ വീണ്ടെടുക്കലായി പ്രഖ്യാപിച്ചാണ് കഴിഞ്ഞവര്‍ഷം ജനുവരി ഒന്നിനു എല്‍ഗര്‍ പരിഷത്ത് എന്ന സംഗമം സംഘടിപ്പിച്ചത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെ പേരിലാണ് പ്രഫ. സുധ ഭരദ്വാജ്, ഗൗതം നവ്‌ലാഖ, അരുണ്‍ ഫെരേര, പ്രഫ. സത്യനാരായണ, വിപ്ലവ കവി വരവര റാവു, സ്റ്റാന്‍ സ്വാമി, വെര്‍ണന്‍ ഗൊണ്‍സാലസ് തുടങ്ങിയവര്‍ക്കെതിരേ കേസെടുത്തത്. ഇവരുടെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ അഞ്ച് കത്തുകള്‍ കണ്ടെത്തിയെന്നും ഇതില്‍ 'സ ആനന്ദ്', 'ആനന്ദ് ടി', 'ആനന്ദ്' തുടങ്ങിയ പേരുകള്‍ പരാമര്‍ശിച്ചത് ആനന്ദ് തെല്‍തുംബ്‌ഡെയെയാണെന്നു പറഞ്ഞാണ് ഇപ്പോള്‍ ഇദ്ദേഹത്തിനെതിരേ യുഎപിഎ ചുമത്തിയത്. കത്തുകളൊന്നും തെല്‍തുംബ്‌ഡെയുടെ വീട്ടില്‍നിന്ന് കണ്ടെടുത്തതല്ല.അതേസമയം, കേസ് പോലിസ് കെട്ടിച്ചമച്ചതാണെന്നും വിചാരണയില്ലാതെ ദീര്‍ഘകാലം ജയിലിലടയ്ക്കാനാണ് ശ്രമമെന്നും അറസ്റ്റ് ഒഴിവാക്കാന്‍ എല്ലാവരും പിന്തുണയ്ക്കണമെന്നും തെല്‍തുംബ്‌ഡെ തുറന്ന കത്തില്‍ ആവശ്യപ്പെട്ടു.

അമേരിക്ക, ആസ്‌ട്രേലിയ, ഒമാന്‍, യുഎഇ, ഖത്തര്‍, ജപ്പാന്‍, സിംഗപ്പൂര്‍, ബ്രൂണെ, മലേസ്യ, ഇന്ത്യ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അംബേദ്കര്‍ ഇന്റര്‍നാഷനല്‍ മിഷന്‍(എഐഎം), അംബേദ്കര്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഏഷ്യ(എഎഎന്‍എ-യുഎസ്എ), അംബേദ്കര്‍ ഇന്റര്‍നാഷനല്‍ സെന്റര്‍(എഐസി-യുഎസ്എ), ബോസ്റ്റണ്‍ സ്റ്റഡി ഗ്രൂപ്പ്(യുഎസ്എ), അംബേദ്കറൈറ്റ് ബുദ്ധിസ്റ്റ് അസോസിയേഷന്‍ ഓഫ് ടെക്‌സസ്(എബിഎടി), യുഎസ്എ ഗുരു രവിദാസ് സഭ, അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍(യുഎസ്എ), ഇന്ത്യ സിവില്‍ വാച്ച്-യുഎസ്എ, കാനഡ, സൗത്ത് ഏഷ്യന്‍ നെറ്റ് വര്‍ക്ക് ഫോര്‍ സെക്കുലറിസം ആന്റ് ഡമോക്രസി(സന്‍സദ്-കാനഡ), ഡോ. ബാബാ സാഹേബ് അംബേദ്കര്‍ ഇന്റര്‍നാഷനല്‍ അസോസിയേഷന്‍ ഫോര്‍ എജ്യുക്കേഷന്‍, ജപ്പാന്‍ അംബേദ്കര്‍ മിഷന്‍-കാനഡ, ഇന്റര്‍നാഷനല്‍ കമ്മീഷന്‍സ് ഫോര്‍ ദലിത് റൈറ്റ്‌സ്-യുഎസ്എ തുടങ്ങിയ സംഘടനകള്‍ നിവേദനത്തില്‍ ഒപ്പിട്ടിട്ടുണ്ട്.




Next Story

RELATED STORIES

Share it