India

ഹരിയാനയില്‍ കോണ്‍ഗ്രസിന് ഊര്‍ജ്ജം; ഐഎന്‍എല്‍ഡി നേതാക്കള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഓംപ്രകാശ് ചൗട്ടാലയുടെ പാര്‍ട്ടിയില്‍പ്പെട്ട മുന്‍ എംപിമാരായ ചരണ്‍ജീത് സിങ് റോറിയും സുശീല്‍ കുമാര്‍ ഇന്‍ഡോറയും കോണ്‍ഗ്രസിലെത്തിയത്.

ഹരിയാനയില്‍ കോണ്‍ഗ്രസിന് ഊര്‍ജ്ജം; ഐഎന്‍എല്‍ഡി നേതാക്കള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു
X

ചണ്ഡീഗഢ്: ഹരിയാനയില്‍ ഇന്ത്യന്‍ നാഷണല്‍ ലോക്ദളിലെ (ഐഎന്‍എല്‍ഡി) രണ്ടു മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഓംപ്രകാശ് ചൗട്ടാലയുടെ പാര്‍ട്ടിയില്‍പ്പെട്ട മുന്‍ എംപിമാരായ ചരണ്‍ജീത് സിങ് റോറിയും സുശീല്‍ കുമാര്‍ ഇന്‍ഡോറയും കോണ്‍ഗ്രസിലെത്തിയത്.

കോണ്‍ഗ്രസിന്റെ സംസ്ഥാനാധ്യക്ഷ കുമാരി ഷെല്‍ജയുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടിപ്രവേശം. സിര്‍സയില്‍ നിന്നു കഴിഞ്ഞതവണ എംപിയായിരുന്നു റോറി. 1998 മുതല്‍ 2004 വരെ ഇന്‍ഡോറയായിരുന്നു ഈ മണ്ഡലത്തില്‍ നിന്നുള്ള എംപി.

2009ലും 2014ലും സിര്‍സയില്‍ നിന്നു മത്സരിച്ചു പരാജയപ്പെട്ട മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് തന്‍വാര്‍ കോണ്‍ഗ്രസില്‍ നിന്നു രാജിവച്ച ഉടന്‍ തന്നെയാണ് റോറിയുടെ പാര്‍ട്ടിപ്രവേശം. ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് അധികാരം പിടിച്ചെടുക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ ഒരു പരാജയമായിരുന്നെന്നും റോറി പറഞ്ഞു.

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സുനിതാ ദഗ്ഗലിനോട് 626,258 വോട്ടിനാണ് റോറി പരാജയപ്പെട്ടത്. 2014ല്‍ തന്‍വാറിനെ 115,736 വോട്ടുകള്‍ക്ക് അദ്ദേഹം പരാജയപ്പെടുത്തിയിരുന്നു.

ഹരിയാന ബിജെപിയുടെ പക്കല്‍ നിന്നു പിടിച്ചെടുക്കാന്‍ ശ്രമം നടത്തുന്ന കോണ്‍ഗ്രസിന് ഇരുനേതാക്കളും പാര്‍ട്ടിയിലെത്തിയത് ഊര്‍ജമാകും. ഐഎന്‍എല്‍ഡിയുമായി സഖ്യത്തിലെത്താന്‍ ശ്രമിച്ചിരുന്നെങ്കിലും തുടര്‍ചര്‍ച്ചകളുമായി മുന്നോട്ടുപോകാന്‍ കോണ്‍ഗ്രസിനായിരുന്നില്ല.

Next Story

RELATED STORIES

Share it